|    Oct 23 Tue, 2018 8:38 am
FLASH NEWS
Home   >  Editpage  >  Article  >  

കനോലിക്കനാല്‍ വികസനം ആര്‍ക്കുവേണ്ടി?

Published : 24th September 2017 | Posted By: fsq

അംബിക

കലക്ടറായിരുന്ന എച്ച് വി കനോലി 1848ലാണ് കോഴിക്കോട് മുതല്‍ കൊടുങ്ങല്ലൂര്‍ വരെ നീളുന്ന കനാല്‍ നിര്‍മിച്ചത്. താരതമ്യേന ചെലവുകുറഞ്ഞ ജലഗതാഗതമാര്‍ഗം എന്ന ഉദ്ദേശ്യത്തോടെ, പുഴകളെയും ജലാശയങ്ങളെയും കനാലുകള്‍ വഴി കൂട്ടിയിണക്കി നിര്‍മിച്ച ഈ ജലപാതയാണ് പിന്നീട് കനോലിക്കനാല്‍ എന്ന പേരില്‍ അറിയപ്പെട്ടത്. ജില്ലയില്‍ ഈ കനാല്‍ വടക്ക് കോരപ്പുഴയെയും തെക്ക് കല്ലായിപ്പുഴയെയും ബന്ധിപ്പിക്കുന്നു. ഈ ഭാഗത്ത് 11.4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ കനാലിന്റെ വീതി വിവിധയിടങ്ങളില്‍ 6-20 മീറ്ററുകള്‍ക്കിടയ്ക്കാണ്. കനോലിക്കനാലിന്റെ വികസനത്തിനായി സംസ്ഥാന സര്‍ക്കാരുകളും ജില്ലാ ഭരണകൂടങ്ങളും അതത് തദ്ദേശ സ്ഥാപനങ്ങളും നിരവധി പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്. കോഴിക്കോട് ജില്ലാ ഭരണകൂടം കനോലിക്കനാല്‍ ശുദ്ധീകരിക്കുന്നതിനായി ചെലവഴിച്ചത് കോടികളാണ്. ഇപ്പോള്‍ വീണ്ടും കനോലിക്കനാല്‍ വികസനപദ്ധതിയുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നു. കനോലിക്കനാല്‍ ശുദ്ധീകരിക്കുന്ന പദ്ധതിയാണ് അടിയന്തരമായി നടപ്പാക്കേണ്ടതെന്ന് എല്ലാവര്‍ക്കുമറിയാമെങ്കിലും അധികൃതര്‍ സര്‍വേ നടത്തുന്നതും പദ്ധതി തയ്യാറാക്കിയിരിക്കുന്നതും അതിനുവേണ്ടിയല്ല. മറിച്ച് കനാല്‍ വീതികൂട്ടുന്നതു വഴി നവീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ജലഗതാഗതം പ്രോല്‍സാഹിപ്പിക്കുന്നതിനും വിനോദസഞ്ചാര വികസനത്തിനും ചരക്കുഗതാഗതത്തിന്റെ ചെലവു ചുരുക്കുന്നതിനുമായി കനോലിക്കനാല്‍ വീതി കൂട്ടി വികസിപ്പിക്കാന്‍ 1,100 കോടി രൂപയുടെ പദ്ധതിയാണ് ഇത്തവണ ജില്ലാ ഭരണകൂടം കേരള ഷിപ്പിങ് ആന്റ് ഇന്‍ലന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന് സമര്‍പ്പിച്ചിട്ടുള്ളത്. ഇക്കാലമത്രയുമുണ്ടായ പദ്ധതികള്‍ കൊണ്ട് പൊതുസമൂഹത്തിനും പരിസരവാസികള്‍ക്കും കാര്യമായ ഗുണമോ ഉപദ്രവങ്ങളോ ഉണ്ടായിട്ടില്ല. തങ്ങളുടെ നികുതിപ്പണം വെറുതെ അഴുക്കുചാലിലിടുന്നു എന്ന തോന്നലൊഴിച്ച് മറ്റൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍, പുതിയ പദ്ധതി അങ്ങനെയല്ലെന്നത് പരിസരവാസികളെ ആശങ്കയിലാക്കിയിരിക്കുന്നു. കനാലിന്റെ വീതി മുകള്‍ഭാഗം 15 മീറ്ററും അടിഭാഗം 14 മീറ്ററുമാക്കുമ്പോള്‍ ഒരുപാടുപേരുടെ ജീവിതം വഴിമുട്ടും. ഇതിനെതിരേ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്. പദ്ധതിക്കെതിരേ കഴിഞ്ഞ ദിവസം കനോലിക്കനാല്‍ തീരജന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തിയിരുന്നു. കനോലിക്കനാല്‍ തീരസംരക്ഷണ സമിതിയും പ്രവര്‍ത്തകരും പ്രഫ. ടി ശോഭീന്ദ്രന്‍ മാഷെ പോലുള്ള പരിസ്ഥിതിപ്രവര്‍ത്തകരും പദ്ധതിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. പദ്ധതി നടപ്പാക്കണമെങ്കില്‍ 530 വീട്ടുകാരെ കുടിയൊഴിപ്പിക്കേണ്ടിവരും. മാത്രമല്ല, 110 കച്ചവടസ്ഥാപനങ്ങളും പൊളിച്ചുമാറ്റേണ്ടിവരും. കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം കേവലം പദ്ധതികളിലൊതുങ്ങുന്ന നാട്ടില്‍ ജനങ്ങളുടെ ആശങ്ക സ്വാഭാവികം മാത്രം. തന്നെയുമല്ല, കനോലിക്കനാലിനായി ഇതുവരെ നടപ്പാക്കിയ പദ്ധതികളൊന്നും വിജയം കാണാത്ത സാഹചര്യത്തില്‍ തങ്ങളെ കുടിയൊഴിപ്പിച്ചൊരു പദ്ധതി കൊണ്ടുവരുന്നതിനെ ജനങ്ങള്‍ എതിര്‍ക്കുന്നത് സ്വാഭാവികം മാത്രം. സ്ഥലം ഏറ്റെടുക്കുന്നതിനായി 200 കോടിയും നിലവിലുള്ള പാലങ്ങള്‍ മാറ്റി അവ ഉയരം കൂട്ടുന്നതിനായി 300 കോടിയും കനാലിന്റെ നവീകരണത്തിന് 600 കോടിയുമാണ് പദ്ധതിയില്‍ വകയിരുത്തിയിട്ടുള്ളത്. ഇത്രയും വലിയൊരു തുക ചെലവഴിച്ച് കനാല്‍ വീതിയും ആഴവും കൂട്ടിയാല്‍ തന്നെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ചരക്കുഗതാഗതത്തിനും ഉപയോഗപ്രദമാവണമെങ്കില്‍ കനാല്‍ മാലിന്യമുക്തമാക്കണം. കര്‍ശന നിയമനടപടികളിലൂടെയും ജനകീയസമിതികള്‍ രൂപീകരിച്ചും സിസിടിവി കാമറകള്‍ സ്ഥാപിച്ചും മാലിന്യം തള്ളുന്നവരെ നിയന്ത്രിക്കാനുള്ള നടപടികള്‍ അധികൃതര്‍ കൈക്കൊള്ളേണ്ടതുണ്ട്. ആശുപത്രികളിലെയും വ്യാപാര വ്യവസായ സ്ഥാപനങ്ങളിലെയും വീടുകളിലെയും മലിനജലം കനാലിലേക്കൊഴുകുന്നതു തടയുക എന്നത് നിരന്തര ശ്രദ്ധയും തുടര്‍ച്ചയും ആവശ്യമുള്ള ഭാരിച്ച ജോലിയാണ്. കക്കൂസ് മാലിന്യങ്ങള്‍, അറവുമാലിന്യങ്ങള്‍ തുടങ്ങിയവ നിരന്തര നിരീക്ഷണത്തിലൂടെയേ തടയാനാവുകയുള്ളൂ. ഇതിന് പ്രാദേശിക ജനകീയ കൂട്ടായ്മകളുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും സഹായം തേടാവുന്നതാണ്. ചീഞ്ഞുനാറി, കൊതുകുവളര്‍ത്തുകേന്ദ്രമായി കിടക്കുന്ന കനോലിക്കനാല്‍ വികസനം കേവലം സര്‍ക്കാര്‍ പദ്ധതികള്‍ എന്നതില്‍നിന്നു മാറി ജനങ്ങളുടെ ആവശ്യവും പങ്കാളിത്തവും ഉറപ്പാക്കിക്കൊണ്ടുള്ളതാക്കി മാറ്റുകയാണ് അധികൃതര്‍ ചെയ്യേണ്ടത്. അല്ലാതെ കുടിയൊഴിപ്പിക്കല്‍ ഭീഷണിയുമായി, ജനങ്ങളെ ആശങ്കയിലാക്കി മുകളില്‍നിന്ന് നൂലില്‍ കെട്ടിയിറക്കുന്ന പദ്ധതികള്‍ ഒരിക്കലും വിജയിക്കുകയില്ല എന്നതാണ് അനുഭവം. ഇനിയെങ്കിലും കനോലിക്കനാല്‍ നവീകരണ പദ്ധതികള്‍ക്കായി ചെലവഴിക്കുന്ന പണം ജനങ്ങള്‍ക്കുവേണ്ടിയാവട്ടെ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss