|    Nov 17 Sat, 2018 9:33 pm
FLASH NEWS
Home   >  Kerala   >  

യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം: അഞ്ച് സിപിഎമ്മുകാര്‍ അറസ്റ്റില്‍

Published : 29th August 2018 | Posted By: afsal ph


ചാവക്കാട്: പരപ്പില്‍ത്താഴത്ത് നടന്ന നിരാഹാര സമരത്തിന് നേതൃത്വം നല്‍കിയതിന് കെഎസ്‌യു നേതാവടക്കം രണ്ടു പേരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് സിപിഎമ്മുകാര്‍ അറസ്റ്റില്‍. ചാവക്കാട് തിരുവത്ര കോട്ടപ്പുറം അരവാശ്ശേരി വീട്ടില്‍ ഷമീര്‍ (25), പുത്തന്‍കടപ്പുറം തൊണ്ടന്‍പിരി ഷെഫീക്ക് (27), കോട്ടപ്പുറം കുഞ്ഞീരകത്ത് സുജിത്ത് (31), കോട്ടപ്പുറം കേരന്റകത്ത് വീട്ടില്‍ സവാദ് (32), കോട്ടപ്പുറം കാളീരകത്ത് വീട്ടില്‍ വിപിന്‍ (31) എന്നിവരേയാണ് ചാവക്കാട് എസ്‌ഐ കെ ജി ജയപ്രദീപ്, എഎസ്‌ഐ അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അര്‍ധരാത്രിയിലാണ് മാരകായുധങ്ങളുമായെത്തിയ സംഘം കെഎസ്‌യു ജില്ലാ ജനറല്‍ സെക്രട്ടറി ഗുരുവായൂര്‍ കോട്ടപ്പടി കാട്ടുപാടം കുഴിക്കാട്ടില്‍ ഗോകുല്‍(26), പരപ്പില്‍ത്താഴം രതികുമാറിന്റെ മകന്‍ മിഥുന്‍ (25) എന്നിവരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രമായ പരപ്പില്‍ത്താഴത്തെ സംസ്‌ക്കരണ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് മിഥുന്റെ ഭാര്യയും നിയമ വിദ്യാര്‍ഥിനിയുമായ സോഫിയ കഴിയഞ്ഞയാഴ്ച നിരാഹാര സമരം നടത്തിയിരുന്നു. സമരത്തിന് സിപിഎം ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും മേഖലയിലെ വിവിധ സാമൂഹിക സാംസ്‌ക്കാരിക സംഘടനകളും പിന്തുണ നല്‍കുകയും ചെയ്തു. ഇതോടെ സമരത്തിന് ജനകീയ മുഖം കൈവന്നു. സിപിഎമ്മിനെതിരേ ജനരോഷം ശക്തമായി. തുടര്‍ന്ന് സമരം പൊളിക്കാന്‍ നിരവധി തവണ സിപിഎം ശ്രമം നടത്തി. ആറാം ദിവസം കലക്ടറുടെ ഉറപ്പിനെ തുടര്‍ന്ന് സമരം പിന്‍വലിച്ചു. ഇതിനിടയിലാണ് നിരാഹരസമരം അനുഷ്ടിച്ചതില്‍ ക്ഷമ ചോദിക്കുന്നതായി കാണിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടണമെന്നാവശ്യപ്പെട്ട് മാരകായുധങ്ങളുമായെത്തിയ സിപിഎം സംഘം ഇരുവരേയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തില്‍ ഗോകുലിന് തലക്കും കഴുത്തിനും കൈക്കും കാലിനും സാരമായി പരിക്കേറ്റിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss