Flash News

വീണ്ടും വംശീയ അക്രമം, ഗുജറാത്തില്‍ നിന്ന് മറ്റു സംസ്ഥാനക്കാര്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു

വീണ്ടും വംശീയ അക്രമം, ഗുജറാത്തില്‍ നിന്ന് മറ്റു സംസ്ഥാനക്കാര്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു
X


ന്യൂഡല്‍ഹി: മുംബൈയില്‍ ശിവസേന നടത്തിയ മാതൃകയിലുള്ള അതിക്രമത്തെത്തുടര്‍ന്ന് ഗുജറാത്തില്‍ നിന്ന് മറ്റു സംസ്ഥാനക്കാര്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നത്. സപ്തംബര്‍ 28ന് സബര്‍കണ്ഡ് ജില്ലയില്‍ 14 മാസം പ്രായമുള്ള കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഹിന്ദി സംസാരിക്കുന്നവര്‍ക്കെതിരേ അക്രമം പൊട്ടിപ്പുറപ്പെട്ടത്. അഹമ്മദാബാദ്, ഗാന്ധിനഗര്‍, സബര്‍ഖന്ത, പത്താന്‍, മെഹ്‌സാന എന്നീ ജില്ലകളിലാണ് കൂടുതല്‍ അക്രമങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. അക്രമവുമായി ബന്ധപ്പെട്ട് പോലിസ് 180 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എങ്കിലും അക്രമസംഭവങ്ങള്‍ക്ക് കുറവുണ്ടായിട്ടില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ വലിയ ആള്‍ക്കൂട്ടമാണ് അക്രമം നടത്തുന്നത്. വര്‍ഷങ്ങളായി ഗുജറാത്തില്‍ താമസിക്കുന്നവരാണ് പലായനം ചെയ്യുന്നവരില്‍ ഭൂരിഭാഗവും. പലയിടങ്ങളിലും വീട്ടുടമകള്‍ തന്നെ തങ്ങളുടെ വാടകക്കാരോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതര സംസ്ഥാനക്കാര്‍ക്കെതിരേ വാട്‌സാപ്പിലും ഫേസ്ബുക്കിലും നിരവധി പ്രചാരണങ്ങളാണ് നടക്കുന്നത്. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കെതിരേയാണ് കൂടുതല്‍ അതിക്രമങ്ങളും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന തന്റെ കുട്ടികളെ ആള്‍ക്കൂട്ടം ആക്രമിച്ചതായി അഹമ്മദാബാദിലെ മാധവ് നഗറില്‍ താമസിക്കുന്ന മധ്യപ്രദേശിലെ ബിന്ദില്‍ നിന്നുള്ള 30കാരന്‍ രാജകുമാരി ജാദവ് പറഞ്ഞു. മകന് ചികിത്സ നേടിയ ശേഷം ജാദവ് പിറ്റേന്ന് തന്നെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കോളനിയിലെ 1,500ല്‍ കൂടുതല്‍ വരുന്ന മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍ നൂറുകണക്കിന് പേര്‍ പിറ്റേന്ന് തന്നെ നാട്ടിലേക്ക് മടങ്ങാന്‍ തുടങ്ങിയതായി ദര്‍മേന്ദ്ര കുശാവാല പറഞ്ഞു. ബാക്കിയുള്ളവരും മടങ്ങിക്കൊണ്ടിരിക്കുകയാണ്. ഗുജറാത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്ന ബസ്സുകളിലും തീവണ്ടികളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
2002ല്‍ മുസ്്‌ലിംകള്‍ക്കെതിരേ നടന്ന ആക്രമണത്തിന് സമാനമായ സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് അഹമ്മദാബാദില്‍ താമസിക്കുന്ന കൃഷ്ണചന്ദ്ര ശര്‍മ്മ പറഞ്ഞു. ഹിന്ദി സംസാരിക്കുന്നവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. പലയിടത്തും മറ്റുസംസ്ഥാനക്കാരുടെ കടകള്‍ കത്തിച്ചു. വീടുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. മുദ്രാവാക്യം വിളിച്ചുവന്ന അറുപതിലധികം വരുന്ന സംഘം പാനി പൂരി വില്‍ക്കുന്ന തങ്ങളുടെ കടകളെല്ലാം കത്തിച്ചതായി ഗാന്ധിനഗറിലെ കോലാലില്‍ താമസിക്കുന്ന ഊര്‍മ്മിള ദേവിയെന്ന ഉത്തര്‍പ്രദേശ് സ്വദേശിനി പറഞ്ഞു. പിഞ്ചുകുഞ്ഞിനെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഹാര്‍ സ്വദേശിയെയും ഭാര്യയെയും പോലിസ് അന്വേഷിച്ചു വരിയാണ്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞിനെ വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
Next Story

RELATED STORIES

Share it