|    Nov 20 Tue, 2018 11:00 pm
FLASH NEWS
Home   >  Sports  >  Football  >  

അറേബ്യന്‍ മണ്ണില്‍ അര്‍ജന്റീനയ്ക്ക് മേല്‍ ചിറകടിച്ച് കാനറികള്‍

Published : 17th October 2018 | Posted By: jaleel mv


ജിദ്ദ:ലോക ഫുട്‌ബോള്‍ ആരാധകരെ ആവേക്കൊടുമുടിയിലാഴ്ത്തിയ സൂപ്പര്‍ ക്ലാസിക്കോയില്‍ അര്‍ജന്റീനയ്‌ക്കെതിരേ ബ്രസീലിന് ഇഞ്ചുറി ഗോള്‍ ജയം. ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിന്റെ ആനുകൂല്യത്തില്‍ ബ്രസീല്‍ അര്‍ജന്റീനയെ
ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. പ്രതിരോധ താരം മിറാന്‍ഡയാണ് ബ്രസീലിന് വേണ്ടി അര്‍ജന്റീനയ്ക്ക് ഇഞ്ചുറി നല്‍കിയത്. സ്‌റ്റേഡിയം തിങ്ങി നിറഞ്ഞ മലയാളി ഫുട്‌ബോള്‍ ആരാധകരെ സാക്ഷിയാക്കിയാണ് കാനറിക്കൂട്ടം സൂപ്പര്‍ ക്ലാസിക്കോ കിരീടത്തില്‍ മുത്തമിട്ടത്. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അഭാവവും അര്‍ജന്റീനയെ കണ്ണീരിലാഴ്ത്തി. ആദ്യ പകുതിയില്‍ ലഭിച്ച ഒരുപിടി അവസരങ്ങള്‍ പാഴാക്കിയതാണ് അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടിയായത്.
മല്‍സരത്തില്‍ അര്‍ജന്റീനയെക്കാള്‍ ബ്രസീലിനായിരുന്നു മുന്‍തൂക്കം. 63 ശതമാനവും പന്ത് അടക്കി വച്ച ബ്രസീല്‍ 12 തവണയാണ് എതിര്‍ പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തത്. എന്നാല്‍ അര്‍ജന്റീനയും മോശമാക്കിയില്ല. പക്ഷേ, ഫിനിഷിങിലെ പിഴവ് അവര്‍ക്ക് തിരിച്ചടിയാവുകയായിരുന്നു.
മല്‍സരത്തില്‍ അധിക സമയത്തും ആക്രമണവുമായി ബ്രസീല്‍ മുന്നേറ്റ നിര മൈതാനത്ത് നിറഞ്ഞാടിയെങ്കിലും മികച്ച പ്രതിരോധം കെട്ടിയ അന്‍ീര്‍ജനന്‍ പടയ്ക്ക് മുന്നില്‍ അതെല്ലാം തട്ടിത്തകരുകയായിരുന്നു. കളി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് മിറാന്‍ഡയുടെ ഗോള്‍ വരുന്നത്.
മല്‍സരത്തില്‍ പരിചയ സമ്പന്നരായ താരങ്ങളെ മുന്‍ നിര്‍ത്തിയാണ് കോച്ച് ടിറ്റെ ബ്രസീലിനെ അഴിച്ചുവിട്ടതെങ്കില്‍ ഒരു പിടി യുവതാരങ്ങളെ അണി നിരത്തിയാണ് അര്‍ജന്റീനയും കരുക്കള്‍ നീക്കിയത്. നെയ്മര്‍- ഗബ്രിയേല്‍ ജീസസ്- ഫിര്‍മിനോ ത്രയത്തെ മുന്നില്‍ നിര്‍ത്തി കോച്ച് ടിറ്റെ ബ്രസീലിനെ 4-3-3 എന്ന ശൈലിയില്‍ കളത്തിലിറക്കിയപ്പോള്‍ മൗറോ ഇക്കാര്‍ഡി-പൗലോ ഡിബാല-എയ്ഞ്ചല്‍ കൊറിയ എന്നിവരെ ആക്രമണച്ചുമതല ഏല്‍പിച്ച് സമാന ശൈലിയിലാണ് താല്‍കാലിക കോച്ച് ലയണല്‍ സ്‌കലോണി അര്‍ജന്റീനയെയും അണി നിരത്തിയത്.
തുടക്കത്തില്‍ തന്നെ അര്‍ജന്റിനയുടെ മുന്നേറ്റമാണ് കൂടുതലായും മല്‍സരത്തില്‍ പിറവിയെടുത്തത്. എന്നാല്‍ ഫിനിഷിങിലെ പിഴവ് അവരെ വിടാതെ പിന്തുടരുകയായിരുന്നു. ഇടയ്ക്ക് ബ്രസീലും ആക്രമിച്ച് കളിച്ചു. പിന്നീട് നെയ്മര്‍-ഫിര്‍മിനോ-ജീസസ് ത്രയം അര്‍ജന്റീനന്‍ ഗോള്‍ പോസ്റ്റിലേക്ക് ഇരച്ചുകയറുന്നതാണ് കണ്ടത്. പക്ഷേ, ഒറ്റമെന്‍ഡിയും ഗാടഌഫിയാരോയും പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്താതെ പന്ത് തട്ടിയതോടെ ബ്രസീലിന്റെ ഗോളിലേക്കുള്ള മെച്ചപ്പെട്ട മുന്നേറ്റങ്ങള്‍ അര്‍ജന്റീനയ്ക്ക് പൊളിക്കാനായി.
അവസരങ്ങള്‍ കുറഞ്ഞ മല്‍സരത്തില്‍ രണ്ടാം പകുതിയുടെ അവസാന ഘട്ടങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബ്രസീല്‍ ഇഞ്ചുറി ടൈമിലെ ഗോളില്‍ വിജയിക്കുകയായിരുന്നു. നായകന്‍ നെയ്മറെടുത്ത കോര്‍ണര്‍ കിക്ക് പോസ്റ്റിനരികെ നിന്നിരുന്ന മിറാന്‍ഡ ഉയര്‍ന്ന് ചാടി ഹെഡ്ഡറിലൂടെ അര്‍ജന്റീനന്‍ വല ചലിപ്പിച്ചു.
മല്‍സരത്തില്‍ പരാജയപ്പെട്ടെങ്കിലും അര്‍ജന്റീനന്‍ യുവനിരയുടെ മികച്ച പ്രതിരോധത്തിന് കൈയടിക്കാനും സ്റ്റേഡിയത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ മറന്നില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss