|    Aug 20 Mon, 2018 2:00 pm
FLASH NEWS
Home   >  Sports  >  Football  >  

ആദ്യ അങ്കത്തിനായി ചെല്‍സി ഇറങ്ങുന്നു

Published : 11th August 2018 | Posted By: jaleel mv


ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യ മല്‍സരത്തിനായി മുന്‍ ചാംപ്യന്‍മാരായ ചെല്‍സി ഇന്ന് കളത്തിലിറങ്ങുന്നു. താരതമ്യേന ദുര്‍ബലരായ ഹഡ്ഡേഴ്‌സ്ഫീല്‍ഡാണ് എതിരാളികള്‍. ഹഡ്ഡേഴ്‌സിന്റെ തട്ടകത്ത് വച്ചാണ് മല്‍സരമെന്നുള്ളതിനാല്‍ സ്വന്തം ആരാധകരുടെ മുന്നില്‍ ആദ്യ മല്‍സരത്തില്‍ തന്നെ ജയം സ്വന്തമാക്കാനുറച്ചാവും ഹഡ്ഡേഴ്‌സ് ഇന്ന് കളത്തിനിറങ്ങുക. കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനവുമായി നിരാശയോടെ ബൂട്ടഴിക്കേണ്ടി വന്ന ചെല്‍സിക്ക് നിലവിലെ കോച്ച് മൗറീസിയോ സാറിയുടെ പരിശീലന തന്ത്രങ്ങള്‍ അകമഴിഞ്ഞ ആത്മവിശ്വാസമാണ് നല്‍കുന്നത്. എന്നാല്‍ ഹഡ്ഡേഴ്‌സ്ഫീല്‍ഡിനിത് പ്രീമിയര്‍ ലീഗിലെ രണ്ടാം സീസണാണ്. പ്രീ സീസണില്‍ ലിയോണിനെതിരേയും ബോലോഗ്നയ്‌ക്കെതിരേയും ആര്‍ ബി ലീപ്‌സിഗിനെതിരെയും മികച്ച പോരാട്ടത്തിനൊടുവില്‍ ജയിച്ചാണ് ഹഡ്ഡേഴ്‌സ് ഇന്ന് സ്വന്തം തട്ടകത്തിലിറങ്ങുന്നത്. എന്നാല്‍ കഴിഞ്ഞ പ്രീമിയര്‍ ലീഗിലെ അവസാന 10 മല്‍സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് ടീമിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. ഇതില്‍ പരാജയപ്പെട്ടതാവട്ടെ അഞ്ചെണ്ണത്തിലും.
കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചു പിടിക്കാനുറച്ചാണ് ആദ്യ മല്‍സരത്തില്‍ ചെല്‍സി ബൂട്ടണിയുന്നത്. 2016-17 സീസണിലെ കിരീടജേതാക്കളായിരുന്നു അവര്‍.
സീസണിലെ ആദ്യ പോരാട്ടമായ കമ്മ്യൂണിറ്റി ഷീല്‍ഡ് ടൂര്‍ണമെന്റിലൂടെ ഈ വര്‍ഷം ആദ്യ കിരീടം നേടാനായി മാഞ്ചസ്റ്റര്‍ സിറ്റിയോട് പോരടിച്ച ചെല്‍സിക്ക് ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെടാനായിരുന്നു വിധി. ഇതിലൂടെ സീസണിലെ ആദ്യ കിരീടം നഷ്ടമായ ചെല്‍സി പ്രീസീസണ്‍ ടൂര്‍ണമെന്റായ ചാംപ്യന്‍സ് കപ്പില്‍ നിന്ന് സ്വ്ന്തമാക്കിയത് മൂന്ന് മല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയം. എന്നാല്‍ ഈ മൂന്ന് മല്‍സരങ്ങളും പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് കലാശിച്ചു എന്നതാണ് മറ്റൊരു സവിശേഷത. ഇന്ററുമായുള്ള ആദ്യ മല്‍സരം 1-1ന്റെ സമനിലയില്‍ കലാശിക്കുകയും പെനല്‍റ്റി ഷൂട്ടൗട്ടില്‍ ജയം ചെല്‍സി സ്വന്തമാക്കുകയുമായിരുന്നു. എന്നാല്‍ പ്രീമിയര്‍ ലീഗിലെ മറ്റൊരു കരുത്തരായ ആഴ്‌സനലിനെതിരേ ടീം രണ്ടാം മല്‍സരത്തിനിറങ്ങി. ഇവിടെയും നിശ്ചിത സമയത്ത് ഇരുടീമും 1-1ന്റെ സമനില നേടിയതോടെ തുടര്‍ച്ചയായി രണ്ടാം മല്‍സരത്തിലും ചെല്‍സി ഷൂട്ടൗട്ട് പോരാട്ടം കണ്ടു. എന്നാല്‍ ഇവിടെ ചെല്‍സി പരാജയം നേരിട്ടു. താരതമ്യേന ദുര്‍ബലരായ ലിയോണിനെതിരായ അവസാന മല്‍സരവും ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചതോടെ വീണ്ടും ചെല്‍സി ഷൂട്ടൗട്ട് പരീക്ഷണം അഭിമുഖീകരിച്ചു. എന്നാല്‍ ജയം ചെല്‍സിക്കൊപ്പം നിന്നു.
നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ ഗോള്‍ കീപ്പറുമായാണ് ഇത്തവണ ചെല്‍സി അങ്കപ്പോരിനൊരുങ്ങുന്നത്. സ്പാനിഷ് യുവ ഗോള്‍കീപ്പറായ കെപ്പ അരിസബലഗയെ ചെല്‍സി റെക്കോഡ് തുകയ്ക്ക് ടീമിലെത്തിച്ചപ്പോള്‍ ലോകകപ്പില്‍ ബെല്‍ജിയത്തിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച തിബോട്ട് കോര്‍ട്ടോയിസില്ലാതെ ടീം കളത്തിലിറങ്ങുന്നു എന്ന പ്രത്യേകതയും ഈ സീസണിനുണ്ട്. അതേസമയം, കേര്‍ട്ടോയിസിന് പകരക്കാരനായി ടീമിലെടുത്ത മാത്തിയോ കൊവാച്ചിച്ച് ഇന്ന് കളത്തിലിറങ്ങില്ലെന്നാണ് റിപോര്‍ട്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss