|    Dec 19 Wed, 2018 2:31 am
FLASH NEWS
Home   >  Sports  >  Football  >  

ലിവര്‍പൂളിനും ആഴ്‌സനലിനും ജയം; സമനിലയില്‍ വഴുതി സിറ്റിപ്പട

Published : 26th August 2018 | Posted By: jaleel mv


ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളും ആഴ്‌സനലും ജയം അക്കൗണ്ടിലാക്കിയപ്പോള്‍ കഴിഞ്ഞ സീസണിലെ ലീഗ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് അപ്രതീക്ഷിത സമനില. ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷനായ ചാംപ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തെത്തി പ്രീമിയര്‍ ലീഗിലേക്ക് കടന്നുവന്ന വോള്‍വ്‌സാണ് മാഞ്ചസ്റ്റര്‍ സിറ്റിയെ 1-1ന്റെ സമനിലയില്‍ കുരുക്കിയത്. അതേസമയം, ബ്രൈറ്റനെതിരേ ഒരു ഗോളിന് ജയിച്ചു കയറിയ ലിവര്‍പൂള്‍ ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ ഇന്നലെ വെസ്റ്റ് ഹാമിനെ 3-1ന് പരാജയപ്പെടുത്തി ആഴ്‌സനല്‍ പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി.
ചാംപ്യന്‍മാര്‍ക്ക് സമനിലപ്പൂട്ട്
വോള്‍വെര്‍ഹാംപ്റ്റന്‍: മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളും ആരാധകരും ഇങ്ങനൊയൊരു ഞെട്ടല്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ചാംപ്യന്‍ഷിപ്പില്‍ നിന്നു വന്ന വോള്‍വ്‌സിനോട് കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാര്‍ക്ക് സമനില ആഘാതം. ഈ കൊല്ലം പ്രീമിയര്‍ ലീഗിലേക്ക് എത്തിയ വോള്‍വ്‌സ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് മുന്‍പില്‍ മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്. മല്‍സരത്തില്‍ ലീഡ് ചെയ്തതിനു ശേഷമാണു വോള്‍വ്‌സ് സമനില വഴങ്ങിയത്. പന്തടക്കത്തിലും ഗോളുതിര്‍ക്കുന്നതിലും സിറ്റിക്കായിരുന്നു മുന്‍ തൂക്കം. ഇരു പാദങ്ങളിലായി 71 ശതമാനം സമയമാണ് സിറ്റി താരങ്ങള്‍ പന്ത് തങ്ങളുടെ കാലുകളില്‍ നിര്‍ത്തിയത്.
ആദ്യ പകുതിയില്‍ കൂടുതല്‍ സമയം പന്ത് കൈവശം വെച്ചത് മാഞ്ചസ്റ്റര്‍ സിറ്റി ആയിരുന്നെങ്കിലും കിട്ടിയ അവസരങ്ങളില്‍ എല്ലാം വോള്‍വ്‌സ് മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ മുഖം ആക്രമിച്ചുകൊണ്ടേയിരുന്നു. ആദ്യ പകുതിയില്‍ അഗ്വുറോയുടെ ശ്രമം പോസ്റ്റില്‍ കൊണ്ട് തെറിച്ചതും സ്‌റ്റെര്‍ലിങിന്റെ മറ്റൊരു ശ്രമം ലോകോത്തര സേവിലൂടെ വോള്‍വ്‌സ് ഗോള്‍ കീപ്പര്‍ പാട്രിഷ്യോ രക്ഷപെടുത്തിയതും സിറ്റിക്ക് തിരിച്ചടിയായി.
തുടര്‍ന്ന് രണ്ടാം പകുതിയിലാണ് മാഞ്ചസ്റ്റര്‍ സിറ്റിയെ ഞെട്ടിച്ചു കൊണ്ട് വോള്‍വ്‌സ് ഗോള്‍ നേടിയത്. 57ാം മിനിറ്റില്‍ വില്ലി ബോളിയാണ് ഗോള്‍ നേടിയത്. താരത്തിന്റെ കയ്യില്‍ തട്ടിയാണ് പന്ത് സിറ്റി വലയിലെത്തിയതെങ്കിലും റഫറിയെ അസിറ്റന്റ് റഫറിയോ കാണാത്തത് കൊണ്ട് ഗോളാവുകയായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ തന്നെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് അനുകൂലമായി പെനല്‍റ്റി വീഴുകയും റഫറി നിഷേധിക്കുകയും ചെയ്തതോടെ സിറ്റിയുടെ ആഘാതം ഇരട്ടിച്ചു.
എന്നാല്‍ അധികം താമസിയാതെ മാഞ്ചസ്റ്റര്‍ സിറ്റി സമനില പിടിച്ചു. 69ാം മിനിറ്റില്‍ ഗുണ്ടഗന്റെ ക്രോസ്സില്‍ മികച്ചൊരു ഹെഡറിലൂടെ വലയിലെത്തിച്ച് ലാപോര്‍ട്ടെയാണ് സമനില ഗോള്‍ നേടിയത്. സിറ്റിക്കായി താരം നേടുന്ന ആദ്യ ഗോളാണിത്. തുടര്‍ന്ന് വിജയ ഗോള്‍ നേടാന്‍ മാഞ്ചസ്റ്റര്‍ സിറ്റി ശ്രമം തുടര്‍ന്നെങ്കിലും ഭാഗ്യം വോള്‍വ്‌സിന്റെ തുണക്കെത്തുകയായിരുന്നു. അവസാന നിമിഷം ലഭിച്ച ഫ്രീ കിക്കില്‍ അഗ്വുറോയുടെ ശ്രമം ബാറില്‍ തട്ടി തെറിച്ചതും സിറ്റിക്ക് വിനയായി.
ലിവര്‍പൂള്‍ ഒന്നാമത്
ലിവര്‍പൂള്‍: പൊരുതി നിന്ന ബ്രൈറ്റനെയാണ് ലിവര്‍പൂള്‍ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചത്. ആദ്യ പകുതിയിലെ 23ാം മിനിറ്റില്‍ ഈജിപ്ഷ്യന്‍ ഗോള്‍ മെഷീന്‍ മുഹമ്മദ് സലാഹ് നേടിയ ഗോളാണ് ലിവര്‍പൂളിന് ജയം സമ്മാനിച്ചത്.
മല്‍സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ഗോളെന്ന് ഉറച്ച അവസരം രക്ഷപ്പെടുത്തിയ ഗോള്‍ കീപ്പര്‍ അലിസന്റെ പ്രകടനവും ലിവര്‍പൂളിന്റെ രക്ഷയ്‌ക്കെത്തി. കളിച്ച മൂന്ന് മല്‍സരങ്ങളിലും ജയം അക്കൗണ്ടിലാക്കിയാണ് ലിവര്‍പൂള്‍ ഒന്നാമതുള്ളത്.
ആദ്യ പകുതിയില്‍ ബ്രൈറ്റന്‍ പ്രതിരോധം വരുത്തിയ പിഴവാണ് ഗോളില്‍ കലാശിച്ചത്. ബീസൂമയുടെ മോശം പാസ് പിടിച്ചെടുത്ത മില്‍നര്‍ തുടങ്ങിയ ആക്രമണം ഫിര്‍മിനോയുടെ പാസില്‍ മുഹമ്മദ് സലാഹ് ഗോളാക്കുകയായിരുന്നു. തുടര്‍ന്നും ഇരു ടീമുകളും ഗോള്‍ നേടാന്‍ പരിശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു.
ആദ്യ ജയം നേടി ആഴ്‌സണല്‍
ലണ്ടന്‍: സീസണിലെ ആദ്യ ജയമാണ് ഇന്നലെ ആഴ്‌സനല്‍ നേടിയത്. പുതിയ പരിശീലകന്‍ ഉനായ് എമെറിക്ക് കീഴില്‍ ആഴ്‌സന്ല്‍ നേടുന്ന ആദ്യ ജയമാണിത്. ആഴ്‌സനലിന്റെ തട്ടകമായ എമ്ിറേറ്റ്‌സില്‍ വെസ്റ്റ് ഹാമാണ് ആദ്യ ഗോള്‍ നേടിയത്. മല്‍സരത്തിലെ 25ാം മിനിറ്റില്‍ ആഴ്‌സണല്‍ പ്രതിരോധ നിരയിലെ പിഴവ് മുതലെടുത്ത് കൊണ്ട് അര്‍ണടോവിച്ചാണ് വെസ്റ്റ് ഹാമിന്റെ ഗോള്‍ നേടിയത്. എന്നാല്‍ അഞ്ച് മിനിറ്റുകള്‍ക്കകം മോണ്‍റിയലിലൂടെ ആഴ്‌സണല്‍ സമനില പിടിച്ചു. വലതു വിങ്ങില്‍ ബെല്ലറിന്‍ നടത്തിയ മികച്ചൊരു നീക്കത്തിനൊടുവിലാണ് ആഴ്‌സണല്‍ ഗോള്‍ നേടിയത്. തുടര്‍ന്നുള്ള ആദ്യ പകുതിയില്‍ ഗോളകന്നു നിന്നതോടെ രണ്ടാം പകുതിയില്‍ ഇരു ടീമും വിജയ ഗോളിനായി പരിശ്രമിച്ചു. എന്നാല്‍ ഭാഗ്യം ആഴ്‌സനലിനൊപ്പം നിന്നു. 70ാം മിനിറ്റില്‍ ഫ്രഞ്ച് ഡിഫന്‍ഡര്‍ ഇസ്സ ഡിയോപിന്റെ സെല്‍ഫ് ഗോളിലൂടെ ആഴ്‌സനല്‍ 2-1 ന് മുന്നിട്ടു നിന്നു. ലകാസറ്റെയുടെ പാസ് ഡിയോപ്പിന്റെ ശരീരത്തില്‍ തട്ടി സ്വന്തം പോസ്റ്റില്‍ തന്നെ പതിക്കുകയായിരുന്നു. ഇതോടെ മല്‍സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ആഴ്‌സണല്‍ ഇഞ്ചുറി ടൈമില്‍ മൂന്നാമത്തെ ഗോളും നേടി വിജയം ഉറപ്പിച്ചു. വെസ്റ്റ്ഹാം താരങ്ങള്‍ ആക്രമണത്തിന് ഇറങ്ങിയപ്പോള്‍ ബെല്ലറിന്റെ പാസ് ഗോളാക്കാന്‍ വെല്‍ബെക്കിന് അധികം പ്രയാസപ്പെടേണ്ടി വന്നില്ല. മൂന്ന് മല്‍സരങ്ങളില്‍ആദ്യജയം നേടിയ ആഴ്‌സനല്‍ ഇപ്പോള്‍ 11ാം സ്ഥാനത്താണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss