|    Dec 10 Mon, 2018 9:29 am
FLASH NEWS
Home   >  Kerala   >  

വാര്‍ത്താവിന്യാസം ആരെ സഹായിക്കുമെന്നത് മാധ്യമങ്ങള്‍ ഓര്‍ക്കണം: മുഖ്യമന്ത്രി

Published : 19th November 2018 | Posted By: basheer pamburuthi

കോഴിക്കോട്: കേരളത്തെ പിന്നോട്ടു നയിക്കാന്‍ ശ്രമിക്കുന്നവരെ സഹായിക്കുന്ന വാര്‍ത്താവിന്യാസം ആരെ സഹായിക്കുമെന്നത് മാധ്യമങ്ങള്‍ ഓര്‍ക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരള പത്രപ്രവര്‍ത്തക യൂനിയന്‍(കെയുഡബ്ല്യുജെ) 55ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക മാറ്റത്തിനായി നിലകൊണ്ട മാധ്യമങ്ങള്‍ അതേപങ്ക് ഇപ്പോള്‍ വഹിക്കുന്നുണ്ടോയെന്നതു ആത്മപരിശോധന നടത്തണം. കേരളത്തെ ഇരുണ്ട യുഗത്തിലേക്കു കൊണ്ടുപോവാനാണ് ചിലര്‍ ശ്രമിക്കുന്നത്. ആചാരം മാറിയാല്‍ എന്തോ സംഭവിക്കുമെന്നാണ് ചിലര്‍ കരുതുന്നത്.
സര്‍ക്കാര്‍ എന്നും ഇന്നും വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് യാതൊരു പിടിവാശിയില്ല. സംഘര്‍ഷമുണ്ടാക്കാന്‍ മനപൂര്‍വം ചിലര്‍ വരുമ്പോള്‍ അതിനു കൂട്ടുനില്‍ക്കാനാവില്ല.
നമ്മുടെ നാടിന്റെ നവോത്ഥാന പിന്തുടര്‍ച്ച നശിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ശബരിമലയില്‍ ഭക്തരെ അറസ്റ്റു ചെയ്തു എന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഇത് ശരിയാണോയെന്ന് പരിശോധിക്കണം. മനപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാന്‍ എത്തിയവരാണ് ഇവര്‍. കേരളത്തെ ഇരുണ്ട കാലത്തേക്ക് നയിക്കാന്‍ വരുന്നവര്‍ക്കൊപ്പം മാധ്യമങ്ങള്‍ നില്‍ക്കരുത്. വാര്‍ത്തകള്‍ എന്തിനെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് ചിന്തിക്കണം. വാര്‍ത്ത വാര്‍ത്തയായി കൊടുക്കല്‍ മാത്രമല്ല. ഇതിന്റെ പിന്നിലുള്ള ഉദ്ദേശവും സന്ദേശവും പ്രധാനമാണ്. ശബരിമലയില്‍ ഇന്നലെ സന്നിധാനത്ത് ഭക്തരെ അറസ്റ്റ് ചെയ്തു എന്ന് വാര്‍ത്ത കണ്ടു. അത് ബോധപൂര്‍വം കൊടുക്കാന്‍ പറ്റുന്ന ഒരു രീതിയാണ്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ആര്‍എസ്എസ്-ബിജെപി സംഘത്തിന്റെ ഭാഗമായി ചിലര്‍ അവിടെ എത്തിയിരുന്നു. ഉദ്ദേശം സന്നിധാനം സംഘര്‍ഷഭരിതമാക്കുക. സന്നിധാനത്ത് എത്തിപ്പെടുന്ന അയ്യപ്പഭകതര്‍ക്ക് സമാധാനത്തോടെ ശാന്തിയോടെ ദര്‍ശനം നടത്താന്‍ കഴിയണം. അതിന്റെ ഭാഗമായി കുഴപ്പം കാണിക്കാന്‍ തയ്യാറായി വരുന്നവര്‍ അത് കാണിക്കും. ചിത്തിര ആട്ട വിശേഷ ഘട്ടത്തിലും മലയാളമാസം 1 മുതല്‍ 5 വരെയും അവിടെ നടന്ന സംഭവങ്ങള്‍ ഉണ്ടല്ലോ?. ആരാണ് കുഴപ്പങ്ങള്‍ കാണിക്കുന്നത് എന്നും സമൂഹത്തിന് അറിയാം. കേരളം ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നതിന് ഒരു കൂട്ടരൊഴികെ എല്ലാവര്‍ക്കും പങ്കുണ്ട്. ആ കൂട്ടര്‍ ചാതുര്‍വര്‍ണ്യത്തിലാണ് വിശ്വസിച്ചിരുന്നത്. കേരളത്തെ വീണ്ടും അതേ കാലത്തേക്കു കൊണ്ടുപോവാനാണ് ഒരു കൂട്ടര്‍ ശ്രമിക്കുന്നത്. ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ് പദ്ധതിയിട്ടിരുന്നു. കേരളത്തെ അപമാനിക്കാന്‍ മുമ്പും നീക്കം നടന്നിട്ടുണ്ട്. അതിനു വഴങ്ങുന്നവരല്ല മലയാളികള്‍. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സംഘപരിവാര സംഘടനകളുടെ പ്രതിഷേധ ഭീഷണി കാരണം കനത്ത പോലിസ് പരിശോധനയിലാണ് സമ്മേളനം നടന്നത്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ മുഖ്യമന്ത്രി കാറില്‍ യാത്രതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ, കാറിനുമുന്നിലേക്ക് ചാടിവീണ ബിജെപി പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു.
മുഖ്യമന്ത്രിയുടെയും അകമ്പടി വാഹനത്തിന്റെയും മുന്നിലേക്കാണ് പ്രതിഷേധവുമായി നാമജപങ്ങളുമായി എടുത്തുചാടാന്‍ ശ്രമിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss