|    Dec 13 Thu, 2018 7:16 pm
FLASH NEWS
Home   >  Kerala   >  

പ്രളയത്തിന് 100 ദിവസം തികയുമ്പോഴും പുനര്‍സൃഷ്ടിയെക്കുറിച്ച് രൂപരേഖ പോലും തയ്യാറായില്ലെന്ന് രമേശ് ചെന്നിത്തല

Published : 25th November 2018 | Posted By: G.A.G

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ അടിത്തറ തകര്‍ത്ത മഹാപ്രളയം ഉണ്ടായിട്ട് 100 ദിവസം തികയുമ്പോഴും പ്രഖ്യാപിക്കപ്പെട്ട പുനര്‍സൃഷ്ടിയെക്കുറിച്ച് രൂപരേഖ തയ്യാറാക്കാതെ നില്‍ക്കുകയാണ് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുനര്‍സൃഷ്ടി പോയിട്ട് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍പ്പോലും സര്‍ക്കാര്‍ എങ്ങും എത്തിയില്ലെന്നും ഈ പരാജയം മൂടിവയ്ക്കാനാണ് കേന്ദ്രത്തില്‍ നിന്ന് തുക നല്‍കിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യമെടുത്തതെന്നും ചെന്നിത്തല ആരോപിച്ചു. പ്രളയത്തില്‍ നിന്ന് സംസ്ഥാനത്തെ കൈപിടിച്ചു കയറ്റുന്നതില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പ്രളയ ദുരിതത്തില്‍നിന്ന് സംസ്ഥാനത്തെ രക്ഷിക്കുന്നത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ദയനീമായി പരാജയപ്പെട്ടു.
5.9 ലക്ഷംപേര്‍ക്ക് 10,000 രൂപ വച്ചു നല്‍കിയെന്നാണ് ഏറ്റവും ഒടുവിലത്തെ സര്‍ക്കാരിന്റെ കണക്ക്. ഇനിയും വളരെ വലിയൊരു വിഭാഗത്തിന് തുക കിട്ടാനുണ്ട്. വീട്ടില്‍നിന്ന് ചെളി കഴുകിക്കളഞ്ഞ് അകത്തുകടന്ന് താമസം തുടങ്ങാനുള്ള 10,000 രൂപയാണ് രണ്ടുമൂന്നും മാസം കഴിഞ്ഞ് കിട്ടുന്നത്.അത്രയ്ക്കാണ് സര്‍ക്കാരിന്റെ കാര്യക്ഷമത.വന്‍ പരാതിയാണ് 10,000 രൂപയുടെ വിതരണത്തിലുണ്ടായത്. സി.പി.എം. പ്രാദേശിക നേതാക്കള്‍ക്ക് താത്പര്യമുള്ളവര്‍ക്കാണ് തുക മിക്കവാറും കിട്ടിയത്. അര്‍ഹരായവര്‍ തടയപ്പെട്ടു. വീട്ടില്‍ വെള്ളം കയറാത്ത ഒരു മുന്‍ സി.പി.എം. എം.എല്‍.എ.യ്ക്ക് പോലും കിട്ടി 10,000 രൂപ.
പ്രളയം കഴിഞ്ഞപ്പോള്‍ വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും പിശുക്ക് കാണിച്ചില്ല. 30.8.2018 ലെ മന്ത്രിസഭായോഗം ഒട്ടനവധി പ്രഖ്യാപനങ്ങള്‍ നടത്തി. അവ മിക്കവയും പതിരായിപ്പോയി.ചെറുകിട കച്ചവടക്കാര്‍ പത്തുലക്ഷം രൂപ വരെ ബാങ്കുകളില്‍നിന്ന് വായ്പ നല്‍കാന്‍ തീരുമാനിച്ചു. ഒരു ബാങ്കും വായ്പ നല്‍കിയില്ല. പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് 1 ലക്ഷം രൂപ വരെ ബാങ്കുകളില്‍നിന്ന് വായ്പ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി ബാങ്കുകളുടെ കണ്‍സോഷ്യം ഉണ്ടാക്കുമെന്നും പറഞ്ഞു. അതുണ്ടായില്ല.
വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് വാങ്ങാന്‍ കുടുംബശ്രീ വഴി ധനസഹായത്തിന് അപേക്ഷ നല്‍കിയവര്‍ 1,42,107 പേര്‍. വായ്പ നല്‍കിയത് 38,441 പേര്‍ക്ക്.
പ്രളയംമൂലം സംസ്ഥാനത്ത് 56439 ഹെക്ടര്‍ കൃഷി നശിച്ചു എന്നാണ് കണക്ക്. നഷ്ടം 1345 കോടി. 233.84 കോടി രൂപയുടെ കാര്‍ഷിക ഇടപെടല്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കാര്യമായി ഒന്നും ഇതുവരെ നടന്നില്ല. കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുമെന്ന് തീരുമാനുണ്ടായി. ഇത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് കഴിഞ്ഞമാസം ഇറങ്ങിയെങ്കിലും നടപ്പായിട്ടില്ല. ബാങ്കുകള്‍ ഇപ്പോഴും ജപ്തി നോട്ടീസുകള്‍ അയയ്ക്കുന്നു. കര്‍ഷക ആത്മഹത്യകള്‍ വീണ്ടും ഉണ്ടാകാനുള്ള സാദ്ധ്യത വര്‍ദ്ധിക്കുന്നു.
പ്രളയം കാരണം കൃഷി നശിച്ച കര്‍ഷകര്‍ക്ക് വീണ്ടും കൃഷി ഇറക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍. കൃഷി ഭൂമി കൃഷി യോഗ്യമല്ലാതായിമാറി. കുട്ടനാട് മേഖലയില്‍ 1.5 സെന്റീമീറ്റര്‍ മുതല്‍ 17 സെന്റിമീറ്റര്‍ വരെ എക്കല്‍ അടിഞ്ഞുകൂടിയതായി പഠനറിപ്പോര്‍ട്ട് വന്നു. കോള്‍ നിലങ്ങളില്‍ അമ്ലത്വം കൂടിയതായും റിപ്പോര്‍ട്ട് ഉണ്ട്. ഇവയ്‌ക്കൊന്നും പരിഹാരവും ഉണ്ടായില്ല.
1773 കന്നുകാലികള്‍ ചത്തതായിട്ടാണ് കണക്ക്. 2075 കാലിത്തൊഴുത്തുകളും നശിച്ചു. നഷ്ടപരിഹാരം ഇപ്പോഴും ഫയലുകളില്‍ കുരുങ്ങിക്കിടക്കുന്നു. പ്രളയത്തില്‍ 954 പേരുടെ വീടുംസ്ഥലവും പൂര്‍ണ്ണമായും നശിച്ചു എന്നാണ് കണക്ക്. വീടുകള്‍ മാത്രം തകര്‍ന്നത് 16661. ഭാഗീകമായി തകര്‍ന്നത് 2.21 ലക്ഷം. ഇവര്‍ക്ക് പുതിയ വീട് വയ്ക്കുവാന്‍ 4 ലക്ഷം രൂപ വരെ ധനസഹായം പ്രഖ്യാപിച്ചു. സ്വന്തമായി ഭൂമിയുള്ള വിഭാഗത്തില്‍ ഇതുവരെ അപേക്ഷിച്ചത് 6537 പേര്‍.ആദ്യ ഗഡു നല്‍കിയത് 1656 പേര്‍ക്ക്.
നല്‍കിയ തുക 16 കോടി രൂപ. (വളരെ ചെറിയൊരു ശതമാനത്തിനു മാത്രമേ പദ്ധതി പ്രയോജനപ്പെട്ടുള്ളു.
പ്രളയം കാരണം എത്ര കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്തു ഉണ്ടായി എന്ന് വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിന് സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. കാര്‍ഷിക മേഖലയിലെ നഷ്ടത്തിന്റെ യഥാര്‍ത്ഥ മൂല്യം അനുസരിച്ചുള്ള കണക്കല്ല ശേഖരിച്ചത്. വീടുകളുടെയും മറ്റും കണക്കിന്റെ കാര്യത്തിലും പൊരുത്തക്കേടുകള്‍ ഉണ്ടായി.
കേന്ദ്രത്തില്‍നിന്ന് സംസ്ഥാനം ചോദിച്ച നഷ്ടപരിഹാരം 5616 കോടി രൂപയാണ്. എന്നാല്‍ കിട്ടിയത് 600 കോടി. ഇനിയെന്തെങ്കിലും തരുമെന്ന് സൂചനയുമില്ല. കേന്ദ്രത്തില്‍നിന്നുള്ള പ്രത്യേക ധനസഹായം 5000 കോടിയാണ്. അതും കിട്ടുമെന്ന് സൂചനയില്ല.
സംസ്ഥാനത്തിന്റെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നത് സര്‍ക്കാര്‍ ദയനീയമായി പരായപ്പെട്ടു. ഇത്രയും വലിയൊരു ദുരന്തം ഉണ്ടായിട്ടും അതില്‍നിന്നും സംസ്ഥാനത്തെ കൈപിടിച്ച് ഉയര്‍ത്താന്‍ ഒന്നും കഴിയാത്ത ദയനീയാവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍. വാചകമടിയല്ലാതെ കാര്യക്ഷമായി ഒന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിയുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍പോയി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുകയും അദ്ദേഹത്തെ പുകഴ്ത്തുകയും ചെയ്യുന്നു എന്നല്ലാതെ ഒന്നും വാങ്ങിക്കൊണ്ടുവരാന്‍ കഴിയുന്നില്ല. നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും കേരളത്തോടൊപ്പം ഉണ്ടാവുമെന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്.കേന്ദ്രത്തിന് മെമ്മോറാണ്ടം കൊടുത്തു എന്നല്ലാതെ ഫോളോ അപ്പ് നടപടികളൊന്നും പിന്നീട് ഉണ്ടായില്ല. കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനൊന്നും സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞില്ല.
ലോക ബാങ്ക്, എഡി.ബി. തുടങ്ങിയ ധനകാര്യ ഏജന്‍സികളില്‍നിന്നും വായ്പ വാങ്ങി എടുക്കുന്നതിനും സര്‍ക്കാരിനു കഴിഞ്ഞില്ല.
സാലറി ചലഞ്ച് ഗുണ്ടാ പിരിവ് ആക്കി മാറ്റാണാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇത് ഗുണത്തേക്കാള്‍ ഏറെ ദോഷമുണ്ടാക്കി. ജീവനക്കാരെ രണ്ടു തട്ടിലാക്കി. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ നല്ല അന്തരീക്ഷം പോലും നശിപ്പിച്ചു.
ഹോം വര്‍ക്ക് ഒന്നും ചെയ്യാതെയാണ് മന്ത്രിമാരുടെ വിദേശ പരിപാടി യാത്രകള്‍ നിശ്ചയിച്ചത്. പ്രളയത്തിനുശേഷം സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള രൂപരേഖ പോലും തയ്യാറാക്കാന്‍ സര്‍ക്കാരിനു കഴഞ്ഞിട്ടില്ല.
കെ.പി.എം.ജി. പരീക്ഷണം പരാജയപ്പെട്ടു. പുനര്‍നിര്‍മ്മാണത്തിനുള്ള കണ്‍സള്‍ട്ടന്റായി കെ.പി.എം.ജി. യെ നിയമിച്ചപ്പോള്‍തന്നെ അതു ചെയ്യരുതെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നതാണ്. അന്താരാഷ്ട്ര തലത്തില്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ട് കമ്പനിയാണിത്. മുഖ്യമന്ത്രിയുടെ വാശിയായിരുന്ന ഇവരെത്തന്നെ നിയമിക്കണമെന്നത്. ആ പരീക്ഷണം പൂര്‍ണ്ണമായി പരാജയപ്പെട്ടു. ഇപ്പോള്‍ പുതിയ കള്‍സള്‍ട്ടന്‍സിയെ കണ്ടെത്താന്‍ ആഗോളതലത്തില്‍ ടെന്‍ഡര്‍ വിളിച്ചിരിക്കുകയാണ്. അത് ഇനി തുറക്കാന്‍ രണ്ടുമാസമെങ്കിലും വേണ്ടിവരും. അപ്പോഴേക്കും ലോക്‌സഭാ തെരഞ്ഞെടുപ്പ് ആകും. അതു കഴിഞ്ഞ് അത് വീണ്ടും നീണ്ടുപോകും. അതു നടക്കുമോ എന്നതു തന്നെ കണ്ടറിയണം
പ്രളയത്തിന്റെ മറവില്‍ സംസ്ഥാനത്തെ പദ്ധതി വെട്ടിച്ചുരുക്കുകയാണ്. 20% വെട്ടിക്കുറയ്ക്കലാണ് നടത്തിയത്. ഇപ്പോള്‍ പദ്ധതി നിര്‍വ്വഹണം 36% മാത്രമാണ്. പഞ്ചായത്തുകള്‍ക്കുള്ള വിഹിതവും വെട്ടിക്കുറയ്ക്കുന്നു. നിര്‍മ്മാണ മേഖല നിശ്ചലാവസ്ഥയിലാണ്.
കേന്ദ്രസര്‍ക്കാരാകട്ടെ കേരളത്തോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്. പ്രധാനമന്ത്രി ഉള്‍പ്പെടെ മന്ത്രിമാര്‍ വരികയും കണ്ണീരൊഴുക്കുകയും ചെയ്ത് മടങ്ങിപ്പോയി. സംസ്ഥാനത്ത് അര്‍ഹമായ പൈസ പോലും തരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല.
കേന്ദ്രത്തില്‍നിന്ന് തന്ന 600 കോടിരൂപയില്‍നിന്നു തന്നെ അരിക്കും മണ്ണെണ്ണയുടെയും വിലയായ 265 കോടി രൂപ തിരിച്ചുപിടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇത് സംസ്ഥാനത്തോടുള്ള കടുത്ത അനീതിയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിനും കഴിയുന്നില്ല. പകരം, മോദിയെയും കേന്ദ്രത്തെയും പുകഴ്ത്താനാണ് മുഖ്യമന്ത്രി പിണറായി ഇതുവരെ ശ്രമിച്ചത്- ചെന്നിത്തല ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss