|    Nov 21 Wed, 2018 8:02 am
FLASH NEWS
Home   >  Kerala   >  

ആര്‍എസ്എസ് നേതാവിനു പിന്നാലെ ദേവസ്വം ബോര്‍ഡംഗവും ആചാരലംഘന വിവാദത്തില്‍

Published : 6th November 2018 | Posted By: basheer pamburuthi

പത്തനംതിട്ട: ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിക്കു പിന്നാലെ ദേവസ്വം ബോര്‍ഡംഗം കെ പി ശങ്കരദാസും ആചാരലംഘന വിവാദത്തില്‍. ഇരുമുടിക്കെട്ടില്ലാതെ ശങ്കരദാസ് 18ാം പടി കയറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇത് ആചാരലംഘനമാണെന്നും കേസെടുക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ 18ാം പടി കയറിയെന്നും സന്നിധാനത്തിനു തിരിഞ്ഞുനിന്ന് സംസാരിച്ചെന്നും നേരത്തേ വിവാദമുണ്ടായിരുന്നു. ഈ വിഷയത്തില്‍ ആചാരലംഘനം പരിശോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അംഗം ശങ്കരദാസ് പറഞ്ഞതിനു പിന്നാലെയാണ്, അതേ അംഗത്തിന്റെ തന്നെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ചിത്തിര ആട്ടത്തിരുനാള്‍ വിശേഷപൂജയ്ക്കായി ശബരിമല നട തുറന്നപ്പോഴാണു സംഭവം. ആചാരലംഘനമുണ്ടായാല്‍ പരിഹാരക്രിയ ചെയ്യേണ്ടിവരും. മാത്രമല്ല, 2017ല്‍ ഗായകന്‍ കെ ജെ യേശുദാസും മേല്‍ശാന്തിയും ഇരുമുടിക്കെട്ടില്ലാതെ 18ാംപടി കയറിയതിനു ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് സ്വമേധയാ കേസെടുത്തിരുന്നു. മനപൂര്‍വം ആചാരം ലംഘിച്ചിട്ടില്ലെന്നും അറിവില്ലായ്മയാണ് കാരണമെന്നും യേശുദാസ് കോടതിയെ അറിയിച്ചതോടെയാണ് ഈവര്‍ഷം കേസ് തീര്‍പ്പാക്കിയത്. അതേസമയം, ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രിംകോടതി വിധി നടപ്പാക്കുന്നത് ആചാരലംഘനമാണെന്ന വാദവുമായി പ്രതിഷേധിക്കുന്ന ആര്‍എസ്എസ് സംസ്ഥാന നേതാവും ദേവസ്വം ബോര്‍ഡിലെ അംഗവും ഇരുമുടിക്കെട്ടില്ലാതെ ആചാരലംഘനം നടത്തിയതെന്നത് രാഷ്ട്രീയ-നിയമ പോരാട്ടങ്ങള്‍ക്ക് കാരണമാവുമെന്നാണ് വിലയിരുത്തല്‍. വല്‍സന്‍ തില്ലങ്കേരി ആചാരലംഘനം നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ, സംഘപരിവാര നേതാക്കള്‍ പടികയറിയപ്പോള്‍ ആചാരങ്ങള്‍ എവിടെപ്പോയെന്നു മുഖ്യമന്ത്രി ചോദിച്ചിരുന്നു.
ഇതിനു പിന്നാലെ ഇരുവരെയും വെട്ടിലാക്കി ശബരിമല തന്ത്രിയും രംഗത്തെത്തി. ഇരുമുടിക്കെട്ടില്ലാതെ 18ാം പടി കയറിയത് ആചാരലംഘനമാണെന്നും പരിഹാരക്രിയ ചെയ്യേണ്ടിവരുമെന്നും തന്ത്രി പറഞ്ഞു. അതേസമയം, ശബരിമലയില്‍ ആചാരലംഘനം നടത്തിയ ദേവസ്വം ബോര്‍ഡംഗം ശങ്കരദാസിനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട ബിജെപി വല്‍സന്‍ തില്ലങ്കേരിയുടെ നടപടിയില്‍ മൗനംപാലിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss