|    Dec 11 Tue, 2018 6:29 pm
FLASH NEWS
Home   >  National   >  

ഹേമന്ദ് കര്‍ക്കരെയ്ക്ക് പിന്നാലെ സുബോധ് കുമാറും; നേര്‍ വഴിയില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഹിന്ദുത്വര്‍

Published : 4th December 2018 | Posted By: mtp rafeek

ബുലന്ദ ശഹര്‍: തങ്ങള്‍ക്കെതിരേ വിരല്‍ ചൂണ്ടുന്ന ബുദ്ധി ജീവികളെയും അന്വേഷണം നടത്തുന്ന പോലിസ് ഉദ്യോഗസ്ഥരെയും ലക്ഷ്യമിടുന്ന ഹിന്ദുത്വ രീതി അവസാനിക്കുന്നില്ല. ഉത്തര്‍പ്രദേശിലെ ബുലന്ദ് ശഹറില്‍ സംഘപരിവാര ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിന്റെ മരണം ആസൂത്രിതമാണെന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്ന് അധികം വൈകാതെ നടന്ന മുഹമ്മദ് അഖ്‌ലാക്കിന്റെ മരണത്തിന് പിന്നില്‍ ഹിന്ദുത്വ ശക്തികളാണ് എന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥാനാണ് ഇപ്പോള്‍ കൊല്ലപ്പെട്ടിരിക്കുന്നത്. അക്രമിക്കൂട്ടത്തെ നയിച്ച ബജ്‌റംഗ് ദള്‍ നേതാവ് ഉതിര്‍ത്ത വെടിയേറ്റാണ് അദ്ദേഹം മരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ പശു ഇറച്ചി വീട്ടില്‍ സൂക്ഷിച്ചുവെന്നതിന്റെ പേരില്‍ മുഹമ്മദ് അഖ്‌ലാക്ക് കൊല്ലപ്പെട്ട കേസ് ആദ്യം അന്വേഷിച്ചത് സുബോധ് കുമാറായിരുന്നു. ഈ അന്വേഷണത്തിലാണ് അഖ്‌ലാക്കിന്റെ വീട്ടില്‍ സൂക്ഷിച്ചത് പശു ഇറച്ചി അല്ലെന്നും ആക്രമണം ആസൂത്രിതമായിരുന്നു എന്നും കണ്ടെത്തിയത്. പിന്നീട് ഇദ്ദേഹത്തെ സ്ഥലം മാറ്റുകായിരുന്നു. കേസിലെ പ്രതികള്‍ക്കെല്ലാം പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുളള ബിജെപി നേതാക്കള്‍ പിന്നീട് പ്രതികളെ ന്യായികരിക്കുകയും ജയിലില്‍നിന്ന് ഇറങ്ങിയപ്പോള്‍ സ്വീകരണം നല്‍കുകയും ചെയ്തു.

ഹിന്ദുത്വ ഭീകരത വെളിച്ചത്ത് കൊണ്ടുവന്നതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെടുന്ന ആദ്യ ഉദ്യോഗസ്ഥനല്ല സുബോധ് കുമാര്‍. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത്, പ്രജ്ഞാ സിങ് താക്കൂര്‍ എന്നിവരാണ് മാലേഗാവ് സ്‌ഫോടനത്തിന് പിന്നിലെന്ന് കണ്ടെത്തിയ മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ ഹേമന്ദ് കര്‍ക്കരെയും കൊല്ലപ്പെടുകയായിരുന്നു. 2008 മുംബൈ ഭീകരാക്രമണ വേളയിലാണ് കര്‍ക്കരെ ദൂരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നില്‍ ഹിന്ദുത്വര്‍ ആണെന്നതിന് നിരവധി തെളിവുകള്‍ പുറത്തുവന്നിരുന്നു.

നരേന്ദ്ര ദാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് തുടങ്ങിയ ബുദ്ധിജീവികളും മാധ്യമപ്രവര്‍ത്തകരം കൊല്ലപ്പെട്ടത് ഹിന്ദുത്വയെ ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു. അമിത് ഷാ പ്രതിയായ സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന ജസ്റ്റിസ് ലോയയുടെ മരണത്തിന് പിന്നിലും സമാനമായ കാരണങ്ങളുണ്ടെന്ന സംശയം ഉയരുന്നുണ്ട്.

തബ്്‌ലീഗ് ജമാഅത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ വിവിധ ഭാഗങ്ങളില്‍നിന്ന് വിശ്വാസികള്‍ ബുലന്ദ് ശഹറില്‍ എത്തുന്ന വേളയിലാണ് കഴിഞ്ഞ ദിവസം ആക്രമം നടന്നത്. തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ക്കായി താമസിക്കാന്‍ ചില ക്ഷേത്രങ്ങള്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. വളര്‍ന്നുവരുന്ന മതസൗഹാര്‍ദ്ദത്തെ തകര്‍ക്കല്‍ കൂടി ലക്ഷ്യമിട്ടാണ് സംഘ്പരിവാര്‍ സംഘടനകള്‍ പശുംസംരക്ഷണത്തിന്റെ മറവില്‍ ആക്രമണം അഴിച്ചുവിട്ടതെന്നും ആരോപണമുണ്ട്.

2010 മുതലുള്ള എട്ടു വര്‍ഷം നടന്ന ഇത്തരം ആക്രമണങ്ങളില്‍ 97 ശതമാനവും നടന്നത് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണെന്ന്് ഇന്ത്യ സ്‌പെന്റ് നടത്തിയ കണക്കെടുപ്പില്‍ വ്യക്തമായിരുന്നു. ആക്രമണങ്ങളില്‍ ഭൂരിപക്ഷവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് നടന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss