|    Nov 14 Wed, 2018 1:39 am
FLASH NEWS
Home   >  Sports  >  Football  >  

റോണോയില്ല; റയലിന് കിരീടം നഷ്ടം

Published : 16th August 2018 | Posted By: jaleel mv


താലിന്‍ (എസ്റ്റോണിയ): റോണോ ഇല്ലാതെ കളത്തിലിറങ്ങിയതിന്റെ വില റയലിന് മനസ്സിലായി തുടങ്ങി. ബുധനാഴ്ച നടന്ന യുവേഫ സൂപ്പര്‍ കപ്പ് എക്‌സ്ട്രാ ടൈം വരെ നീണ്ട മല്‍സരത്തില്‍ 4-2ന് സ്വന്തം നാട്ടിലെ വൈരികളായ അത്‌ലറ്റികോ മാഡ്രിഡിനോട് പരാജയപ്പെട്ടാണ് റയല്‍ ദയനീയ തോല്‍വി വഴങ്ങിയത്. ഇരുടീമും 2-2ന്റെ സമനിലയിലെത്തിയതോടെ മല്‍സരം എക്‌സ്ട്രാ ടൈമിലേക്ക് കടന്ന ശേഷമാണ് ടീം തോല്‍വി നേരിട്ടത്.
സൂപ്പര്‍ താരങ്ങളെല്ലാവരും അണി നിരന്ന റയലിനെയാണ് അത്‌ലറ്റികോ മാഡ്രിഡ് അപ്രതീക്ഷിതമായി പരാജയപ്പെടുത്തിയത്. മാര്‍കോ അസെന്‍സിയോ കരിം ബെന്‍സേമ, ഗാരെത് ബെയ്ല്‍ ത്രയത്തെ മുന്നിലും ടോണി ക്രൂസ്, കാസെമിറോ, ഇസ്‌കോ എന്നീ താരങ്ങളെ മധ്യനിരയിലും കര്‍വാഹല്‍, റാമോസ്, റാഫേല്‍ വരാനെ, മാഴ്‌സലോ എന്നിവര്‍ പ്രതിരോധത്തിലും കൈലര്‍ നവാസ് ഗോള്‍ പോസ്റ്റിലും തമ്പടിച്ചെങ്കിലും ഇവരെയെല്ലാം ഛിന്നഭിന്നമാക്കിയാണ് അത്‌ലറ്റികോ കിരീടം ചൂടിയത്. റയല്‍ 4-3-3 എന്ന ശൈലിയില്‍ കളത്തിലിറങ്ങിയപ്പോള്‍ ഡീഗോ കോസ്റ്റയെയും അന്റോണിയോ ഗ്രീസ്്മാനെയും ആക്രമണത്തിനായി നിര്‍ത്തി 4-4-2 എന്ന ശൈലിയിലാണ് അത്‌ലറ്റികോ കളത്തിലിറങ്ങിയതും. അത്‌ലറ്റികോ മാഡ്രിഡിനായി ഡീഗോ കോസ്റ്റ ഇരട്ട ഗോളും കോക്കേ, സോള്‍ എന്നിവര്‍ ഓരോ ഗോളും സ്വന്തമാക്കി. പന്തടക്കത്തില്‍ റയല്‍ മാഡ്രിഡ് മുന്നിട്ടു നിന്നെങ്കിലും ഗോളുകള്‍ സ്വന്തമാക്കുന്നതില്‍ പിറകിലായതാണ് ടീമിന് വിനയായത്.
മല്‍സരത്തിലെ ആദ്യ മിനിറ്റില്‍ തന്നെ വല കുലുക്കി ഡീഗോ കോസ്റ്റ അത്‌ലറ്റിക്കോ മാഡ്രിഡിനെ മുന്നിലെത്തിച്ചു. സൂപ്പര്‍ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോള്‍ നേടി ഡീഗോ കോസ്റ്റയാണ് ആദ്യം റയലിനെ ഞെട്ടിച്ചത്. കളി ആരംഭിച്ച് 49 സെക്കന്‍ഡുകള്‍ക്കുള്ളിലായിരുന്നു ഗോള്‍ നേട്ടം. തുടക്കത്തില്‍ത്തന്നെ ഗോള്‍ വഴങ്ങിയതിന്റെ ഞെട്ടലിലായ റയല്‍ ഗോള്‍ തിരിച്ചടിക്കാന്‍ ആവും വിധം ശ്രമിച്ചു കൊണ്ടിരുന്നു. റൊണാള്‍ഡോയുടെ അഭാവത്തില്‍ ബെയില്‍ ആയിരുന്നു റയലിന്റെ ആക്രമണങ്ങള്‍ നയിച്ചത്. 27ാം മിനിറ്റില്‍ ബെയ്ല്‍ തന്നെ റയലിന് ഗോളിനായുള്ള വഴിയും ഒരുക്കി. വലതു വിങ്ങില്‍ നിന്ന് ബെയ്‌ല് കൊടുത്ത ക്രോസ് ഹെഡ് ചെയ്ത് വലയിലാക്കി ബെന്‍സേമ കളി 1-1 എന്ന നിലയിലാക്കി. കളിയുടെ രണ്ടാം പകുതിയില്‍ തകര്‍ത്തു കളിച്ച റയലിന് 63ാം മിനിറ്റില്‍ പെനല്‍റ്റി ഭാഗ്യവും വന്നു ചേര്‍ന്നു. ഹാന്‍ഡ്ബാളിന് കിട്ടിയ പെനാല്‍റ്റി ക്യാപ്റ്റന്‍ റാമോസ് ഗോളി ഒബ്ലാക്കിനെ കീഴ്‌പ്പെടുത്തി ഗോളാക്കി മാറ്റി. അപ്പോള്‍ റയല്‍ 2-1ന് മുന്നില്‍. കളി റയലിന്റെ കയ്യിലായെന്ന് തോന്നിച്ചുവെങ്കിലും വീണ്ടും കോസ്റ്റ തന്നെ റയലിന്റെ വില്ലനായി.
79ാം മിനിറ്റില്‍ അര്‍ജന്റീനന്‍ താരംഎയ്ഞ്ചല്‍ കൊറിയയുടെ മികച്ച ഒരു പാസ് ഫിനിഷ് ചെയ്ത് കോസ്റ്റ കളി വീണ്ടും 2-2 എന്നാക്കി. പിന്നീട് ഇരുടീമും പ്രതിരോധം കാത്ത് കളിച്ചതോടെ മല്‍സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. ഇവിടെ എട്ടാം മിനിറ്റില്‍ സോള്‍ നിഗസ് നേടിയ അത്ഭുത ഗോള്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് ഒരു ഗോളിന് മുന്നിട്ട് നില്‍ക്കാന്‍ സഹായിച്ചു. ഒരു തകര്‍പ്പന്‍ ഇടം കാലന്‍ വോളിയിലൂടെ ആയിരുന്നു നിഗസിന്റെ ഗോള്‍.
3-2 എന്ന സ്‌കോറില്‍ നിന്ന് റയല്‍ തിരിച്ചുവരാന്‍ ഒരുങ്ങുന്നതിന് മുമ്പ് തന്നെ അത്‌ലറ്റിക്കോ മാഡ്രിഡ് നാലാം ഗോളും നേടി. കോസ്റ്റയും വിറ്റോലോയും നടത്തിയ നീക്കത്തിന് ഒടുവില്‍ ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ കോകെയാണ് അത്‌ലറ്റിക്കോയുടെ നാലാം ഗോള്‍ നേടിയത്. ഇത് മൂന്നാം തവണയാണ് അത്‌ലറ്റികോ മാഡ്രിഡ് സൂപ്പര്‍ ക്പ്പ വന്തമാക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss