|    Dec 14 Fri, 2018 8:26 am
FLASH NEWS
Home   >  Kerala   >  

മലയാളത്തിന്റെ ആക്ഷേപഹാസ്യകവി ചെമ്മനം ചാക്കോ അന്തരിച്ചു

Published : 15th August 2018 | Posted By: sruthi srt

കോഴിക്കോട്: കവി ചെമ്മനം ചാക്കോ അന്തരിച്ചു. 92 വയസ്സ് ആയിരുന്നു. കാക്കനാട് പടമുകളിലെ വീട്ടില്‍ ഇന്നലെ രാത്രി പന്ത്രണ്ടിനായിരുന്നു അന്ത്യം.സംസ്‌കാരം പിന്നീട്. വിമര്‍ശഹാസ്യമായിരുന്നു ഇദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകത. അന്‍പതിലേറെ കൃതികള്‍ രചിച്ചിട്ടുള്ള ചെമ്മനത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്..കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ഉള്‍പ്പെടുന്ന മുളക്കുളം ഗ്രാമത്തില്‍ വൈദികനായിരുന്ന യോഹന്നാന്‍ കത്തനാരുടെയും സാറയുടെയും മകനായി ജനനം.

കുടുംബ പേരാണ് ചെമ്മനം. പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌ക്കൂള്‍, ആലുവ യു.സി. കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളില്‍ പഠിച്ച് മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്‌സ് ബിരുദം നേടി.കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കുട്ടമത്ത് അവാര്‍ഡ്, കുഞ്ചന്‍ നമ്പ്യായര്‍ പുരസ്‌കാരം, സഞ്ജയന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 194ല്‍ വിളംബരം എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. 1967ല്‍ പ്രസിദ്ധീകരിച്ച കനകാക്ഷരങ്ങള്‍ എന്ന കവിതാസമാഹാരത്തോടെയാണ് ആക്ഷേപഹാസ്യകവി എന്ന നിലയില്‍ പ്രശസ്തി നേടുന്നത്.
പിറവം സെന്റ്. ജോസെഫ്‌സ് ഹൈസ്‌കൂള്‍ , പാളയംകോട്ട സെന്റ് ജോണ്‍സ് കോളേജ് , തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് , കേരള സര്‍വകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളില്‍ അദ്ധ്യാപകവൃത്തി. 1968 മുതല്‍ 86 വരെ കേരളസര്‍വകലാശാലാ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും സേവനമനുഷ്ടിച്ചിരുന്നു.
1940കളുടെ തുടക്കത്തില്‍ സാഹിത്യ പ്രവര്‍ത്തനം ആരംഭിച്ചു . 1946ല്‍ ചക്രവാളം മാസികയില്‍ ‘പ്രവചനം ‘എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു. വിളംബരം എന്ന കവിതാസമാഹാരം 1947ലും പ്രസിദ്ധീകരിച്ചു . 1965ല്‍ പ്രസിദ്ധീകരിച്ച ‘ഉള്‍പ്പാര്‍ട്ടി യുദ്ധം’ കവിത മുതല്‍ വിമര്‍ശഹാസ്യം സ്വന്തം തട്ടകമായി തെരഞ്ഞെടുത്തു. 1967ല്‍ കനകാക്ഷരങ്ങള്‍ എന്ന വിമര്‍ശകവിതാ സമാഹാരം പ്രസിദ്ധീകരിച്ചതോടെ പ്രസിദ്ധനായി. കാവ്യഭംഗിയേക്കാളേറെ വിഷയത്തിന്റെ കാലിക പ്രസക്തിയാണ് അദ്ദേഹത്തിന്റെ കൃതികളെ ശ്രദ്ധേയമാക്കുന്നത്. തനിക്കു ചുറ്റും നടക്കുന്ന സംഭവങ്ങളെ നേരിട്ടും ആക്ഷേപ ഹാസ്യബിംബങ്ങളിലൂടെയും വിമര്‍ശിക്കുന്ന ശൈലിയാണ് ഇദ്ദേഹത്തിന്റേത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss