|    Nov 15 Thu, 2018 3:03 am
FLASH NEWS
Home   >  Kerala   >  

ബണാസുര ഡാം തുറന്നത് കലക്ടര്‍ പോലും അറിയാതെ അര്‍ധരാത്രിയില്‍; ദുരിതത്തിലായത് പതിനായിരങ്ങള്‍

Published : 12th August 2018 | Posted By: mtp rafeek


കല്‍പ്പറ്റ: വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം തുറന്നത് യാതൊരു മുന്നറിയിപ്പുമില്ലാതെയാണെന്ന് കലക്ടര്‍ തന്നെ സ്ഥിരീകരിച്ചു. ജില്ലയുടെ ഭരണച്ചുമതലയുള്ള കലക്ടറെ പോലും അറിയിക്കാതെയാണ് പാതിരാത്രിയില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ മണ്ണ് അണക്കെട്ടായ ബാണാസുര സാഗര്‍ തുറന്നത്. മുന്നറിയിപ്പില്ലാതെയാണ് ഡാം തുറന്നതെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടുകാര്‍ പരാതിപ്പെടുകയും ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

നാട്ടുകാരുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കി കലക്ടര്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ വിശദീകരണം തേടിയിരിക്കുകയാണ്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് ഉണ്ടായില്ല. നേരത്തെ ഡാം അടച്ചതും കളക്ടറെ അറിയിച്ചിരുന്നില്ല. മുഴുവന്‍ സാങ്കേതികമായ നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ടാണ് കെഎസ്ഇബി ഡാം തുറന്നത്.

ബാണാസുര ഡാം തുറന്നതിനെ തുടര്‍ന്നാണ് ജില്ലയിലെ പനമരം, പടിഞ്ഞാറത്തറ പഞ്ചായത്തുകളില്‍ വന്‍ ദുരന്തമുണ്ടായത്. രണ്ട് താലൂക്കുകളില്‍ മാത്രം 59 ക്യാംപുകളാണ് തുറന്നത്. ജില്ലയിലാകെ 16000ത്തില്‍ കൂടുതല്‍ ആളുകളാണ് ക്യാംപുകളിലുള്ളത്. കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നത് മൂലം സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാനാവാതെ കുടുങ്ങിയത് നിരവധി ആളുകളാണ്. വലിയ നാശനഷ്ടമാണ് ജില്ലയിലുടനീളം ഇതിനെതുടര്‍ന്നുണ്ടായത്.

മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നതിന് കെഎസ്ഇബിക്കെതിരെ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍. പടിഞ്ഞാറത്തറയിലും, പനമരത്തുള്ളവരും തങ്ങള്‍ക്കുണ്ടായ നാശനഷ്ടത്തിന് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. ഓറഞ്ച് അലര്‍ട്ടോ റെഡ് അലര്‍ട്ടോ ഒന്നുമില്ലാത പാതിരാത്രിയില്‍ ഡാം തുറന്നുവിടുകയാണ് ഉണ്ടായത്. ഇക്കാര്യത്തില്‍ മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു ഉള്‍പ്പടെയുള്ളവര്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. മനുഷ്യക്കുരുതിക്ക് തന്നെ കാരണമാകുന്ന നടപടിയായിപ്പോയി ഇതെന്നും എന്നാല്‍ വിവാദങ്ങളുണ്ടാക്കണ്ട എന്ന് കരുതി മിണ്ടാതിരിക്കുകയാണ് താനെന്നുമാണ് എംഎല്‍എ പറഞ്ഞത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss