|    Sep 20 Thu, 2018 12:43 am
FLASH NEWS
Home   >  Kerala   >  

അര്‍ണാബ് സംഘ്പരിവാറിന്റെ തൊമ്മിവേഷക്കാരനെന്ന് എം വി ജയരാജന്‍

Published : 27th August 2018 | Posted By: afsal ph

മലയാളികളെ അപമാനിച്ച റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമി സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് മുന്നിലെ തൊമ്മിവേഷക്കരനാണെന്ന് സിപിഎം നേതാവും മുഖ്യമന്ത്രി പിണറായി വിജയന്റെ െ്രെപവറ്റ് സെക്രട്ടറിയുമായ എംവി ജയരാജന്റെ വിമര്‍ശനം. കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് പണം നഷ്ടമാവുന്നു എന്ന് കരുതി ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത കാവിരാഷ്ട്രീയക്കാരന്റെ അല്‍പബുദ്ധി തന്നെയാണ് അര്‍ണബിനും എന്ന് കരുതണമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ ജയരാജന്‍ അഭിപ്രായപ്പെട്ടു. സംഘപരിവാര്‍ രാഷ്ട്രീയത്തിന് മുന്നിലെ തൊമ്മിവേഷക്കാരനാവാതെ, നട്ടെല്ല് വളയ്ക്കാത്ത മാധ്യമപ്രവര്‍ത്തകനായി കേരളത്തെയും മലയാളികളെയും കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും തയാറായിരുന്നെങ്കില്‍ ഈ അഭിപ്രായം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദേശീയ മാധ്യമപ്രവര്‍ത്തകന്‍ എന്നതുപോയിട്ട്, പ്രാദേശിക പത്രപ്രവര്‍ത്തകന്‍ എന്ന വിശേഷണം പോലും ചേരാത്തയാളാണ് അര്‍ണബ് ഗോസ്വാമി. പ്രളയക്കെടുതി അഭിമുഖീകരിക്കുന്ന ഘട്ടത്തിലും മലയാളികളെയും കേരളത്തെയും അപമാനിക്കാനാണ് ഈ ‘മാധ്യമ മേല്‍വിലാസക്കാരന്‍’ തയാറായിരിക്കുന്നത്. ഗോസ്വാമിയുടെ ആസമിനേക്കാള്‍ പലകാര്യങ്ങളിലും ലോകത്തോട് മത്സരിക്കുന്നവരാണു കേരളവും മലയാളികളും. മുന്നനുഭവം ഇല്ലാതിരുന്നിട്ടും നൂറ്റാണ്ടിലെ വലിയ പ്രകൃതിക്ഷോഭത്തെ ഐക്യത്തോടെ പരാജയപ്പെടുത്തിയ കേരളാമാതൃക ലോകം ചര്‍ച്ച ചെയ്യുകയാണിന്ന്. നാണം കെട്ടവരല്ല, നാടിന്റെ (ഇന്ത്യയുടെ) യശസ്സുയര്‍ത്തിപ്പിടിച്ചവരാണു കേരളവും മലയാളികളുമെന്നും ജയരാജന്‍ കുറിച്ചു.
സ്വന്തം ചാനലായ റിപ്പബ്ലിക് ടിവിയിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു അര്‍ണാബിന്റെ വിവാദ പ്രസ്താവന. യുഎഇയുടെ സഹായവാഗ്ദാനവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ, താന്‍ കണ്ട എക്കാലത്തെയും നാണം കെട്ട ഒരു കൂട്ടം ആളുകളാണിതെന്ന് അര്‍ണാബ് പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ മലയാളികള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. റിപ്പബ്ലിക് ടിവിയുടെയും അര്‍ണാബിന്റെയും പേജുകളില്‍ പ്രതിഷേധമറിയിച്ചും പ്ലേ സ്‌റ്റോറില്‍ ചാനല്‍ ആപ്പിന് കുറഞ്ഞ റേറ്റിങ് നല്‍കിയുമാണു മലയാളികളുടെ പ്രതിഷേധം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss