Flash News

ബിഷപ്പിനെ പുറത്തിറക്കാതിരിക്കാന്‍ പോലിസിന് ഗൂഢലക്ഷ്യമെന്ന് മിഷണറീസ് ഓഫ് ജീസസ്

ബിഷപ്പിനെ പുറത്തിറക്കാതിരിക്കാന്‍ പോലിസിന് ഗൂഢലക്ഷ്യമെന്ന് മിഷണറീസ് ഓഫ് ജീസസ്
X


കോട്ടയം: ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ അന്വേഷണസംഘത്തിനെതിരേ ആരോപണങ്ങളുമായി മിഷണറീസ് ഓഫ് ജീസസ് രംഗത്ത്. മദര്‍ ജനറല്‍ സിസ്റ്റര്‍ റെജീന, അസിസ്റ്റന്റ് ജനറല്‍ സിസ്റ്റര്‍ മരിയ, ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ അമല എന്നിവര്‍ പുറത്തിറക്കിയ സംയുക്ത വാര്‍ത്താക്കുറിപ്പിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയാണെന്നും അദ്ദേഹത്തെ പുറത്തിറക്കാതിരിക്കാന്‍ അന്വേഷണസംഘത്തിന് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും ആരോപിച്ചത്.
ഇല്ലാത്ത കുറ്റത്തിന്റെ പേരില്‍ ബിഷപ്പ് ക്രൂശിക്കപ്പെടുന്നതിലും ജയില്‍ വാസം അനുഭവിക്കേണ്ടിവരുന്നതിലും ക്ഷമചോദിക്കുന്നുവെന്നും പാപപരിഹാരത്തിനായി ഉപവസിച്ച് പ്രാര്‍ത്ഥിക്കുമെന്നും അറിയിച്ചുകൊണ്ടാണ് വാര്‍ത്താക്കുറിപ്പ് ആരംഭിക്കുന്നത്. ബിഷപ്പിനെതിരേ തെളിവുകളില്ലാത്ത സാഹചര്യത്തില്‍ വ്യക്തമായ അജണ്ടയോടെ എംജെ കോണ്‍ഗ്രിഗേഷനെ അന്വേഷണ ഉദ്യോഗസ്ഥര്‍ കരുവാക്കുകയാണ്. ചില കേന്ദ്രങ്ങളില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശപ്രകാരം പല മഠങ്ങളിലും മുന്നറിയിപ്പില്ലാതെ കയറിച്ചെന്ന് ഭയപ്പെടുത്തി ബിഷപ്പിനെതിരേ മൊഴി നല്‍കാന്‍ അന്വേഷണസംഘം നിര്‍ബന്ധിക്കുന്നു.
ബിഷപ്പിന് അനുകൂലമായി സത്യം പറയുന്നവരെ അവഹേളിക്കുകയും കൂട്ടുപ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തി മാനസികസമ്മര്‍ദത്തിലാക്കുകയുമാണ്. ബിഷപ്പിനെതിരേ പരാതിയുള്ളവര്‍ അതത് ജില്ലകളിലെ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ നല്‍കണമെന്ന നിര്‍ദേശം ആശങ്കാജനകമാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കന്യാസ്ത്രീക്കെതിരേ ഡല്‍ഹിയില്‍നിന്ന് പരാതി ലഭിക്കുന്നതിന് മുമ്പ്, അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയ പീഡനകഥ മഠത്തിലുള്ളവരോട് പറഞ്ഞതായി വരുത്തിത്തീര്‍ത്ത് ബിഷപ്പിനെതിരേ നീങ്ങാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. അതിനെ ശക്തമായി അപലപിക്കുന്നു. കുറവിലങ്ങാട് മഠത്തില്‍ രാത്രി രണ്ടുമണി വരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചിരിച്ചുകളിച്ച് ഉല്ലസിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് എംജെ സന്യാസ സഭയുടെ നിയമത്തിനെതിരാണ്. ഒരുമിച്ചിരുന്ന് ആലോചിച്ച് ബിഷപ്പിനെതിരേ തെളിവുണ്ടാക്കാനുള്ള ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണ് ഇത്തരം നടപടികളെന്ന് ഭയപ്പെടുന്നു. സത്യം എത്ര മൂടിവച്ചാലും അത് പുറത്തുവരുമെന്ന പരാമര്‍ശത്തോടെയാണ് വാര്‍ത്താക്കുറിപ്പ് അവസാനിക്കുന്നത്.
Next Story

RELATED STORIES

Share it