|    Dec 17 Mon, 2018 5:39 am
FLASH NEWS
Home   >  Kerala   >  

ആര്‍ത്തവം അശുദ്ധിയാണോയെന്ന് തീരുമാനിക്കേണ്ടത് സ്ത്രീയാണെന്ന് ബൃന്ദ കാരാട്ട്

Published : 12th November 2018 | Posted By: G.A.G

ന്യൂഡല്‍ഹി: ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് തടസമാകും വിധമുള്ള അശുദ്ധി ആര്‍ത്തവ കാലത്തുണ്ടാകുമോ എന്നത് സ്ത്രീയുടെ വ്യക്തിപരമായ തീരുമാനമായിരിക്കണമെന്ന് ബൃന്ദ കാരാട്ട്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഡല്‍ഹി കേരളഹൗസില്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വിശ്വാസത്തിന്റെ ഭാഗമായി ആര്‍ത്തവം അശുദ്ധിയുണ്ടാക്കുമെന്ന് കരുതുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. അവര്‍ക്ക് അങ്ങനെ ചിന്തിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാതിരിക്കാം. എന്നാല്‍ മറിച്ച് ചിന്തിക്കുന്നവരെ അശുദ്ധി ആരോപിച്ച് ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് പുരോഗതിയിലേക്ക് പോകുന്ന ഒരു സമൂഹത്തിന് ചേര്‍ന്നതല്ല. ആര്‍ത്തവം ഉണ്ടാകുന്ന പ്രായ പരിധിയിലുള്ള സ്ത്രീകളെ ആര്‍ത്തവം ഉണ്ടാകാനുള്ള സാധ്യതയുള്ളതു കൊണ്ട് അതില്ലാത്ത സമയത്തടക്കം വിലക്കുന്നത് തീര്‍ത്തും യുക്തിരഹിതമാണ്. ശബരിമല വിഷയത്തില്‍ ഭരണഘടനയെ മുന്‍നിര്‍ത്തി സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഏറെ അര്‍ഥവത്താണ്. മുലക്കരം ചോദിച്ചെത്തിയവര്‍ക്ക് മുന്നില്‍ സ്വന്തം മുല മുറിച്ചെറിഞ്ഞ നങ്ങേലിയെപ്പോലുള്ളവര്‍ കേരളത്തിന്റെ സമര ചരിത്രത്തിന്റെ ഭാഗമായുണ്ടെന്ന് നാം ഓര്‍ക്കണം. അനീതികള്‍ക്കെതിരെ പൊരുതുമ്പോള്‍ ആ പാരമ്പര്യമാണ് നമ്മള്‍ മുറുകെപ്പിടിക്കേണ്ടത്. കേരളത്തിലെ ക്ഷേത്രപ്രവേശന വിളംബരം ഉള്‍പ്പെടെയുള്ളവ രാജ്യത്തിനാകമാനം മാതൃകയാണ്. ജാതീയവും ലിംഗപരവുമായ അസമത്വം മറന്ന് മനുഷ്യരെ മനുഷ്യരായി കാണാന്‍ പ്രേരിപ്പിച്ചതാണ് ക്ഷേത്രപ്രവേശന വിളംബരത്തിന്റെ സാര്‍വ്വകാലിക പ്രസക്തിയെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. സ്ത്രീ പ്രവേശിച്ചാല്‍ ബ്രഹ്മചര്യം തകരുമെന്ന് പറയുന്നത് അയ്യപ്പനോടുള്ള അവഹേളനമാണെന്ന് ബിനോയ് വിശ്വം എംപി പറഞ്ഞു. ലക്ഷം സ്ത്രീകളെ കണ്ടാലും തകരാത്ത ബ്രഹ്മചര്യമാണ് അയ്യപ്പനുള്ളതെന്ന് വിശ്വസിക്കുന്നതാണ് ഉത്തമം. സ്ത്രീകള്‍ പ്രവേശിച്ചതു കൊണ്ട് മാത്രം തകര്‍ന്നു വീഴുന്നതല്ല വിശ്വാസത്തിന്റെ ആകാശം. ചരിത്രത്തോട് നിരന്തരമായി സംവദിക്കുന്നതിലൂടെയും എല്ലാത്തിനെയും ചോദ്യം ചെയ്യുന്ന മനസ് കൈവിടാതിരിക്കുന്നതിലൂടെയുമേ പുരോഗതിയിലേക്ക് പോകാന്‍ കഴിയൂവെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss