Flash News

കുട്ടികളുടെ മാനസികാഘാതം കുറയ്ക്കാന്‍ പദ്ധതികളുമായി ചൈല്‍ഡ് ലൈന്‍

കുട്ടികളുടെ മാനസികാഘാതം കുറയ്ക്കാന്‍ പദ്ധതികളുമായി ചൈല്‍ഡ് ലൈന്‍
X
പാലക്കാട്: പ്രളയാനന്തര കേരളത്തിലെ കുട്ടികളുടെ മാനസിക നില മെച്ചപ്പെടുത്തുന്നതിന് വനിതാ ശിശു വികസന വകുപ്പിന് കീഴിലെ ശിശു സംരക്ഷണ യൂണിറ്റ് യൂനിസെഫുമായി ചേര്‍ന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. പ്രളയം ബാധിച്ചതിന്റെ തോതനുസരിച്ച് പാലക്കാട് ജില്ലയെ കാറ്റഗറി മൂന്നിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ തിരഞ്ഞെടുത്ത 10 പഞ്ചായത്തുകളില്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനത്തില്‍ കലാ കായിക പ്രവര്‍ത്തനങ്ങള്‍ നടത്തും. ശിശുദിനത്തോടനുബന്ധിച്ച് ഓരോ പഞ്ചായത്തിലെയും 10 പൊതുസ്ഥലങ്ങളില്‍ ശിശുസൗഹൃദ ചുമര്‍ചിത്രങ്ങള്‍ വരയ്ക്കും. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ജില്ലാ ശിശു സംരക്ഷണ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.


വിദ്യാര്‍ഥികളെ കയറ്റാത്ത ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് യോഗത്തില്‍ പൊലീസ് അറിയിച്ചു. രണ്ട് ബസുകള്‍ക്കെതിരെ ഇത്തരത്തില്‍ നടപടിയെടുത്തിട്ടുണ്ട്. പൊലീസ് മഫ്തിയില്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. കൂടാതെ പിങ്ക് പൊലീസിന്റെ സേവനം എല്ലായ്‌പ്പോഴും ലഭ്യമാണ്. ലഹരി ഉപയോഗത്തിനെതിരെ സ്‌കൂളുകളില്‍ അധ്യാപകരുടെ സ്‌ക്വാഡ് രൂപീകരിക്കാനും രക്ഷിതാക്കള്‍ക്ക് ഇത് സംബന്ധിച്ച് ബോധവല്‍ക്കരണം നടത്താനും വിദ്യാഭ്യാസവകുപ്പിന് നിര്‍ദ്ദേശം നല്‍കി. കുട്ടികളെ മത, രാഷ്ട്രീയ ഘോഷയാത്രകളില്‍ രാവിലെ 9.30നും 4.30 നും ഇടയില്‍ പങ്കെടുപ്പിക്കുന്നവര്‍ കുട്ടികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കി നിബന്ധനകള്‍ പാലിച്ചായിരിക്കണം പങ്കെടുപ്പിക്കേണ്ടത്. അല്ലാത്തപക്ഷം കര്‍ശന നടപടി ഉണ്ടാകും. സ്‌കൂളില്‍ നിന്നും കൊഴിഞ്ഞുപോകുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി രക്ഷിക്കാന്‍ കഴിഞ്ഞതായി യോഗം അറിയിച്ചു. ഇത്തരത്തില്‍ കണ്ടെത്തിയ പന്ത്രണ്ടോളം കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങിയതായി ചെല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പരിശീലനം, അഡോപ്ഷന്‍ ഫോസ്റ്റര്‍ കെയര്‍ ബോധവല്‍ക്കരണം, ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് പരിശീലനം എന്നിവ നല്‍കും. ചൈല്‍ഡ് ലൈനിന്റെ കഴിഞ്ഞ മൂന്ന് മാസത്തെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടിന്റെ ന്യൂസ് ലെറ്റര്‍ യോഗത്തില്‍ പ്രകാശനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ എ.ഡി.എം. ടി. വിജയന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ. ആനന്ദന്‍, മുനിസിപ്പല്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി, ബ്ലോക്ക് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി, വിവിധ വകുപ്പുദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it