Flash News

ബോക്‌സിങില്‍ അമിത് പംഗല്‍ സ്വര്‍ണമെഡല്‍ പോരാട്ടത്തിന് യോഗ്യത നേടി

ബോക്‌സിങില്‍ അമിത് പംഗല്‍ സ്വര്‍ണമെഡല്‍ പോരാട്ടത്തിന് യോഗ്യത നേടി
X

ജക്കാര്‍ത്ത: വികാസ് കൃഷ്ണനിലൂടെ ഇന്ത്യ പ്രതീക്ഷിച്ച സ്വര്‍ണ മെഡല്‍ നേട്ടം പരിക്കിലൂടെ പൊലിഞ്ഞുപോയപ്പോള്‍ ബോക്‌സിങിലെ മറ്റൊരു വിഭാഗത്തില്‍ ഫൈനലിലെത്തിയാണ് അമിത് പംഗല്‍ ഇന്ത്യന്‍ ആരാധകരുടെ ധര്‍മസങ്കടം മായ്ച്ചുകളഞ്ഞത്. 49 കിലോഗ്രാം വിഭാഗത്തില്‍ ഫിലിപ്പൈന്റെ കാര്‍ലോ പാലത്തെ 3-2ന് പരാജയപ്പെടുത്തിയാണ് അമിത് ഫൈനലിലേക്ക് ടിക്കറ്റ് നേടിയത്. കണ്ണിനു പരിക്കേറ്റ് സെമി ഫൈനലിനിടെ വികാസ് കൃഷ്ണന്‍ പിന്മാറിയതോടെ ഇന്ത്യയുടെ അവശേഷിക്കുന്ന ഏക പ്രതീക്ഷയാണ് ഈ ഹരിയാനക്കാരന്‍.
ഒന്നാം റൗണ്ടില്‍ പ്രതിരോധത്തിലൂന്നിയ അമിത് രണ്ടാം റൗണ്ടില്‍ കൂടുതല്‍ ആക്രമണോല്‍സുകത കാട്ടി വിജയം പിടിച്ചുവാങ്ങുകയായിരുന്നു. ഇന്ന് നടക്കുന്ന ഫൈനലില്‍ റിയോ 2016 ഒളിംപിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവായ ഉസ്‌ബെകിസ്താന്റെ ഹസന്‍ബോയ് ദസ്മറ്റോവ് ആണ് എതിരാളി. 2017ലെ എഐബിഎ ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ദസ്മറ്റോവ് അമിതിനെ തോല്‍പിച്ചിരുന്നു. അതേസമയം 2018ല്‍ ബല്‍ഗേറിയയില്‍ നടന്ന സ്ട്രാന്‍സ് കപ്പില്‍ സ്വര്‍ണമെഡലും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലൈറ്റ്‌വെയിറ്റ് വിഭാഗത്തില്‍ വെള്ളിയും നേടിയ അമിത് ലോക ജേതാവിനെ പരാജയപ്പെടുത്തുമോ എന്ന് ഉറ്റുനോക്കുകയാണ് കായികപ്രേമികള്‍.
Next Story

RELATED STORIES

Share it