|    Sep 21 Fri, 2018 5:28 am
FLASH NEWS
Home   >  News now   >  

ഏഷ്യന്‍ കാര്‍ണിവലിന്റെ ഉല്‍സവരാവ് നാളെ മുതല്‍

Published : 17th August 2018 | Posted By: jaleel mv


ജക്കാര്‍ത്ത: ഏഷ്യന്‍ വന്‍കരയിലെ ഏറ്റവും വലിയ കായികമാമാങ്കമായ ഏഷ്യന്‍ ഗെയിംസിനു നാളെ തിരി തെളിയും. 18ാമത് ഏഷ്യന്‍ ഗെയിംസിനുള്ള ഒരുക്കങ്ങളെല്ലാം ജക്കാര്‍ത്തയില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇന്നു മുതല്‍ രണ്ടാഴ്ചയോളം ഇമ ചിമ്മാതെ ജക്കാര്‍ത്ത ഏഷ്യയുടെ അഭിമാനമായി ലോകത്തിനു മുന്നിലുണ്ടാവും. ഇന്തോനീസ്യന്‍ നഗരങ്ങളായ ജക്കാര്‍ത്തയിലും പാലെംബാങ്കിലുമാണ് മല്‍സരങ്ങള്‍ അരങ്ങേറുന്നത്. ഏഷ്യയിലെ 45 രാജ്യങ്ങളില്‍ നിന്നായി പതിനായിരത്തോളം അത്‌ലീറ്റുകളാണ് ജന്‍മരാജ്യത്തിന്റെ അഭിമാനമുയര്‍ത്താന്‍ ട്രാക്കിലും ഫീല്‍ഡിലുമായി അണിനിരക്കുക. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ഒരു പതാകയ്ക്കു കീഴില്‍ മല്‍സരിക്കാനിറങ്ങുന്നു എന്ന പ്രത്യേകതയും ഈ ഗെയിംസിനുണ്ട്.
ജക്കാര്‍ത്തയിലെ ഗാലെറോ കാര്‍ണോ(ജിബികെ) സ്റ്റേഡിയമാണ് പ്രധാന വേദിയാവുക. ഗെയിംസിലെ ഉദ്ഘാടന, സമാപന ചടങ്ങുകള്‍ ഇവിടെ അരങ്ങേറും. ഉദ്ഘാടന ചടങ്ങുകള്‍ ഇന്നും ഗെയിംസ് മല്‍സരങ്ങള്‍ നാളെയും ആരംഭിക്കും എന്ന രീതിയിലാണ് ഗെയിംസ് ചടങ്ങുകള്‍ ഒരുക്കിയിരിക്കുന്നത്. ഇന്നു രാത്രി ഏഴിന് (ഇന്ത്യന്‍ സമയം വൈകീട്ട് 5.30ന്) മുഖ്യ സ്‌റ്റേഡിയമായ ജിബികെ സ്റ്റേഡിയത്ത് ആരംഭിക്കുന്ന ഉദ്ഘാടനച്ചടങ്ങുകളോടെ മേളയ്ക്ക് ഔദ്യോഗിക തുടക്കമാവും.
താരങ്ങള്‍ താമസിക്കുന്ന ഗെയിംസ് വില്ലേജില്‍ വ്യാഴാഴ്ച ഇന്ത്യന്‍ പതാക ഉയര്‍ന്നു. ഗെയിംസിനു ഇന്ന് തിരശീലയുയരാനിരിക്കെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച ദീപശിഖ ഗെയിംസിന്റെ മുഖ്യവേദിയായ ജിബികെ സ്റ്റേഡിയത്ത് എത്തിച്ചേര്‍ന്നു. ഇന്ത്യന്‍ സമയം രാവിലെ 7 മണി മുതല്‍ വൈകീട്ട് ഏഴു മണി വരെയാണ് മല്‍സരങ്ങള്‍. ഗെയിംസിന് ഇന്നാണ് ഔദ്യോഗിക തുടക്കമാവുന്നതെങ്കിലും വാട്ടര്‍ പോളോ, ബാസ്‌ക്കറ്റ് ബോള്‍ (5ഃ5), സോഫ്റ്റ്‌ബോള്‍, ഫുട്‌ബോള്‍, ഹാന്റ്‌ബോള്‍, എന്നീ മല്‍സരങ്ങള്‍ നേരത്തേ ആരംഭിച്ചു.
വന്‍ സംഘവുമായി ഇന്തോനീസ്യ
40 ഇനങ്ങളിലായി 460 മല്‍സരങ്ങളാണുള്ളത്. ആതിഥേയരായ ഇന്തോനീസ്യയുടെയാണ് വലിയ സംഘം. 951 താരങ്ങളാണ അവര്‍ക്കുള്ളത്. ഇന്ത്യക്ക് 36 ഇനങ്ങളില്‍ മല്‍സരിക്കാനായി 572 താരങ്ങളാണ്. ചൈനയാണ് നിലവിലെ ചാംപ്യന്‍മാര്‍. രണ്ടാം സ്ഥാനത്തിനായി ജപ്പാനും കൊറിയയും മല്‍സരിക്കുന്ന പ്രവണത ഇക്കുറിയും തുടരും.

പ്രതീക്ഷയേടെ ഇന്ത്യയും
മെഡല്‍ പട്ടികയില്‍ ആദ്യത്തെ 10 സ്ഥാനങ്ങളിലെത്തുന്നവരില്‍ ഇന്ത്യയും ഉള്‍പ്പെടുമെന്നാണ് വിലയിരുത്തല്‍. ഇക്കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്ന ഗോള്‍ഡ് കോസ്റ്റില്‍ കാഴ്ച വച്ച മികച്ച പ്രകടനം ഇന്തോനീസ്യയിലും പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണവര്‍. കഴിഞ്ഞ പതിപ്പില്‍ 11 സ്വര്‍ണമടക്കം 57 മെഡലുകളുമായാണ് ഇന്ത്യ ഇഞ്ചിയോണില്‍ നിന്നും വണ്ടി കയറിയത്. അന്ന് എട്ടാം സ്ഥാനത്തായിരുന്നു. 28 ഇനങ്ങളിലായി 516 അത്‌ലറ്റുകളാണ് അന്ന് ഇഞ്ചിയോണ്‍ മേളയില്‍ ഇന്ത്യക്കായി മെഡല്‍ കൊയ്യാന്‍ രംഗത്തുണ്ടായിരുന്നത്.
2020ല്‍ ജപ്പാനിലെ ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സിനുള്ള തയ്യാറെടുപ്പ് കൂടിയായാണ് ഏഷ്യയിലെ പ്രമുഖ രാജ്യങ്ങള്‍ ഗെയിംസിനെ കാണുന്നത്.
ഭാരോദ്വഹനം, ഗുസ്തി, ഷൂട്ടിങ്, നീന്തല്‍, വുഷു, ഫെന്‍സിങ് എന്നിവയാണ് ഗെയിംസിന്റെ ആദ്യ പകുതിയിയില്‍ മെഡല്‍ നിശ്ചയിക്കുന്ന ഇനങ്ങള്‍. ഇതില്‍ ഷൂട്ടിങ്, ഭാരോദ്വഹനം, ഗുസ്തി എന്നിവയൊക്കെയിലാണ് ഇന്ത്യ കൂടുതല്‍ മെഡല്‍ വാരാന്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. ഈ മൂന്ന് ഇനങ്ങളിലുമാണ് ഇക്കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡലുകള്‍ വാരിക്കൂട്ടിയത്. ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നിസ് എന്നീ ഇങ്ങളിലും ഇന്ത്യ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ട്.

ദൃശ്യം പ്രൗഢോജ്വലം
പ്രൗഢോജ്വലമായ ദൃശ്യാവിഷ്‌കാരത്തോടെയാണ് മല്‍സരത്തിന് അരങ്ങുണരുക. 120 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയും 26 മീറ്റര്‍ ഉയരവുമുള്ളതാണ് ജിഹബികെ സ്റ്റേഡിയത്ത് ഇന്തോനീസ്യന്‍ ഭംഗിയെ ചെയിയിവും പൂക്കളിലും ആവാഹിച്ച് ഒരു പര്‍വ്വത രൂപം സൃഷ്ടിച്ച് ലോക ഡന ശ്രദ്ധ തിരിക്കും. ഇന്തോനീസ്യയിലെ ആഗോള ഗായകനായ അങ്കുന്‍, റൈസ, തുലുസ്, എഡോ കോണ്ടെലോഗിറ്റ്, പുട്രി അയു, ഫാറ്റിന്‍, ഗാക്, കാമസിയന്‍, വിയ വ്‌ലാലന്‍ എന്നിവര്‍ ലോക സംഗീതപ്രേമികള്‍ക്ക് വിരുന്നൊരുക്കും. തുടര്‍ന്ന് 100 ല്‍ പരം മൂസിഷ്യന്‍സിന്റെ താളത്തിന് മുന്നില്‍ ഏകദേശം 4000 നര്‍ത്തകര്‍ മേളയില്‍ നൃത്തം വയ്ക്കും.
ഗെയിംസില്‍ പങ്കെടുക്കുന്ന 45 രാജ്യങ്ങളിലെ അത്‌ലറ്റുകളും ഉദ്ഘാടനച്ചടങ്ങളിലെ മാര്‍ച്ച് പാസ്റ്റില്‍ സ്വന്തം ദേശീയ പതാകയ്ക്കു കീഴില്‍ അണിനിരക്കും. മാര്‍ച്ച് പാസ്റ്റിനു ശേഷമായിരിക്കും വൈവിധ്യമാര്‍ന്ന ഉദ്ഘാടനച്ചടങ്ങുകള്‍ അരങ്ങേറുക.

തല്‍സമയ സംപ്രേഷണം
ചടങ്ങ് സോണി ടെന്‍ 1, സോണി ടെന്‍ 2, സോണി ടെന്‍ 3, സോണി ടെന്‍ 1 എച്ച് ഡി, സോണി ടെന്‍ 2 എച്ച് ഡി, സോണി ടെന്‍ 3 എച്ച് ഡി ചാനലുകളില്‍ തല്‍സമയം കാണാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss