|    Oct 20 Sat, 2018 8:17 am
FLASH NEWS
Home   >  National   >  

ഭീമ കൊരേഗാവ് : അറസ്റ്റിലായവരെ വീട്ടുതടങ്കലില്‍ വെക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

Published : 29th August 2018 | Posted By: G.A.G

ന്യൂഡല്‍ഹി: ഭീമ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത സാമൂഹ്യ പ്രവര്‍ത്തകരെ സെപ്തംബര്‍ ആറു വരെ വീട്ടുതടങ്കലില്‍ സൂക്ഷിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. അറസ്റ്റ്‌ചെയ്തവരെ ജയിലിലടയ്ക്കാനുള്ള നീക്കത്തിന് കനത്ത തിരിച്ചടിയായാണ് നടപടി വ്യാഖ്യാനിക്കപ്പെടുന്നത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. അറസ്റ്റ് ചെയ്തതിനെതിരേ ഫയല്‍ ചെയ്ത ഹരജിയില്‍ മറുപടി നല്‍കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോടും മഹാരാഷ്ട്ര സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഭിന്നാഭിപ്രായം എന്നത് ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വ് ആണെന്നും അതിന് അനുവദിച്ചില്ലെങ്കില്‍ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിക്കുമെന്നും കേസ് പരിഗണിക്കവേ ജഡ്ജിമാരിലൊരാള്‍ അഭിപ്രായപ്പെട്ടു.
കവി വരവര റാവു, അഭിഭാഷക സുധാ ഭരദ്വാജ്, സാമൂഹിക പ്രവര്‍ത്തകരായ അരുണ്‍ ഫെറേര, ഗൗതം നവ്‌ലാഖ, വെര്‍നണ്‍ ഗോണ്‍സാല്‍വസ് എന്നിവരെ പുനെ പോലിസ് ആണ് വിവിധ നഗരങ്ങളില്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയത്.
ജനുവരിയില്‍ ഭീമ കൊരേഗാവില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജൂണില്‍ അറസ്റ്റിലായ സുധീര്‍ ദാവ്‌ലെ, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റാവുത്, റോണ വില്‍സണ്‍, ഷോമ സെന്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് പോലിസിന്റെ അവകാശ വാദം.
കേസില്‍ പേര് പരാമര്‍ശിക്കപ്പെട്ട ചരിത്രകാരി റൊമീല ഥാപര്‍, ദാരുവാല എന്നിവര്‍ക്ക് വേണ്ടി പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
അതിനിടെ നടപടികള്‍ പാലിക്കാതെയുള്ള മഹാരാഷ്ട്ര പൊലീസിന്റെ അറസ്റ്റിനെ ഡല്‍ഹി ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനും ഇടപ്പെട്ടിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss