|    Dec 15 Sat, 2018 12:44 am
FLASH NEWS
Home   >  Kerala   >  

ശബരിമലയില്‍ 144 പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

Published : 21st November 2018 | Posted By: afsal ph

 


തിരുവനന്തപുരം: ശബരിമലയില്‍ സി.ആര്‍.പി.സി 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കുകയും അവിടെ സമാധാനവും ശാന്തിയും പുനസ്ഥാപിക്കുകയും ചെയ്യുന്നതിന് അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണ്ണര്‍ പി. സദാശിവത്തിന് നിവേദനം നല്‍കി.
ലോകത്തിലെ തന്നെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ 16000 ത്തോളം പൊലീസുകാരെ വിന്യസിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഭീകരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഇത് ഭക്തര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വിവരണാതീതമാണ്. ആര്‍ എസ് എസ്, ബി.ജെ.പി, സംഘപരിവാര്‍ ശക്തികള്‍ക്ക് മുതലെടുപ്പിന് അവസരം സൃഷ്ടിച്ചു നല്‍കിയ സര്‍ക്കാര്‍ അവര്‍ അഴിച്ചുവിടുന്ന അക്രമങ്ങളുടേ പേരില്‍ ദര്‍ശനത്തിനെത്തുന്ന ലക്ഷണക്കിന് ഭക്തരെ ശിക്ഷിക്കേണ്ട കാര്യമില്ലന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നാല്‍പ്പത്തിയൊന്ന് ദിവസം വൃതം നോറ്റ് എത്തുന്ന അയ്യപ്പ ഭക്തരെ ഭീകര പ്രവര്‍ത്തകരെപോലെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിവേകശൂന്യമായ നടപടിയാണ് ശബരിമലയില്‍ ഇന്നത്തെ പ്രതിസന്ധിക്ക് പിന്നിലുള്ളതെന്നും രമേശ് ചെന്നിത്തല നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായാണ് 144 പ്രഖ്യാപിക്കുന്നത്. അതു കൊണ്ട് ഭക്തജനങ്ങള്‍ക്ക് സന്നിധാനത്ത് പ്രവേശിക്കാനോ ദര്‍ശനം നടത്താനോ കഴിയാതെ വന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അഞ്ച് ലക്ഷം ഭക്തര്‍ എത്തിയ സ്ഥലത്ത് ഇത്തവണ കേവലം 74,000 ഭക്തരെ ദര്‍ശനം നടത്താന്‍ എത്തിയുള്ളുവെന്നത് ഇതിന്റെ സൂചനയാണ്. മൂംബൈയില്‍ നിന്നെത്തിയ 110 ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയാതെ പോയത് ഉദാഹരണമാണ്.
ശബരിമലയിലെ കാര്യങ്ങള്‍ തിരുമാനിക്കേണ്ടതും, നടപ്പാക്കേണ്ടതും ഭരണഘടനാ സ്ഥാപനമായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്. എന്നാല്‍ ദേവസ്വം ബോര്‍ഡിനെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ ബോര്‍ഡിന്റെ ഭരണം കവര്‍ന്നെടുത്തിരിക്കുകയാണ്.

ഗവര്‍ണ്ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ച വസ്തുതകള്‍ ഇവയാണ്.

1. പ്രളയത്തിന് ശേഷം ശബരിമലയിലേക്കുള്ള പ്രധാന റോഡുകള്‍ എല്ലാം തകര്‍ന്നിരിക്കുകയാണ്. ശബരിമലയിലേക്കുള്ള പ്രധാന റോഡുകളായ പുനലൂര്‍, മൂവാറ്റുപുഴ, മണ്ണാര്‍കലഞ്ഞി, ചാലക്കയം തുടങ്ങിയവയെല്ലാം തകര്‍ന്നത് കൊണ്ട് കനത്ത ട്രാഫിക് ബ്‌ളോക്കാണ് ഉണ്ടാകുന്നത്.

2. പമ്പയിലും, ശബരിമലയിലെ മറ്റിടങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഭക്ഷണവും കിട്ടാനില്ല.

3. പ്രളയം തകര്‍ത്തെറിഞ്ഞ പമ്പാതീരത്ത് താല്‍ക്കാലികമായി പണിതുയര്‍ത്തിയ ഷെഡ്ഡുകള്‍ അപകടവസ്ഥയിലാണ്. വലിയ മഴ വന്നാല്‍ അവയെല്ലാം തകര്‍ന്ന് വീഴും.

4. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ശൗചാലയങ്ങളുടെയും കുറവ് രൂക്ഷമാണ്. ആശുപത്രി സൗകര്യങ്ങളും ഇല്ല. അസുഖം ബാധിക്കുന്നവര്‍ക്ക് പ്രാഥമിക ചികല്‍സ നല്‍കാനുള്ള സംവിധാനം പോലുമില്ല.

5. പ്രളയത്തില്‍ തകര്‍ന്ന ശൗചാലയങ്ങള്‍ ഇതുവരെ പുന:സ്ഥാപിക്കാത്തതു കൊണ്ട് ശബരിമലയില്‍ ഗുരുതരമായ പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ട്. ഇത് അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്

6. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ഭക്തര്‍ക്ക് മതിയായ വിശ്രമ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരിക്കിയിട്ടില്ല. പൊലീസുകാര്‍ക്കും കെ എസ് ആര്‍ ടി ഉദ്യേഗസ്ഥര്‍ക്കും പോലും വിശ്രമ സൗകര്യങ്ങളോ ശൗചാലയങ്ങളോ ഇല്ല.

7. ഭക്തര്‍ക്ക് പുതുതായി ഏര്‍പ്പെടുത്തിയ ക്യു സമ്പ്രദായം ഭക്തജനങ്ങളെ വല്ലാതെ വലയ്ക്കുന്നു. ആദ്യം നിലക്കല്‍ ഭക്തരെ തടയുകയും അവിടെ നിന്ന് പമ്പയിലേക്ക് ബസില്‍ എത്തിക്കുകയും, അവിടെ നിന്ന് കര്‍ശനമായ പരിശോധനകളോടെ മല കയറ്റുകയും ചെയ്യുന്നു. സന്നിധാനത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കര്‍ശനമായ മെറ്റല്‍ ഡിക്റ്ററ്റര്‍ പരിശോനകളിലൂടെ കടന്ന് പോകേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ടാണ് ഭക്തര്‍ക്കുണ്ടാക്കുന്നത്.

8. പൊലീസിന്റെ ദയാദാക്ഷണ്യത്തില്‍ മാത്രമെ ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയുന്നുള്ളു.

10. 144 പ്രഖ്യാപിച്ചത് കൊണ്ട് 11 മണിക്ക് ശേഷം ഭക്തര്‍ക്ക് അവിടെ തുടരാന്‍ കഴിയാത്ത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഏറ്റവും പവിത്രമായ നെയ്യഭിഷേകം നടത്തുന്നത് ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നു. കിലോമീറ്ററുകളോളം താഴേക്ക് ഇറങ്ങിയാല്‍ മാത്രമേ ഭക്തര്‍ക്ക് രാത്രി തങ്ങാന്‍ കഴിയു എന്ന അവസ്ഥയുണ്ടായിരിക്കുകയാണ്. മാത്രമല്ല വാവര്‍ സ്വാമയുടെ അമ്പലത്തിലേക്കുള്ള വഴിയും പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ്. അവിടെയും വിരി വയ്ക്കാന്‍ അനുവദിക്കുന്നില്ല.

11. സബരിമലയിലെ പ്രസാദമായ അപ്പവും അരവണയും കിട്ടുന്നതിനും ബുദ്ധിമുട്ടാണ്.

12. സദാ ഹെലികോപ്റ്റര്‍ സന്നിധാനത്ത് ചുറ്റിപ്പറക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. ഭക്തരില്‍ഭയത്തിന്റെ അന്തരീക്ഷമാണ് ഇത് സൃഷ്ടിക്കുന്നത്.

13. നിലയ്ക്കലിലും പമ്പയിലും കടകള്‍ സമയബന്ധിതിമായി ലേലം വിളിച്ച് നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞില്ല. ഇത് കാരണം ബോര്‍ഡിന് വരുമാന നഷ്ടമുണ്ടായി എന്ന് മാത്രമല്ല ഭക്തര്‍ക്ക് ആവശ്യവസ്തുക്കള്‍ കിട്ടാത്ത അവസ്ഥയുമുണ്ടായി.

കെ.പി.സി.സി നിര്‍ദ്ദേശ പ്രകാരം ശബരിമല സന്ദര്‍ശനം നടത്തി പ്രശ്‌നങ്ങള്‍ പഠിച്ച് മുന്‍മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, വി.എസ്.ശിവകുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വസ്തുതകളും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ള യു.ഡി.എഫ് നേതാക്കള്‍ നിലയ്ക്കലും പമ്പയും സന്ദര്‍ശിച്ചപ്പോള്‍ ബോദ്ധ്യപ്പെട്ട വസ്തുതകളും ക്രോഡീകരിച്ചാണ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss