|    Nov 17 Sat, 2018 5:13 pm
FLASH NEWS
Home   >  Kerala   >  

മുഖ്യമന്ത്രി നാലു ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

Published : 23rd August 2018 | Posted By: G.A.G

തിരുവനന്തപുരം : ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പമാണ് സര്‍ക്കാരെന്നും പ്രളയ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍
തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററില്‍ രാവിലെ എട്ടിന് പുറപ്പെട്ട മുഖ്യമന്ത്രി ആദ്യം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലിറങ്ങി. ക്യാമ്പിലേക്ക് പോകുന്നതിനായി തയ്യാറാക്കിയ വാഹനവ്യൂഹം ഒഴിവാക്കി മന്ത്രിമാരും ജനപ്രതിനിധികള്‍ക്കുമൊപ്പം നടന്നാണ് കോളജ് ഹാളിലെ ക്യാമ്പിലെത്തിയത്. ഭക്ഷണവും താമസവും ശരിയല്ലേയെന്നും വീടുകള്‍ നഷ്ടമായവര്‍ക്ക് എല്ലാം വീണ്ടെടുത്തു നല്കുമെന്നും പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി അവിടെ കഴിയുന്നവരുടെ അടുത്തേക്ക് ചെന്നത്. മത്‌സ്യത്തൊഴിലാളികളോടും മറ്റു രക്ഷാപ്രവര്‍ത്തകരോടുമുള്ള കടപ്പാട് പറഞ്ഞാല്‍ തീരുന്നതല്ലെന്ന് ക്യാമ്പിലുള്ളവര്‍ അറിയിച്ചു.
ഇവിടെ നിന്ന് കോഴഞ്ചേരിയിലേക്ക് ആകാശമാര്‍ഗം തിരിച്ച മുഖ്യമന്ത്രി സെന്റ്‌തോമസ് കോളേജ് മൈതാനത്ത് ഇറങ്ങിയ ശേഷം തെക്കേമലയിലെ എം.ജി. എം ഓഡിറ്റോറിയത്തിലെത്തി. സൗകര്യങ്ങളെക്കുറിച്ച് മുഖ്യന്ത്രി ക്യാമ്പില്‍ കഴിയുന്നവരോട് ചോദിച്ചറിഞ്ഞു. മന്ത്രി മാത്യു ടി. തോമസ്, എം. എല്‍. എമാരായ വീണ ജോര്‍ജ്, രാജു എബ്രഹാം, ജില്ലാ കളക്ടര്‍ പി. ബി. നൂഹ് എന്നിവര്‍ സന്നിഹിതരായിരുന്നു.
തുടര്‍ന്ന് ഹെലികോപ്റ്ററില്‍ ആലപ്പുഴ പോലീസ് ഗ്രൗണ്ടില്‍ ഇറങ്ങിയ ശേഷം ആലപ്പുഴ ലജ്‌നത്തുല്‍ മുഹമ്മദിയ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പിലെത്തി. തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കുമെന്നും ചെളിയും മാലിന്യവും നിറഞ്ഞ വീടുകള്‍ വൃത്തിയാക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ക്യാമ്പില്‍ കഴിയുന്നവരെ അറിയിച്ചു. രേഖകള്‍ നഷ്ടപ്പെട്ട വിഷമം ചിലര്‍ പങ്കുവച്ചു. ഇവ ലഭിക്കുന്നതിന് സര്‍ക്കാര്‍ വേണ്ടതു ചെയ്യുമെന്നും ആരും ആശങ്കപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും ഒരു കുടുംബം പോലെ കഴിയണം. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരെ സര്‍ക്കാര്‍ ആദരിക്കുമെന്നും അറിയിച്ചു. മന്ത്രിമാരായ ജി. സുധാകരന്‍, ഡോ. ടി. എം. തോമസ് ഐസക്ക്, പി. തിലോത്തമന്‍, ജില്ലാ കളക്ടര്‍ സുഹാസ് എന്നിവര്‍ സന്നിഹിതരായിരുന്നു. പിന്നീട് നോര്‍ത്ത് പറവൂര്‍ ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എത്തിയ അദ്ദേഹം ഗ്രിഗോറിയോസ് സ്്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി. ഇവിടെയുള്ളവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീന്‍, വി. ഡി. സതീശന്‍ എം. എല്‍. എ എന്നിവര്‍ ക്യാമ്പിലെത്തിയിരുന്നു. പറവൂരില്‍ നിന്ന് ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലാണ് മുഖ്യമന്ത്രിയെത്തിയത്.
പ്രളയക്കെടുതിയില്‍ വീട് പൂര്‍ണമായും തകര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് അവരുടെ വീടുകള്‍ പൂര്‍വസ്ഥിതിയിലാകുന്നതു വരെ പ്രത്യേക സൗകര്യമൊരുക്കി ക്യാമ്പുകളില്‍ വിന്യസിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഇവര്‍ക്ക് പൂര്‍ണ പരിരക്ഷ നല്‍കും. ഓരോ ക്യാംപുകളും സന്ദര്‍ശിക്കുമ്പോള്‍ തന്നെ അന്തേവാസികളോടുള്ള സര്‍ക്കാരിന്റെ അടുപ്പത്തിന് കൂടുതല്‍ അര്‍ത്ഥം ഉണ്ടാവുകയാണ്. കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഈ പ്രളയത്തെ നമ്മള്‍ നേരിട്ടത് ഒരേ മനസോടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പിലുള്ള പ്രായമായവരും സ്ത്രീകളും തങ്ങളുടെ മഴക്കെടുതി ദുരിതങ്ങള്‍ മുഖ്യമന്ത്രിയോട് പങ്കുവെച്ചു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും ഇനിയും മുന്നേറാനുണ്ടെന്നും മുഖ്യമന്ത്രി അവരോടു പറഞ്ഞു. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, ഇന്നസെന്റ് എം.പി, ബി. ഡി. ദേവസി എം. എല്‍. എ എന്നിവര്‍ സന്നിഹിതരായിരുന്നു.
റവന്യു മന്ത്രി. ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യന്‍, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ മുഖ്യമന്ത്രിയെ അനുഗമിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss