|    Dec 14 Fri, 2018 4:40 pm
FLASH NEWS
Home   >  Kerala   >  

ഏഷ്യാനെറ്റ് ജീവനക്കാര്‍ക്കെതിരേ മീ ടു; ലൈംഗികാരോപണങ്ങളുമായി മുന്‍ ജീവനക്കാരി

Published : 15th November 2018 | Posted By: basheer pamburuthi

തിരുവനന്തപുരം: ഏഷ്യാനെറ്റ് ചാനലിലെ മൂന്നു ജീവനക്കാര്‍ക്കെതിരേ മീ ടൂ ലൈംഗികാരോപണങ്ങളുമായി
മുന്‍ ജീവനക്കാരി രംഗത്ത്. ഏഷ്യാനെറ്റ് ചാനലിന്റെ പുളിയറക്കോണം സ്റ്റുഡിയോയില്‍ 1997 മുതല്‍ 2014 വരെ പ്രൊഡക്്ഷന്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന നിഷ ബാബുവാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്. കൂടെ ജോലിചെയ്തിരുന്ന ഭര്‍ത്താവ് സുരേഷ് പാട്ടാളി 2000ല്‍ മരണപ്പെട്ട
ശേഷം മേലധികാരിയും സഹപ്രവര്‍ത്തകരുമായിരുന്ന എം ആര്‍ രാജന്‍, വി ദിലീപ്, പദ്മകുമാര്‍ എന്നിവര്‍ ലൈംഗികാതിക്രമം നടത്തുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിക്കുകയും ചെയ്‌തെന്നാണ് പോസ്റ്റിലുള്ളത്.

നിഷ ബാബുവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

‘1997 ഒക്ടോബര്‍ മുതല്‍ 2014 വരെ ഏഷ്യാനെറ്റ് പുളിയറക്കോണം സ്റ്റുഡിയോയില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ആയിട്ടാണ് ഞാന്‍ ജോലി ചെയ്തിരുന്നത്. 2000 ല്‍ മരിക്കുന്നവരെ എന്റെ ഭര്‍ത്താവും അവിടെ തന്നെയായിരുന്നു ജോലി ചെയ്തിരുന്നത്. ഭര്‍ത്താവ് മരിക്കുന്നതിന് മുമ്പുള്ള കാലം ജോലി ചെയ്യുന്ന അന്തരീക്ഷം വളരെ ശാന്തവും സഹപ്രവര്‍ത്തകര്‍ എല്ലാവരുമായി നല്ല ബന്ധത്തിലുമായിരുന്നു.
എന്നാല്‍ ഭര്‍ത്താവിന്റെ മരണത്തോടെ ജോലി സ്ഥലത്തെ അവസ്ഥ പെട്ടെന്ന് മോശമായി. ഞാന്‍ അന്ന് അവിടെയുണ്ടായിരുന്ന പ്രൊഡക്ഷന്‍ അസ്സിസ്റ്റന്റുമാരിലെ ഏക സ്ത്രീ ആയിരുന്നതിനാല്‍ മേലുദ്യോഗസ്ഥരുടെ പെരുമാറ്റത്തില്‍ പെട്ടെന്ന് മാറ്റം ഉണ്ടാവുകയും അശ്ലീലവും അധിക്ഷേപകരവുമായ നിലയിലേയ്ക്ക് അത് മാറുകയും ചെയ്തു. അന്നത്തെ ചീഫ് പ്രൊഡ്യൂസറും എന്റെ നേരെ മേലുദ്യോഗ്യാസ്ഥനുമായിരുന്ന എം ആര്‍ രാജന്‍ എന്റെ ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായിരുന്നു. ഭര്‍ത്താവ് മരിച്ച ശേഷം തുടക്കത്തില്‍ എന്നെ ആശ്വസിപ്പിക്കുകയും സഹതപിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ മുന്നോട്ടുപോയപ്പോള്‍ ഈ ആശ്വസിപ്പിക്കലും സഹതപിക്കലും പതുക്കെ ആക്ഷേപകരമായ ആംഗ്യങ്ങളും വൃത്തികെട്ട നോട്ടവും ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളുമായി മാറി. ഇത്തരം മര്യാദയില്ലാത്ത പെരുമാറ്റം അസഹനീയമായ നിലയിലായപ്പോള്‍ ഞാന്‍ അയാളുടെ പെരുമാറ്റത്തെ ശക്തമായി എതിര്‍ത്തു.
അതുവരെ ഞാന്‍ നന്നായി ജോലി ചെയ്തിരുന്ന ആളായിരുന്നു. ലൈംഗിക വേഴ്ചയ്ക്കുള്ള അയാളുടെ ക്ഷണം നിരാകരിച്ചതിനുള്ള പ്രതികാരം അയാള്‍ കാണിക്കാന്‍ തുടങ്ങി. ഔദ്യോഗിക കാര്യങ്ങളില്‍ എന്നെ പീഡിപ്പിച്ചു. എനിക്ക് പ്രോഗ്രാമുകള്‍ ഇല്ലാതായി. എന്റെ ശമ്പള വര്‍ധനവും പ്രൊമോഷനും തടഞ്ഞു. അയാളുടെ ഇംഗിതത്തിനു വഴങ്ങാത്തതിനാല്‍ മനസ് മടുത്തു. പല അവസരത്തിലും ഞാന്‍ കരഞ്ഞാണ് ് അയാളുടെ മുറിയില്‍ നിന്നു പുറത്തിറങ്ങിയത്. മറ്റൊരവസരത്തില്‍ സമാനമായൊരു അതിക്രമം വീണ്ടും നേരിടേണ്ടി വന്നു. ഏഷ്യാനെറ്റിന്റെ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന വി ദിലീപ് ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളുമായി അമാന്യമായ രീതിയില്‍ എന്നെ സമീപിക്കുകയും പാന്റിന്റെ സിപ്പ് ഊരി എന്റെ മുന്നില്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
പലവട്ടം ബലം പ്രയോഗിച്ചു ബന്ധപ്പെടാന്‍ ശ്രമിച്ചു. രാത്രി സമയം ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഇയാള്‍ കാണാതിരിക്കാന്‍ മേശക്കടിയിലും മറ്റും ഒളിച്ചിരിക്കേണ്ടി വരുന്ന രീതിയില്‍ ഞാന്‍ അയാളെ ഭയന്നിരുന്നു. ദിവസം കഴിയും തോറും പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി. അന്ന് ഏഷ്യാനെറ്റില്‍ എന്‍ജിനീയറായിരുന്ന പദ്മകുമാര്‍ വീണ്ടും വീണ്ടും എന്റെ അനുവാദമില്ലാതെ സ്പര്‍ശിക്കുകയും ശരീരത്തില്‍ തടവുകയും ചെയ്തുകൊണ്ടിരുന്നു. ഒരു ലജ്ജയുമില്ലാതെ ഞാനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ആഗ്രഹം അയാള്‍ പ്രകടിപ്പിച്ചുകൊണ്ടിരുന്നു. അതിനെ എതിര്‍ത്തെങ്കിലും ജോലി പോവുമെന്ന ഭയത്തില്‍ ഈ അതിക്രങ്ങള്‍ നിശബ്ദമായി സഹിച്ചു. കൂടാതെ, മാനസിക യാതനകളും സഹിക്കേണ്ടി വന്നു. ദിവസം തോറുമുള്ള യാതനകള്‍ സഹിക്കാനുള്ള പരിധിയില്‍ അധികമായപ്പോഴാണ് 2014ല്‍ ഞാന്‍ ഏഷ്യാനെറ്റിലെ ജോലി ഉപേക്ഷിച്ചത്. 2014ല്‍ ഞാന്‍ എന്റെ ജോലി ഉപേക്ഷിക്കുന്നതിനു മുമ്പ് സ്റ്റാര്‍ ഇന്ത്യ ഏഷ്യാനെറ്റ് ചാനല്‍ ഏറ്റെടുത്തിരുന്നു. രണ്ടുതവണ ഞാന്‍ എം ആര്‍ രാജനെതിരേ എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പരാതി നല്‍കിയിരുന്നു. ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ വച്ച് എനിക്ക് നേരിടേണ്ടി വന്നിട്ടുള്ള എല്ലാ പ്രശ്‌നങ്ങളെ കുറിച്ചും അതില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ പരാതിയില്‍ നടപടിയെടുക്കുകയോ
നീതി ലഭിക്കുകയോ ഉണ്ടായില്ല. കഠിനമായ മാനസിക വ്യഥയോടെയാണ് സ്ഥാപനത്തിന്റെ പടിയിറങ്ങേണ്ടി വന്നത്. ഇനിയും കയ്‌പേറിയ അനുഭവങ്ങള്‍ ഉണ്ടെങ്കിലും ഈ പോസ്റ്റ് ഞാന്‍ എവിടെ അവസാനിപ്പിക്കുകയാണ്’.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss