|    Sep 23 Sun, 2018 4:13 pm
FLASH NEWS
Home   >  Sports  >  Football  >  

ജര്‍മനിയിലെ സൂപ്പര്‍ കപ്പ് ബയേണ്‍ മ്യൂണിക്കിന്

Published : 13th August 2018 | Posted By: jaleel mv


ഫ്രാങ്ക്ഫര്‍ട്ട്: ബയേണ്‍ മ്യൂണിക്കിന്റെ ഗോള്‍ മഴയോടെ ജര്‍മനിയിലെ ഫുട്‌ബോള്‍ സീസണ് തുടക്കമായി. ഇന്നലെ നടന്ന ജര്‍മന്‍ സൂപ്പര്‍ കപ്പ് മല്‍സരത്തില്‍ എയിന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ടിനെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ബയേണ്‍ മ്യൂണിച്ച് പരാജയപ്പെടുത്തിയത്. പോളിഷ് സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌ക്കിയുടെ ഹാട്രിക് മാന്ത്രികത്തിലാണ് ബയേണ്‍ ഫ്രങ്ക്ഫര്‍ട്ടിനെ നാണം കെടുത്തിയത്.
ലെവന്‍ഡോവ്‌സ്‌കി ബയേണ്‍ വിടുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന സമയത്താണ് താരത്തിന്റെ ഹാട്രിക് മായാജാലം. ബയേണ്‍ ടീമില്‍ ഒമ്പതാം ഹാട്രിക്കാണ് ഇന്നലെ ലെവന്‍ഡോവ്‌സ്‌കി പൂര്‍ത്തിയാക്കിയത്. ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ കിങ്സ്ലി കൊമാനും സ്പാനിഷ് മിഡ്ഫീല്ഡര്‍ തിയാഗോ അല്‍ക്കന്താരയുമാണ് മറ്റു രണ്ടു ഗോളുകള്‍ നേടിയത്.
4-1-4-1 എന്ന വ്യത്യസ്ത ശൈലിയില്‍ ഇറങ്ങിയ ബയേണ്‍ നിരയില്‍ അറ്റാക്കിങ് സ്‌ടൈക്കറായി ലെവന്‍ഡോവ്‌സ്‌കി അവതരിച്ചു. പിന്നില്‍ ആര്യന്‍ റോബനും ഫ്രാങ്ക് റിബറിയും തോമസ് മുള്ളറും അല്‍കന്താരയും അണി നിരന്നു. കൈകള്‍ ചോരാതിരിക്കാന്‍ വേണ്ടി സൂപ്പര്‍ ഗോളി മാനുവല്‍ ന്യൂയറെയും കളത്തിലിറക്കി.
മല്‍സരത്തിന്റെ 21, 26,54 മിനിറ്റുകളിലായിരുന്നു ലെവന്‍ഡോവ്‌സകിയുടെ ഹാട്രിക്ക് ഗോള്‍ നേട്ടം. ആദ്യ രണ്ട് ഗോളുകളും ഹെഡറുകളായിരുന്നെങ്കില്‍ ഹാട്രിക്ക് തികച്ച മൂന്നാം ഗോള്‍ ഇടങ്കാലനടിയിലൂടെയായിരുന്നു. ഇതോടെ തുടര്‍ച്ചയായ മൂന്ന് വര്‍ഷം ഡി എഫ് എല്‍ സൂപ്പര്‍ കപ്പ് വിജയിക്കുന്ന ആദ്യ ടീമായും ബയേണ്‍ മാറി. പുതിയ പരിശീലകന്‍ നിക്കോ കോവാക്കിന്റെ കീഴില്‍ ബയേണിന്റെ ആദ്യ കിരീടപ്പോരാട്ടമായിരുന്നു ഇത്. സൂപ്പര്‍ കപ്പില്‍ ഇത് ഏഴാം തവണയാണ് ബയേണ്‍ ജേതാക്കളാകുന്നത്.
കഴിഞ്ഞ ജര്‍മന്‍ കപ്പ് ഫൈനലിലും ബയേണും ഫ്രാങ്ക്ഫര്‍ട്ടും തമ്മിലായിരുന്നു മല്‍സരം. അന്ന് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഫ്രാങ്ക്ഫര്‍ട്ട് ബയേണിനെ വീഴ്ത്തിയിരുന്നു. ഇപ്പോള്‍ ബയേണിന്റെ പരിശീലകനായ കോവാക്കായിരുന്നു അന്ന് ഫ്രാങ്ക്ഫര്‍ട്ടിന്റെ പരിശീലകന്‍. ബുണ്ടസ്‌ലിഗ, ജര്‍മന്‍ കപ്പ് ജേതാക്കള്‍ തമ്മിലാണ് ജര്‍മന്‍ സൂപ്പര്‍ കപ്പില്‍ ഏറ്റുമുട്ടുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss