|    Nov 19 Mon, 2018 12:41 am
FLASH NEWS
Home   >  Sports  >  Football  >  

ലാലിഗയില്‍ അവസാന സമയത്ത് തിരിച്ചടിച്ച് ബാഴ്‌സ; റയല്‍ വിജയവഴിയില്‍

Published : 4th November 2018 | Posted By: jaleel mv

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ അവസാന സമയത്ത് സമനിലയും തുടര്‍ന്ന് വിജയഗോളും സ്വന്തമാക്കി ബാഴ്‌സലോണ. റയോ വല്ലക്കാനോയുമായുള്ള മല്‍സരത്തില്‍ 87ാം മിനിറ്റ് വരെ 2-1ന് പിന്നിലായിരുന്ന ബാഴ്‌സ തുടര്‍ന്ന് രണ്ട് ഗോളുകള്‍ എതിര്‍ വലയില്‍ നിക്ഷേപിച്ചാണ് വിജയക്കൊടി പാറിച്ചത്. ഒടുവില്‍ 2-1ന്റെ ജയവുമായി ബാഴ്‌സ ലാലിഗ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 87ാം മിനിറ്റില്‍ ഉസ്മാന്‍ ഡെംബലേയും 90ാം മിനിറ്റില്‍ സുവാരസും നേടിയ ഗോളുകളാണ് ബാഴ്‌സയ്ക്ക് വിജയമൊരുക്കിയത്. നേരത്തേ 11ാം മിനിറ്റില്‍ ബാഴ്‌സയുടെ അക്കൗണ്ട് തുറന്ന സുവാരസ് കളിയില്‍ ഇരട്ടഗോളും സ്വന്തമാക്കി. കഴിഞ്ഞ മല്‍സരത്തില്‍ താരം ഹാട്രിക്കുമായി ടീമിന് വമ്പന്‍ ജയം സമ്മാനിച്ചിരുന്നു.

മെസ്സിയുടെ അസാന്നിധ്യത്തില്‍ ഇറങ്ങിയ ബാഴ്‌സയ്ക്ക് വേണ്ടി 11ാം മിനിറ്റില്‍ സുവാരസാണ് മുന്നിലെത്തിച്ചത്. തുടര്‍ന്നാണ് ബാഴ്‌സയെ ഞെട്ടിച്ചുള്ള പ്രകടനം എതിര്‍ ടീം പുറത്തെടുത്തത്. 35ാം മിനിറ്റില്‍ പോസോയും 60ാം മിനിറ്റില്‍ അല്‍വാരോ ഗാര്‍ഷ്യയും വാല്ലക്കാനോയ്ക്കായി ലക്ഷ്യം കണ്ടതോടെ ബാഴ്‌സ 2-1ന് പിന്നിലായി. പിന്നീടാണ് ഡെംബലെയും സുവാരസും ബാഴ്‌സയുടെ രക്ഷകവേഷം കെട്ടിയത്. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്ക് 11 മല്‍സരങ്ങളില്‍ നിന്ന് 24 പോയിന്റുകളാണുള്ളത്.

അതേസമയം മറ്റൊരു മല്‍സരത്തില്‍ റയല്‍ വല്ലഡോളിഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് വിജയ വഴിയില്‍ തിരിച്ചെത്തി. അവസാന ഏഴ് മിനിറ്റിനിടയില്‍ നേടിയ രണ്ട് ഗോളിലായിരുന്നു റയലിന്റെ വിജയം. ലാലിഗയില്‍ കഴിഞ്ഞ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് വിജയം സ്വന്തമാക്കാന്‍ കഴിയാതിരുന്ന റയലിന് പുതിയ കോച്ച് സൊളാരിക്ക് കീഴിലുള്ള വിജയം ആത്മവിശ്വാസം നല്‍കുന്നുണ്ട്. ജയത്തോടെ 11ാം സ്ഥാനത്തായിരുന്ന റയല്‍ 17 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ഗോള്‍ രഹിതമായി പോവുകയായിരുന്ന മല്‍സരത്തില്‍ പകരക്കാരനായി ഇറങ്ങിയ ബ്രസീലിയന്‍ യുവതാരം വിനീഷ്യസാണ് റയലിനെ മുന്നിലെത്തിച്ചത്. 73ാം മിനിറ്റില്‍ കളത്തിലിറങ്ങിയ വിനീഷ്യസ് 83ാം മിനിറ്റില്‍ റയലിന്റെ ആദ്യ ഗോള്‍ കണ്ടെത്തി. 88ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ സെര്‍ജിയോ റാമോസ് കൂടി ലക്ഷ്യം കണ്ടതോടെ 2-0ന്റെ ജയം റയലിനൊപ്പം നിന്നു. മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ലെഗാനസിനോട് 1-1ന്റെ സമനിലയോടെ ബൂട്ടഴിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss