|    Oct 23 Tue, 2018 4:09 am
FLASH NEWS
Home   >  Kerala   >  

എക്‌സൈസ് വകുപ്പ് മന്ത്രിയുടെത് കുറ്റസമ്മതം: ചെന്നിത്തല

Published : 27th September 2018 | Posted By: G.A.G

തിരുവനന്തപുരം : ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതിനെപ്പറ്റിയുള്ള എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ പത്രസമ്മേളനം അദ്ദേഹത്തിന്റെ കുറ്റസമ്മതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പത്രത്തില്‍ പരസ്യപ്പെടുത്തിയിട്ടാണോ ഇതൊക്കെ ചെയ്യേണ്ടതെന്നാണ് മന്ത്രി ചോദിക്കുന്നത്. അത് തന്നെയാണ് താനും പറഞ്ഞത്.അപേക്ഷ ക്ഷണിക്കാതെയും താത്പര്യ പത്രം സ്വീകരിക്കാതെയും ഇഷ്ടക്കാര്‍ക്ക് രഹസ്യമായി നല്‍കി എന്നാണ് ആരോപിച്ചത്. മന്ത്രി അത് സമ്മതിച്ചിരിക്കുന്നു- ചെന്നിത്തല പറഞ്ഞു.

ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് :
1996 ല്‍ ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരുന്നു എന്ന കാര്യം മന്ത്രി മറന്നു പോയോ അന്ന് അപേക്ഷകളുടെ എണ്ണം കൂടിയത് മൂലം ഷോര്‍ട്ടി ലിസ്റ്റ് ചെയ്യാനായി സെക്രട്ടറി തല കമ്മിറ്റിയെ രൂപീകരിച്ചതും ഓര്‍മ്മയില്ലേ ഈ കമ്മിറ്റിയാണ് ഇനി പുതിയ ഡിസ്റ്റിലറികള്‍ വേണ്ടെന്ന ഉത്തരവിറക്കിയത്.
ഇതൊന്നും പരസ്യമായി ചെയ്യാനാവില്ലെന്ന മന്ത്രിയുടെ നിലപാട് ശരിയാണ്. പരസ്യമായി ചെയ്യാന്‍ കഴിയുന്ന കാര്യമല്ല അഴിമതി.
പ്രതിപക്ഷ നേതാവ് അക്കമിട്ട് നിരത്തി ചോദിച്ചചോദ്യങ്ങള്‍ക്കൊന്നും മന്ത്രി മറുപടി നല്‍കിയിട്ടില്ല. പകരം ഉരുണ്ടു കളിക്കുകയാണ് ചെയ്തത്.
99 മുതലുള്ള നയത്തില്‍ മാറ്റം വരുത്തിയപ്പോള്‍ അത് എന്തിന് രഹസ്യമാക്കി വച്ചു എന്നതിന് മന്ത്രിക്ക് മറുപടി ഇല്ല.
99 ലെ ഉത്തരവ് എക്‌സിക്യൂട്ടീവ് ഉത്തരവ് മാത്രമാണെന്നും അതിനാല്‍ അതില്‍ നിന്ന് വ്യത്യസ്ഥമായ തീരുമാനമെടുക്കാന്‍ ചട്ടഭേദഗതിയോ നിയമ ഭേദഗതിയോ വേണ്ടെന്ന് മന്ത്രി പറയുന്നു. അങ്ങനെയെങ്കില്‍ എന്തു കൊണ്ട് 99ന് ശേഷം മാറി മാറി വന്ന ഇടതു മുന്നണിയുടെ ഉള്‍പ്പടെയുള്ള സര്‍ക്കാരുകള്‍ അത് മറി കടന്ന് പുതിയ ഡിസ്റ്റിലറികള്‍ക്ക് അനുവാദം നല്‍കിയില്ല.
മാത്രമല്ല ഇപ്പോള്‍ പുറപ്പെടുവിച്ച ഉത്തരവുകളിലെല്ലാം 99 ലെ ഉത്തരവ് ക്വാട്ട് ചെയ്തിട്ടുമുണ്ട്. 99ലെ ഉത്തരവ് ബ്രൂവറിക്ക് ബാധകമല്ലെന്നാണ് മന്ത്രി പറയുന്നത്. എങ്കില്‍ എന്തിനാണ് ബ്രുവറി അനുവദിച്ചു കൊണ്ടുള്ള ഉത്തരവുകളില്‍ 99ലെ അതേ ഉത്തരവ് പരാമര്‍ശിച്ചിരിക്കുന്നത്.

എന്തു കൊണ്ട് ഇടതു മുന്നണിയില്‍ ചര്‍ച്ച ചെയ്തില്ല എന്ന ചോദ്യത്തിനും മന്ത്രി മറുപടി നല്‍കുന്നില്ല. എന്തു കൊണ്ട് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തില്ല എന്ന ചോദ്യത്തിനും മറുപടി ഇല്ല. ഇതിന്റെ ആവശ്യമില്ലെന്ന് ഒഴുക്കന്‍ മട്ടില്‍ പറയുന്നു. ഈ മറുപടി സി.പി.ഐയ്ക്കും മറ്റ് ഘടക കക്ഷികള്‍ക്കും സ്വീകാര്യമാണോ
സര്‍ക്കാരിന് കിട്ടിയ അപേക്ഷകളില്‍ മേലാണ് തീരുമാനമെടുത്തതെന്ന് മന്ത്രി പറയുന്നു. ഈ നാല് പേര്‍ മാത്രം ഇവ അനുവദിക്കാന്‍ പോവുകയാണെന്ന് എങ്ങനെയാണ് അറിഞ്ഞത്
ഇഷ്ടക്കാരില്‍ നിന്ന് അപേക്ഷ എഴുതി വാങ്ങി അനുവദിക്കുകയല്ലേ ചെയതത്.
പുതിയ ബ്രുവറിക്കും ഡിസ്റ്റിലറിക്കും തത്വത്തില്‍ അംഗീകാരം നല്‍കയതേ ഉള്ളൂ എന്നും ലൈസന്‍സ് നല്‍കിയില്ലെന്നും മന്ത്രി പറയുന്നു. ഇവര്‍ക്ക് ലൈസന്‍സ് നല്‍കാന്‍ അനുമതി നല്‍കിക്കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സര്‍ക്കാറിന്റെ അനുമതിയില്ലാതെ എക്‌സൈസ് കമ്മീഷണര്‍ക്ക് സ്വന്തമായി ലൈസന്‍സ് നല്‍കാന്‍ കഴിയുമോ ?
ലൈസന്‍സ് നല്‍കുന്നത് വെറും സാങ്കേതിക കാര്യം മാത്രമാണ്.
കേരളത്തിനാവശ്യമായ വിദേശ മദ്യത്തിന്റെ 8% വുംബീയറിന്റെ 40% വും പുറത്തു നിന്നാണ് വാങ്ങുന്നതെന്നും അത് ഇവിടെ തന്നെ ഉല്പാദിപ്പിച്ചാല്‍ നികുതി വരുമാന വര്‍ദ്ധനവും തൊഴിലവസരങ്ങളിലെ വര്‍ദ്ധനവും ഉണ്ടാവുമെന്ന് മന്ത്രി പറയുന്നു. അത് ശരിയാണ്. തര്‍ക്കമില്ല. പക്ഷേ അതിന് രഹസ്യമായി അനുവദിക്കണോഅത് പരസ്യമായി ചര്‍ച്ച ചെയ്ത് മന്ത്രി സഭയില്‍ വച്ച് അനുവദിക്കുന്നതിന് എന്തായിരുന്നു തടസ്സം? അഴിമതി നടത്താന്‍ വേണ്ടിയല്ലേ ഘടക കക്ഷികളെപ്പോലും അറിയിക്കാതെ രഹസ്യമായി ചെയ്തത്?
മദ്യനയത്തിന് അനുസൃതമായാണ് അനുമതി നല്‍കിയതെന്ന് മന്ത്രി പറയുന്നു. പുതിയ ബ്രൂവറികളും ഡിസ്റ്റിലറിയും തുടങ്ങാന്‍ അനുമതി നല്‍കുമെന്ന് മദ്യനയത്തില്‍ എവിടെയാണ് പറയുന്നത്. എങ്കില്‍ ആ മദ്യനയം പരസ്യമാക്കാമോ?
ഇടതു മുന്നണിയുടെ പ്രകടന പത്രികയില്‍ എവിടെയാണ് സംസ്ഥാനത്ത് പുതുതായി ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കാമെന്ന് പറയുന്നത്?

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss