|    Dec 18 Tue, 2018 12:44 am
FLASH NEWS
Home   >  Kerala   >  

ബിജെപിക്ക് വെള്ളവും വളവും നല്‍കുന്നത് താനല്ല, പിണറായി വിജയനാണെന്ന് എ കെ ആന്റണി

Published : 26th November 2018 | Posted By: G.A.G

കോഴിക്കോട്: ബിജെപിക്ക് വെള്ളവും വളവും നല്‍കുന്നത് താനല്ല, പിണറായി വിജയനാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. പിണറായി വിജയന്റെ മതേതര സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും പിണറായിക്ക് മുമ്പേ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ആളാണ് താനെന്നും ആന്റണി പറഞ്ഞു. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ആന്റണി ബിജെപിക്ക് വെള്ളവും വളവും നല്‍കുകയാണെന്ന പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ശബരിമല വിഷയത്തില്‍ ബിജെപിക്ക് കലാപത്തിന് അവസരം നല്‍കുന്ന സിപിഎം ഒത്തുകളി നടത്തുകയാണെന്നും ആന്റണി ആരോപിച്ചു. ബിജെപിയെയും ആര്‍എസ്എസിനെയും വളര്‍ത്തി കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്താമെന്ന വ്യാമോഹം നടക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ആര്‍എസ്എസിനോട് പ്രസംഗത്തില്‍ മാത്രമാണ് മുഖ്യമന്ത്രിക്ക് വിരോധം. ആര്‍എസ്എസ് വളരണമെന്നാണ് സിപിഎമ്മിന്റെ ആഗ്രഹം. ഈ നീക്കത്തിന്റെ പടത്തലവന്‍ മുഖ്യമന്ത്രിയാണ്. ശബരിമലയിലെ കലാപങ്ങളുടെ ഒന്നാം പ്രതി മുഖ്യമന്ത്രിയും കൂട്ടുപ്രതികള്‍ ആര്‍എസ്എസും ബിജെപിയുമാണ്. പിണറായി വിജയനല്ല, ബ്രിട്ടീഷുകാരും സര്‍ സി പി രാമസ്വാമി അയ്യരും വിചാരിച്ചിടും കോണ്‍ഗ്രസ്സിനെ തകര്‍ക്കാനായിട്ടില്ല. കോടതി വിധി ഉപയോഗിച്ചല്ല നവോത്ഥാനമുണ്ടാക്കേണത്. ശ്രീനാരായാണഗുരുവും അയ്യങ്കാളിയുമെലാം ഇങ്ങനെയല്ല നവോത്ഥാന നായകരായത്. 1964ല്‍ പിറന്ന സിപിഎം എന്ത് നവോത്ഥാനമാണ് കേരളത്തില്‍ സൃഷ്ടിച്ചതെന്നും ആന്റണി ചോദിച്ചു.
ശബരിമല വിധി വന്നയുടന്‍ കോടതിയില്‍ സാവകാശം തേടാന്‍ സര്‍കാര്‍ ശ്രമിക്കേണ്ടിയിരുന്നു. മാര്‍ക്‌സിസിറ്റ് പാര്‍ട്ടി വിശ്വാസികേളാട് പോര്‍വിളി നടത്തിയതാണ് എല്ലാ പ്രകോപനങ്ങള്‍ക്കും കാരണം. ആക്ടിവിസ്റ്റായ ഒരു യുവതിയെ പോലിസ് വേഷമണിയിച്ച് സന്നിധാനത്തിനടുത്ത് മരക്കൂട്ടം വരെ എത്തിച്ചത് പോലിസിന്റെ വാശിയായിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മാത്രമുള്ള സിപിഎം ഇവിടത്തെ രാഷ്ട്രീയ ഇടം ബിജെപിയുമായി പങ്കിട്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഈ ശ്രമം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. ബിജെപിയുടെ വിശ്വാസപ്രഖ്യാപനങ്ങള്‍ തട്ടിപ്പാണെന്നും എ കെ ആന്റണി പറഞ്ഞു. സന്നിധാനത്ത് ബഹളംവയ്ക്കലും 18ാം പടിയില്‍ കയറി പ്രസംഗിക്കലുമെല്ലാം അതിന്റെ ഭാഗമാണ്. ഹര്‍ത്താലില്‍ അയ്യപ്പന്‍മാരെ ഒഴിവാക്കതിരുന്നതും ബിജെപിയാണ്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റെ കേരളത്തിലെ നിലപാട് വ്യക്തമാണ്. പി കെ ശശി വിഷയത്തില്‍ പഠിച്ചിട്ട് പറയാമെന്നും എ കെ ആന്റണി കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss