Flash News

ബിഷപ്പിന്റെ അറസ്റ്റ് ഉച്ചയോട് കൂടിയെന്ന് സൂചന

ബിഷപ്പിന്റെ അറസ്റ്റ് ഉച്ചയോട് കൂടിയെന്ന് സൂചന
X


കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്യുമെന്ന് സൂചന. മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനായി ഫ്രാങ്കോ ഇന്ന് രാവിലെ തൃപ്പൂണിത്തുറ ഹൈ ടെക് സെല്‍ ഓഫീസിലെത്തി. ഇന്ന് അധിക സമയം ചോദ്യം ചെയ്യലുണ്ടാവില്ലെന്നാണ് പോലിസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അറസ്റ്റിനായുള്ള എല്ലാ മുന്നൊരുക്കങ്ങളും പുരോഗമിക്കുന്നുണ്ട്. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സമരം ശക്തമായതും പെട്ടെന്നൊരു തീരുമാനമെടുക്കാന്‍ പോലിസിന് മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്.

കേസില്‍ ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമാണ് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘമുള്ളത്. അറസ്റ്റിന് തടസ്സമില്ല എന്ന് തന്നെയാണ് നിയമോപദേശവും കിട്ടിയിരിക്കുന്നത്. നിയമോപദേശം തേടിയതല്ല സര്‍ക്കാര്‍ അഭിഭാഷകരുടെ അഭിപ്രായം ആരായുക മാത്രമാണ് ചെയ്തതെന്ന് കോട്ടയം എസ് പി ഹരിശങ്കര്‍ വെള്ളിയാഴ്ച രാവിലെ മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലില്‍ പോലീസ് നിരത്തിയ തെളിവുകള്‍ക്ക് മുന്നില്‍ ബിഷപ്പിന്റെ വാദങ്ങള്‍ ദുര്‍ബലമായതായാണ് പോലിസ് നല്‍കുന്ന സൂചന. ചില നിര്‍ണായക കാര്യങ്ങളില്‍ ഓര്‍മയില്ല, അറിയില്ല എന്നായിരുന്നു ബിഷപ്പിന്റെ മറുപടി. മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിന് മുന്നോടിയായി ഐജി വിജയ് സാഖറേയുടെ ഓഫിസിലെത്തി കോട്ടയം എസ്പി ഒരുമണിക്കൂറിലധികം കൂടിക്കാഴ്ച നടത്തി.

ഫ്രാങ്കോയ്ക്ക് കൂടുതല്‍ കുരുക്കായത് 2014 മേയ് അഞ്ചിന് രാത്രിയിലും അടുത്ത ദിവസങ്ങളിലും കുറുവിലങ്ങാട്ട് പോയിട്ടില്ലെന്ന മൊഴിയാണ്. ബിഷപ്പിന്റെ മറുപടികളിലേറെയും ദുര്‍ബലമോ കള്ളമോ ആണെന്നു ചോദ്യംചെയ്യലില്‍ വ്യക്തമായി. ആദ്യം ബലാത്സംഗം ചെയ്‌തെന്ന് പറയുന്ന ദിവസം കുറവിലങ്ങാട്ട് പോയിട്ടില്ലെന്നാണ് ഫ്രാങ്കോ ആദ്യം മൊഴി നല്‍കിയത്. സന്ദര്‍ശക രജിസ്റ്ററില്‍ ബിഷപ്പ് വന്നെന്നും താമസിച്ചെന്നും രേഖ ഉണ്ടായിരുന്നു. പോലിസ് തെളിവുകള്‍ നിരത്തിയതോടെ അവിടെ പോയെങ്കിലും മഠത്തില്‍ താമസിച്ചിട്ടില്ലെന്നായി ബിഷപ്പ്.

കുറവിലങ്ങാട്ടല്ല തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്തെ മഠത്തിലാണ് താമസിച്ചതെന്നായിരുന്നു മറ്റൊരു മൊഴി. എന്നാല്‍, കാര്‍െ്രെഡവറുടെ മൊഴി ഫ്രാങ്കോയ്ക്ക് എതിരാണ്. മാത്രമല്ല അവിടത്തെ സന്ദര്‍ശക രജിസ്റ്ററില്‍ ബിഷപ്പ് താമസിച്ചതിന് രേഖകളില്ല.

അടുത്തദിവസം, കന്യാസ്ത്രീയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ ഇരുവരും ഒപ്പം നില്‍ക്കുന്ന ദൃശ്യങ്ങള്‍ കാണിച്ച്, താനും അവരുമായി ഒരു പ്രശ്‌നവുമുണ്ടായില്ലെന്ന് അവകാശപ്പെടാനും ശ്രമിച്ചു. എന്നാല്‍, ചടങ്ങില്‍ പങ്കെടുത്ത ബന്ധുക്കള്‍, കന്യാസ്ത്രീ പതിവിന് വിരുദ്ധമായി മൗനിയായിരുന്നെന്നും കരഞ്ഞെന്നും മൊഴിനല്‍കിയതും പോലിസ് ചൂണ്ടിക്കാട്ടി.

ഈ രീതിയില്‍ ചോദ്യങ്ങളില്‍ പലതിനും ബിഷപ്പ് നല്‍കിയ ഉത്തരങ്ങള്‍ കള്ളമാണെന്ന് വ്യക്തമാക്കാനായതോടെയാണ് പോലിസ് അറസ്റ്റിലേക്ക് നീങ്ങുന്നത്.
Next Story

RELATED STORIES

Share it