Flash News

ആരോഗ്യപ്രശ്‌നങ്ങളില്ല: ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കും

ആരോഗ്യപ്രശ്‌നങ്ങളില്ല: ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കും
X
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഇന്നലെ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. ഇന്നലെ കോട്ടയം പോലിസ് ക്ലബിലേക്കുള്ള യാത്രക്കിടെ നെഞ്ചുവേദനയെ തുടര്‍ന്ന്് ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.എന്നാല്‍ ഫ്രാങ്കോയ്ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.



പ്രായത്തിന്റെ അവശതകള്‍ മാത്രമാണ് ഉള്ളത്. ഇസിജിയില്‍ ഉള്ളത് നേരിയ വ്യത്യാസം മാത്രമാണെന്നും അറ്റാക്കിന്റെ സാധ്യത കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് കാര്യാലയത്തിലെ ഹൈടെക് സെല്‍ ഓഫിസില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്ന ചോദ്യംചെയ്യലിന് ഒടുവിലാണ് ഫ്രാങ്കോയെ കോട്ടയം എസ്പി ഹരിശങ്കര്‍, വൈക്കം ഡിവൈഎസ്പി കെ സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീയെ ബിഷപ് ബലാല്‍സംഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഐജി വിജയ് സാഖറെയുമായി രാത്രിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം എസ്പി ഹരിശങ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കന്യാസ്ത്രീയുടെ പരാതി സത്യമാണെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിച്ചേര്‍ന്നുവെന്നും ബിഷപ്പിന്റെ ഭാഗത്തു നിന്ന് തെറ്റു സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടുവെന്നും എസ്പി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് ചെയ്യാനുള്ള തീരുമാനം.
ഇന്നലെ രാത്രിയോടെയാണ് ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. രാത്രി തന്നെ ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും സമയം വ്യക്തമാക്കാന്‍ കഴിയില്ലെന്നും എസ്പി ഹരിശങ്കര്‍ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഉടന്‍ തന്നെ ബിഷപ്പിന്റെ വൈദ്യപരിശോധന പൂര്‍ത്തിയാക്കും. ബിഷപ്പിന്റെ ലൈംഗികശേഷി അടക്കമുള്ള പരിശോധനകള്‍ നടത്തുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഇതെല്ലാം അന്വേഷണത്തിന്റെ ഭാഗമായുള്ള കാര്യങ്ങളാണെന്ന് എസ്പി പറഞ്ഞു. കോടതിയുടെ സമയം കൂടി കണക്കിലെടുത്തായിരിക്കും അദ്ദേഹത്തെ ഹാജരാക്കുക. ചോദ്യം ചെയ്യല്‍ തുടങ്ങി രണ്ടാംദിവസം തന്നെ അറസ്റ്റ് അനിവാര്യമാണെന്ന തീരുമാനത്തില്‍ അന്വേഷണ സംഘം എത്തിച്ചേര്‍ന്നിരുന്നു. കുറവിലങ്ങാട് മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍, സഭാവസ്ത്രം ഉപേക്ഷിച്ച ഒരു കന്യാസ്ത്രീയുടെ മൊഴി, ബിഷപ് കുറവിലങ്ങാട് മഠത്തിലെത്തിയ വാഹനത്തിന്റെ ഡ്രൈവറുടെ മൊഴി അടക്കമുള്ള തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തുവെങ്കിലും ഇതെല്ലാം പാടെ നിഷേധിക്കുന്ന നിലപാടായിരുന്നു ബിഷപ് സ്വീകരിച്ചിരുന്നത്. ബിഷപ്പിന്റെ മൊഴികളില്‍ ഒട്ടേറെ വൈരുധ്യങ്ങളുള്ളതായി ബോധ്യപ്പെട്ടതോടെയാണ് അറസ്റ്റിലേക്കു നീങ്ങിയത്.
Next Story

RELATED STORIES

Share it