|    Dec 11 Tue, 2018 7:17 pm
FLASH NEWS
Home   >  National   >  

പോലിസ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച ബജ്‌റംഗ്ദള്‍ നേതാവിനെ പുകഴ്ത്തി ബിജെപി എംപി; ചെയ്തത് മഹത്തായ കാര്യം

Published : 6th December 2018 | Posted By: mtp rafeek

ലഖ്്‌നോ: പശുവിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ കലാപം നടത്തിയവരെ ന്യായീകരിച്ച് ബിജെപി എംപി. സംഭവത്തെ തുടര്‍ന്ന് കൊലപാതകത്തിനും കലാപമുണ്ടാക്കിയതിനും പൊലിസ് അറസ്റ്റ് ചെയ്ത മുഖ്യപ്രതിയായ ബജ്്‌റംഗ്ദളിന്റെ ബുലന്ദ്ശഹര്‍ ജില്ലാ കണ്‍വീനര്‍ യോഗേഷ് രാജ് ചെയ്തത് മഹത്തായ പ്രവര്‍ത്തിയെന്നണ് ബിജെപി എംപിയായ ഭോലാ റാം പ്രതികരിച്ചത്.

യോഗേഷ് രാജിനെ പിന്തുണച്ച് വിഎച്ച്പി നേതാക്കളും രംഗത്തെത്തിയിരുന്നു. അതേ സമയം, സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്ന് ബജ്്‌റംഗ്ദള്‍ നേതാവ് പ്രവീണ്‍ ഭാട്ടി പ്രതികരിച്ചു.

എന്നാല്‍, സംഭവം നടന്ന സമയത്ത് താനവിടെ ഉണ്ടായിരുന്നില്ല എന്നാണ് യോഗേഷ് രാജിന്റെ വാദം. ഗോഹത്യ നടക്കുന്നുവെന്ന കാര്യം അറിഞ്ഞപ്പോള്‍ താന്‍ അവിടെ ചെന്നതായി ഇയാള്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍, അവിടെ ഉണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥരോടെ പരാതി നല്‍കുകയാണ് താന്‍ ചെയ്തതെന്ന് ഇയാള്‍ പറയുന്നു. താന്‍ നിരപരാധിയാണെന്ന് വാദിക്കുന്ന യോഗേഷ് രാജിന്റെ ഒരു വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കലാപത്തിന് നേതൃത്വം നല്‍കിയവരുടെ പരാതിയില്‍ പശുകടത്തിന് ബുലന്ദ്ശഹറിന് സമീപഗ്രാമത്തിലെ പ്രായപൂര്‍ത്തിയാകാത്ത മുസ്ലിം കുട്ടികള്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. ഏഴു പേര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പെട്ട ആരും ഗ്രാമത്തിലില്ലാത്ത സാഹചര്യത്തിലാണ് പരാതിയിലെ പേരുകാരായ രണ്ടു കുട്ടികള്‍ക്കെതിരെ പൊലിസ് കേസെടുത്തത്.

ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ വധിക്കാനും കലാപമുണ്ടാക്കാനും ഗൂഢാലോചന നടന്നെന്നും ആരോപണമുണ്ട്. സുബോധ് കുമാറിന്റെ സഹോദരിയടക്കമുളളവര്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. 2015ല്‍ യുപിയിലെ ദാദ്രിയില്‍ ബീഫിന്റെ പേരില്‍ മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍. സുബോധ് കുമാര്‍ കൊലപ്പെട്ടത് വെടിയേറ്റാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. സുബോധ് കുമാറിനെ കൂടാതെ നാട്ടുകാരനായ സുമിത് കുമാറും (20) കൊല്ലപ്പെട്ടിരുന്നു.

സയ്‌ന മേഖലയിലെ വനപ്രദേശത്ത് പശുക്കളുടെ തലയും മറ്റവശിഷ്ടങ്ങളും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഒരുകൂട്ടമാളുകള്‍ തിങ്കളാഴ്ച രാവിലെമുതല്‍ പ്രദേശത്ത് അക്രമം അഴിച്ചുവിട്ടത്. കല്ലേറില്‍ പരിക്കേറ്റ പോലിസ് ഇന്‍സ്‌പെക്ടറെ കൊണ്ടു പോകുന്ന വാഹനം പിന്തുടര്‍ന്ന് അക്രമികള്‍ വെടിവച്ച് കൊല്ലുകയായിരുന്നു. സംഭവത്തില്‍ വലിയ ഗൂഡാലോനച നടന്നതായി സംസ്ഥാന പോലിസ് മേധാവി സ്ഥിരീകരിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss