|    Nov 17 Sat, 2018 8:48 pm
FLASH NEWS
Home   >  National   >  

കേരള ജനതയോട് കേന്ദ്രസര്‍ക്കാര്‍ പക വീട്ടുന്നു: എം കെ ഫൈസി

Published : 10th September 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് ഇടംനല്‍കാത്ത കേരള ജനതയോട് കേന്ദ്രസര്‍ക്കാര്‍ പകവീട്ടുകയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു. പ്രളയദുരന്തത്തിനിരയായ കേരളത്തിന് അര്‍ഹമായ സഹായം നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കേരള സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രധാനമന്ത്രിയുടെ ഓഫിസ് മാര്‍ച്ച് പാര്‍ലമെന്റ് സ്ട്രീറ്റില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയത്തില്‍ ഒലിച്ചുപോയത് ബിജെപി കേരളത്തില്‍ ആസൂത്രണം ചെയ്തുവന്നിരുന്ന വര്‍ഗീയ അജണ്ട കൂടിയാണ്. ദുരന്തത്തിനിരയായ കേരള സമൂഹം ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം ഒറ്റക്കെട്ടായി നിലകൊള്ളുകയും പരസ്പരം കൈത്താങ്ങാവുകയും ചെയ്തു.  എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍ എല്ലാവര്‍ക്കുമായി തുറക്കപ്പെട്ടു. എല്ലാ വിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍ ശുദ്ദീകരിക്കാന്‍ എല്ലാവരുമുണ്ടായിരുന്നു. കേരളത്തില്‍ വിഭജനത്തിന്റെ രാഷ്ട്രീയം കളിക്കാനിറങ്ങിയ ബിജെപിക്കുണ്ടായ തിരിച്ചടിയാണിത്.

ഈ കാരണമെല്ലാം കൊണ്ടുകൂടിയാണ് കേരളത്തിന് മതിയായ സഹായം നല്‍കാനോ വിദേശ സഹായം സ്വീകരിക്കാന്‍ അനുവദിക്കാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാതിരുന്നത്-എം കെ ഫൈസി പറഞ്ഞു.

മാനവികത നഷ്ടപ്പെട്ട സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. അതുകൊണ്ടാണ് 30,000 കോടി പ്രാഥമിക നഷ്ടം കണക്കാക്കിയ ഒരു ദുരന്തത്തോട് കേന്ദ്രസര്‍ക്കാര്‍ മുഖംതിരിച്ചു നില്‍ക്കുന്നത്. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ മാത്രം താല്‍പ്പര്യപ്പെടുന്ന സര്‍ക്കാരാണിത്. എതിര്‍ശബ്ദമുയര്‍ത്തുന്നവരെ കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടക്കുന്നതു പോലുള്ള നടപടികളില്‍ മാത്രമാണ് സര്‍ക്കാരിന് താല്‍പ്പര്യം.

488 പേര്‍ മരിച്ച ദുരന്തത്തില്‍ 600 കോടി മാത്രമാണ് കേന്ദ്രം സഹായം പ്രഖ്യാപിച്ചത്. കീഴ്‌വഴക്കത്തിനും സര്‍ക്കാര്‍ നയത്തിനും വിരുദ്ധമായി വിദേശസഹായം നിഷേധിക്കുകയും ചെയ്തു. ഇത് വിവേചനമാണെന്നും എം കെ ഫൈസി പറഞ്ഞു. ജന്തര്‍ മന്ദറില്‍ നിന്നു തുടങ്ങിയ മാര്‍ച്ച് പാര്‍ലമെന്റ് സ്ട്രീറ്റില്‍ പോലിസ് തടഞ്ഞു.

തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ കേരള സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റുമാരായ ദഹ്‌ലാന്‍ ബാഖവി, അഡ്വ. ഷറഫുദ്ദീന്‍, ദേശീയ ജനറല്‍ സെക്രട്ടറി അബ്്ദുല്‍ മജീദ് മൈസൂര്‍, ദേശീയ സെക്രട്ടറി സീതാറാം കൊയ്്‌വാള്‍, സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു.

പി അബ്്ദുല്‍ മജീദ് ഫൈസി, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, ജനറല്‍ സെക്രട്ടറി പി അബ്്ദുല്‍ ഹമീദ്, റോയ് അറയ്ക്കല്‍, സംസ്ഥാന ട്രഷറല്‍ അജ്മല്‍ ഇസ്മാഈല്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, കെ എസ് ഷാന്‍, മുസ്തഫ കൊമ്മേരി, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ പി കെ ഉസ്്മാന്‍, പി പി മൊയ്തീന്‍ കുഞ്ഞ്, ഇ എസ് ഖാജാ ഹുസയ്ന്‍, സംസ്ഥാന സമിതിയംഗം പി ആര്‍ കൃഷ്ണന്‍ കുട്ടി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ എന്‍ യു അബ്്ദുല്‍ സലാം നന്ദി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ചിറ്റമ്മ നയം തിരുത്തുക, കേരളത്തിന് മതിയായ സഹായം ഉറപ്പാക്കുക, കേരളത്തിന്റെ പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനും പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. എസ്ഡിപിഐ ഡല്‍ഹി ഘടകം പ്രവര്‍ത്തകര്‍ മാര്‍ച്ചിന് അഭിവാദ്യം അര്‍പ്പിക്കാനെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss