|    Oct 21 Sun, 2018 3:15 am
FLASH NEWS
Home   >  Kerala   >  

അവഗണിക്കപ്പെട്ടത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം: സാമ്പത്തിക-സ്ഥിതിവിവര വകുപ്പ് മേധാവിക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി

Published : 4th October 2018 | Posted By: sruthi srt

സി എ സജീവന്‍

തൊടുപുഴ : സംസ്ഥാന സാമ്പത്തിക-സ്ഥിതിവിവര വകുപ്പ് മേധാവിക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം നടപ്പായില്ല.കെടുകാര്യസ്ഥത,അഴിമതി,കേന്ദ്രഫണ്ട് ലാപ്‌സാക്കല്‍, പ്രഥമ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷനുമായുള്ള നിസ്സഹകരണം,ഡയറക്ടറേറ്റിലെ അനാരോഗ്യകരമായ പ്രവണതകള്‍ തുടങ്ങിയ ഒട്ടേറെ സംഗതികളുമായി ബന്ധപ്പെട്ട പരാതികളെ തുടര്‍ന്നാണ് സംസ്ഥാന സാമ്പത്തിക-സ്ഥിതിവിവര വകുപ്പ് ഡയറക്ടര്‍ ജനറല്‍ വി രാമചന്ദ്രനെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പ്ലാനിങ് ബോര്‍ഡ് സെക്രട്ടറി വി എസ് സെന്തിലിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

ഇതനുസരിച്ച് വകുപ്പിലെ എല്ലാ വിഭാഗം ഉദ്യോഗസ്ഥരില്‍ നിന്നും പ്ലാനിങ് ബോര്‍ഡ് സെക്രട്ടറി രേഖാമൂലം വിശദാംശങ്ങള്‍ തേടിയിരുന്നു.എന്നാല്‍ ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു മുന്നിലെത്തിയില്ല.ഉന്നത രാഷ്ട്രീയസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആ റിപ്പോര്‍ട്ട് പ്ലാനിങ് ബോര്‍ഡ് സെക്രട്ടറിയുടെ ഓഫിസ് പൂഴ്ത്തുകയായിരുന്നുവെന്നാണ് ആക്ഷേപം.
അതേസമയം,പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി വകുപ്പിലെ രണ്ട് സീനിയര്‍ അഡീഷനല്‍ ഡയറക്ടര്‍മാര്‍ വി രാമചന്ദ്രനെതിരെ മുഖ്യമന്ത്രിക്കും ആസൂത്രണ സാമ്പത്തിക കാര്യ സെക്രട്ടറി ബിശ്വാസ് മേത്തയ്ക്കും കഴിഞ്ഞ ദിവസം പരാതി നല്‍കി. ഇതു സംബന്ധിച്ച ഹിയറിങ് നടക്കുകയാണ്.ഓരോ അഡീഷനല്‍ ഡയറക്ടര്‍മാര്‍ക്ക് നിശ്ചിത ചുമതലകള്‍ വിഭജിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് നിറവേറ്റാന്‍ ഡയറക്ടര്‍ ജനറല്‍ അനുവദിക്കുന്നില്ലെന്നാണ് പരാതി.
രാജ്യത്തെ സ്ഥിതിവിവര ശേഖരണം കുറ്റമറ്റതാക്കാനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായ സംസ്ഥാന സ്റ്റാറ്റിറ്റിക്കല്‍ സ്‌ട്രെങ്തനിങ് പ്രൊജക്ട് (എസ്.എസ്.എസ്.പി) നടപ്പാക്കുന്നതിലെ വീഴ്ച മൂലം 38 കോടി രൂപ സംസ്ഥാനത്തിന് നഷ്ടപ്പെട്ടിരുന്നു.പദ്ധതി പ്രകാരം വകുപ്പിന്റെ തലപ്പത്ത് അഴിച്ചുപണിയും ചുമതലകളുടെ വിഭജനവും നടത്തേണ്ടതുണ്ടായിരുന്നു.ഡയറകര്‍ തസ്തിക ഡയറക്ടര്‍ ജനറല്‍ എന്നാക്കി മാറ്റി ഐഎഎസ് ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഇതു സംബന്ധിച്ച് പ്ലാനിങ് ബോര്‍ഡ് നിര്‍ദ്ദേശവും വകുപ്പിന് നല്‍കിയിരുന്നു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി കെ ജോസിനെ നിയമിച്ചുകൊണ്ടുള്ള നടപടികളും സെക്രട്ടറിയേറ്റില്‍ തുടങ്ങിയിരുന്നു.എന്നാല്‍ ഫയല്‍ ഇടയ്ക്കുവെച്ച് മുങ്ങി.പിന്നീട് തസ്തിക ഡയറക്ടര്‍ ജനറല്‍ എന്നു മാറ്റി വിജ്ഞാപനമുണ്ടായെങ്കിലും ഡയറക്ടറായി ഐഎഎസുകാരനെത്തിയില്ല.
നേരത്തേ വകുപ്പിലെ ഒരു ജോയിന്റ് ഡയറക്ടറെ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് മാനസിക വിഭ്രാന്തിയുണ്ടായിരുന്നു. ഒരു മാസത്തോളം ആശുപത്രിയിലായിരുന്നു ഇദ്ദേഹം.സിപിഎമ്മിന്റെ സഹയാത്രികന്‍ കൂടിയായിരുന്ന ഇദ്ദേഹത്തിനെതിരെയുള്ള പീഡനം പാര്‍ട്ടിയില്‍ ചര്‍ച്ചയാവുകയും നടപടിയെടുക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നിട്ടും വകുപ്പ് മേധാവിക്കെതിരെ നടപടിയുണ്ടായില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss