|    Sep 19 Wed, 2018 6:42 am
FLASH NEWS
Home   >  Sports  >  Football  >  

മെസ്സി നായകത്വത്തില്‍ ബാഴ്‌സയ്ക്ക് സൂപ്പര്‍ കപ്പ്

Published : 13th August 2018 | Posted By: jaleel mv


ടാങ്കര്‍: സ്‌പെയിനിലെ ഫുട്‌ബോള്‍ സീസണലെ ആദ്യ കിരീടം സ്വന്തമാക്കി ബാഴ്‌സലോണ. ഇന്നലെ മൊറോക്കോയില്‍ നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പില്‍ സെവിയ്യയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍കള്‍ക്ക് പരാജയപ്പെടുത്തിയാണ് കാറ്റലന്‍സ് കിരീടം ഉയര്‍ത്തിയത്. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമാണ് ബാഴ്‌സ ജയം അക്കൗണ്ടിലാക്കിയത്. സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണയുടെ നായകനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നടന്ന ആദ്യ മല്‍സരത്തിലാണ് കാറ്റലോണന്‍ ടീമിന്റെ കിരീടധാരണം. രണ്ട് ദിവസം മുമ്പ് അന്താരാഷ്ട് ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ജെറാര്‍ഡ് പിക്വെ ബാഴ്‌സയുടെ അക്കൗണ്ട് തുറന്നപ്പോള്‍ ഔസ്മാനെ ഡെംബലെ രണ്ടാം ഗോളും കണ്ടെത്തി. പബ്ലോ സരാബിയയുടെ വകയായിരുന്നു സെവിയ്യയുടെ ആശ്വാസ ഗോള്‍.
സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സി, ലൂയിസ് സുവാരസ്, ഔസ്മാനെ ഡെംബലെ ത്രയത്തെ മുന്നില്‍ നിര്‍ത്തി കോച്ച് വാല്‍വെര്‍ഡെ ബാഴ്‌സയെ 4-3-3 എന്ന ശൈലിയില്‍ അണി നിരത്തിയപ്പോള്‍ കൊളംബിയന്‍ സ്‌ട്രൈക്കര്‍ ലൂയിസ് മുറിയലിനെ മുന്നില്‍ നിര്‍ത്തി 3-4-2-1 എന്ന ശൈലിയാണ് സെവിയ്യ സ്വീകരിച്ചത്.
മല്‍സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ തന്നെ പബ്ലോ സരാബിയയിലൂടെ സെവിയ മുന്നിലെത്തി. തിരിച്ചടിച്ച ബാഴ്‌സ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് തന്നെ ഒപ്പമെത്തി. ജെറാര്‍ഡ് പിക്വെയാണ് ബാഴ്‌സയെ സമനിലയിലെത്തിച്ചത്. മെസി എടുത്ത ഫ്രീകിക്ക് പോസിറ്റിലിടിച്ച് എത്തിയത് ജെറാര്‍ഡ് പിക്വെയുടെ കാലിലേക്ക്. ഒന്ന് തള്ളിവിടേണ്ട കാര്യമെ പിക്വെയ്ക്കുണ്ടായിരുന്നുള്ളു. സമനില നല്‍കിയതോടെ കളിയുടെ നിയന്ത്രണം ബാഴ്‌സയുടെ കയ്യിലായി. 78ാം മിനിറ്റില്‍ ഔസ്മാനെ ഡെംബലെ ബാഴ്‌സയുടെ അക്കൗണ്ടില്‍ ഒരു ഗോളും ചേര്‍ത്തതോടെ കാറ്റലന്‍സ് 2-1 ന് മുന്നില്‍. ഒന്നാന്തരമൊരു ലോങ് റേഞ്ച് ഷോട്ടിലൂടെയാണ് ഡെംബലെ എതിര്‍ വലകുലുക്കിയത്.
അവസാന നിമിഷങ്ങളില്‍ ഒപ്പമെത്താന്‍ സെവിയ്യയ്ക്ക് മികച്ചൊരു സുവര്‍ണാവസരം ലഭിച്ചെങ്കിലും വിസാം ബിന്‍ യെഡ്ഡര്‍ എടുത്ത പെനല്‍റ്റി ബാഴ്‌സ ഗോളി ടെര്‍ സ്റ്റീഗന്‍ തടുത്തിട്ടു. പിന്നീട് ഗോളുകള്‍ പിറക്കാതിരുന്നതോടെ ബാഴ്‌സ സീസണിലെ ആദ്യ കിരീടം ഉയര്‍ത്തി. കിരീട നേട്ടത്തോടെ മറ്റൊരു റെക്കോഡും മെസി സ്വന്തമാക്കി. ബാഴ്‌സലോണയ്ക്കായി ഏറ്റവുമധികം കിരീടങ്ങള്‍ സ്വന്തമാകുന്ന താരമെന്ന നേട്ടമാണ് മെസി കൈവരിച്ചത്. 33ാം കിരീടമാണ് ബാഴ്‌സയില്‍ മെസി സ്വന്തമാക്കിയത്. ഇക്കാര്യത്തില്‍ മുന്‍ ക്യാപ്റ്റന്‍ ആന്ദ്രേ ഇനിയേസ്റ്റയെയാണ് മറികടന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss