Cricket

ഇനി ഏഷ്യന്‍ ശക്തികള്‍ തമ്മില്‍ പോരടിക്കട്ടെ

ഇനി ഏഷ്യന്‍ ശക്തികള്‍ തമ്മില്‍ പോരടിക്കട്ടെ
X


അബൂദബി: ഇംഗ്ലണ്ട് പര്യടനത്തിലെ ദയനീയതോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ ഇന്ത്യന്‍ ടീമിന് അസുലഭ അവസരം. ജേതാക്കളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയടക്കം ആറ് ഏഷ്യന്‍ ടീമുകള്‍ മല്‍സരിക്കുന്ന 14ാമത് ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് അബൂദബിയില്‍ തുടക്കമാവും. ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയും ബംഗ്ലാദേശുമാണ് മുഖാമുഖമെത്തുന്നത്.
പരിക്കിന്‍ പിടിയില്‍ ലങ്ക; പോരിനൊരുങ്ങി ബംഗ്ലാ കടുവകള്‍
ഏഷ്യാകപ്പ് തുടങ്ങുംമുമ്പേ വന്‍ തിരിച്ചടിയാണ് ലങ്കയ്ക്ക് നേരിട്ടിട്ടുള്ളത്. ഓപ്പണര്‍ ധനുഷ്‌ക ഗുണതിലകയ്ക്ക് പരിക്കുമൂലം ഈ ടൂര്‍ണമെന്റില്‍ കളിക്കാനാകില്ല. പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ലങ്കയുടെ മറ്റൊരു സൂപ്പര്‍താരം ദിനേഷ് ചണ്ഡിമലിനും പരിക്കുമൂലം യുഎഇയിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല.
പരിചയസമ്പന്നരായ ഈ രണ്ടു താരങ്ങളുടേയും അഭാവം ലങ്കന്‍ ടീമിനെ നന്നായി അലട്ടുന്നുണ്ട്. ഷെഹാന്‍ ജയസൂര്യയാണ് ഗുണതിലകക്ക് പകരക്കാരനായി വരുന്നത്. ചണ്ഡിമലിനു പകരം ഡിക്‌വെല്ലയാണ് ടീമില്‍ ഇടംപിടിച്ചിട്ടുള്ളത്. അഫ്ഗാനിസ്താനാണ് ഗ്രൂപ്പ് ബിയിലെ മറ്റൊരു ടീം. ഒരു ഗ്രൂപ്പില്‍ നിന്ന് രണ്ടു ടീമുകളാണ് അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കുക.
ശ്രീലങ്ക സാധ്യതാ ടീം: എയ്ഞ്ചലോ മാത്യൂസ്(ക്യാപ്റ്റന്‍),നിരോഷാന്‍ ഡിക്‌വെല്ല(വിക്കറ്റ് കീപ്പര്‍), ഉപുല്‍ തരംഗ, കുശാല്‍ പരേര, കുശാല്‍ മെന്‍ഡിസ്, ധനഞ്ചയ ഡിസില്‍വ, തിസാര പരേര, ദസൂന്‍ഷനാക, ദില്‍റൂവന്‍ പെരേര, സുരങ്കാ ലക്മല്‍, ലസിത് മലിംഗ
അതേസമയം വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ വിജയം പകരുന്ന ഊര്‍ജവുമായെത്തുന്ന ബംഗ്ലാ കടുവകള്‍ ഏതു ടീമിനെയും അട്ടിമറിക്കാന്‍ പോന്നവരാണ്. മികച്ച ഫോമില്‍ ബാറ്റുവീശുന്ന ഓപ്പണര്‍ തമീം ഇക്ബാല്‍, മുഷ്ഫിക്കുര്‍ റഹിം എന്നിവരുടെ ബാറ്റിങ് മികവാണ് ടീമിന്റെ പ്രധാന കരുത്ത്. മധ്യനിരയിലെ ചിട്ടയായ പ്രകടനം തുടര്‍ക്കഥയാക്കിയ മഹ്മദുല്ല, ഷാക്കിബ് അല്‍ ഹസന്‍, ലിറ്റന്‍ ദാസ് എന്നിവരും ചേരുന്ന ബംഗ്ലാ ബാറ്റിങ് ലൈനപ്പ് പൊളിക്കുക എളുപ്പമാകില്ല. മുര്‍ത്താസ നയിക്കുന്ന ബോളിങ് വിഭാഗത്തിന്റെ സ്ഥിരതയില്ലായ്മയാണു ടീമിന് പ്രധാന തലവേദന.
ബംഗ്ലാദേശ് സാധ്യതാ ലൈനപ്പ്:മഷ്‌റാഫെ മുര്‍ത്തസ(ക്യാപ്റ്റന്‍), മുഷ്ഫിക്കുറഹ്മാന്‍(വിക്കറ്റ് കീപ്പര്‍), തമീം ഇഖ്ബാല്‍, ലിറ്റണ്‍ദാസ്, ഷാക്കിബുല്‍ ഹസന്‍, മഹമൂദുല്ല, മുസാദെഖ് ഹുസൈന്‍, മുഹമ്മദ് മിഥുന്‍,മെഹ്ദി ഹസന്‍ മിറാസ്, റൂബല്‍ ഹുസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍.
ഇന്ത്യയുടെ ആദ്യ മല്‍സരം നവാഗതരുമായി
ഏറ്റവും കൂടുതല്‍ തവണ ഏഷ്യാകപ്പുയര്‍ത്തിയെന്ന പെരുമയുമായാണ് ഇന്ത്യന്‍ ടീം യുഎഇയില്‍ വിമാനമിറങ്ങിയത്. 13 ഏഷ്യാ കപ്പുകളില്‍ ആറുതവണ ഇന്ത്യയായിരുന്നു ജേതാക്കള്‍. നവാഗതരായ ഹോങ്കോങ്ങിനെതിരെ ചൊവ്വാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. ചിരവൈരികളായ പാകിസ്താനാണ് രണ്ടാം മല്‍സരത്തില്‍ എതിരാളികള്‍.
രണ്ടു ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാരാകും സെമി ഫൈനലിനു യോഗ്യത നേടുക. ഈ മാസം 28നാണു ഫൈനല്‍.
ഏഷ്യാകപ്പില്‍ നായകനായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ടീമിനൊപ്പമുണ്ടാവില്ല. ഈ വര്‍ഷം ആദ്യം മുതല്‍ മൂന്നു ഫോര്‍മാറ്റിലുമായുള്ള തുടര്‍ മല്‍സരങ്ങളില്‍ ക്ഷീണിതനായ കോഹ്‌ലിക്ക് ബിസിസിഐ വിശ്രമം അനുവദിച്ചതോടെ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുക.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, അംബാട്ടി റായുഡു, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, എം.എസ്. ധോണി, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസവേന്ദ്ര ചഹാല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുമ്ര, ഷാര്‍ദൂല്‍ ഠാക്കൂര്‍, ഖലീല്‍ അഹമ്മദ്.
Next Story

RELATED STORIES

Share it