|    Nov 18 Sun, 2018 3:23 pm
FLASH NEWS
Home   >  Kerala   >  

ശബരിമല ഭക്തന്റെ മൃതദേഹം കണ്ടെത്തി; മരണം പോലിസ് നടപടിക്കിടേയല്ലെന്ന് എസ്.പി

Published : 1st November 2018 | Posted By: afsal ph

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിനുപോയ ശേഷം കാണാതായ ഭക്തന്റെ മൃതദേഹം പ്ലാപ്പള്ളിക്കു സമീപം കമ്പകത്തുംവളവില്‍ വനത്തിനുളളില്‍ കണ്ടെത്തി. പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസനാണ് (60) മരിച്ചത്. റോഡില്‍ നിന്ന് 50 അടിയോളം താഴ്ചയില്‍ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പത്തു ദിവസത്തിലേറെ പഴക്കമുണ്ടെന്ന് പോലിസ് പറഞ്ഞു. മരണകാരണം വ്യക്തമായിട്ടില്ല. ശിവദാസന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ സമീപത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ വൈകീട്ട് നാലോടെ റോഡിലേക്കു പടര്‍ന്നു കയറിയ കാട്ടുവള്ളികള്‍ തെളിച്ച തൊഴിലാളികളാണ് താഴ്ചയില്‍ മൃതദേഹം കണ്ടത്. നിലയ്ക്കല്‍ പോലിസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. ഫോറന്‍സക് പരിശോധനയ്ക്ക് ശേഷം മൃതദേഹം മാറ്റും.
ലോട്ടറി വില്‍പ്പനക്കാരനായ ശിവദാസന്‍ കഴിഞ്ഞ 18നാണ് ശബരിമലയില്‍ ദര്‍ശനത്തിനു പോയത്. മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. 19ന് രാവിലെ ദര്‍ശനം കഴിഞ്ഞ് പമ്പയില്‍ തിരിച്ചെത്തിയ ശിവദാസന്‍ മറ്റൊരാളുടെ ഫോണില്‍ ബന്ധുക്കളെ വിളിച്ചിരുന്നു. പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല.
അതേസമയം, അയ്യപ്പ ഭക്തന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് പത്തനംതിട്ടയില്‍ വെള്ളിയാഴ്ച ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഹര്‍ത്താലിന് ശബരിമല കര്‍മ്മസമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളുടേയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ ശിവദാസിന്റേത് അപകട മരണമാണെന്ന് പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലും ചില ദൃശ്യമാധ്യമങ്ങളും പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് പത്തനംതിട്ട ജില്ലാ പോലിസ് മേധാവി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബര്‍ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്. 19 ന് ഇയാള്‍ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാര്‍ പറയുന്നു. ശബരിമലയില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17നും മാത്രമാണ്. അതായത് പൊലിസ് നടപടിയെ ഇയാളെ കാണാതായി എന്ന പ്രചരണം ശരിയല്ല.
പത്തനംതിട്ട-നിലക്കല്‍ റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. നിലക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലക്കല്‍ പമ്പ റൂട്ടിലാണ്. നിലക്കല്‍ പമ്പ റൂട്ടില്‍ നടന്ന പ്രശ്‌നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നതെന്നും പോലിസ് ചോദിക്കുന്നു.
മരിച്ചയാളുടെ മോട്ടര്‍സൈക്കിള്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്. പൊലിസ് നടപടിക്കിടെ ഓടിയതെങ്കില്‍ എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് എത്തിയതെന്നും ചോദ്യമുയരുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss