|    Nov 13 Tue, 2018 10:18 pm
FLASH NEWS
Home   >  Sports  >  Cricket  >  

ആദ്യം ഹാട്രിക് മാജിക്, പിന്നീട് ‘സെഞ്ചൂറിയന്‍’; വീണ്ടും പ്രീതി പിടിച്ചു പറ്റി റസ്സല്‍

Published : 11th August 2018 | Posted By: jaleel mv


പോര്‍ട്ട് ഓഫ് സ്‌പെയിന്‍: കാരിബിയന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യം ബൗളിങില്‍ ഹാട്രികും പിന്നീട് ബാറ്റിങില്‍ അതിവേഗ സെഞ്ച്വറിയും കുറിച്ച് വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആേന്ദ്ര റസ്സല്‍. സിപിഎല്ലിലെ മൂന്നാമത്തെ മല്‍സരത്തില്‍ ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സിനെതിരേ ജമൈക്ക തല്ലാവാസിനു വേണ്ടിയായിരുന്നു റസ്സലിന്റെ അവിശ്വസനീയ പ്രകടനം. ജമൈക്ക തല്ലാവാസ് തോല്‍വിയുടെ വക്കിലായിരുന്ന സമയത്താണ് റസ്സല്‍ വെടിക്കെട്ടോടെ തന്റെ ടീമിന് വിജയം കാണിച്ചത്.
മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നൈറ്റ്‌റൈഡേഴ്‌സ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിന് 223 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ മറുപടിക്കിറങ്ങിയ തല്ലാവാസ് റസ്സലിന്റെ വണ്‍മാന്‍ ഷോ മികവില്‍ മൂന്ന് പന്ത് ബാക്കി നില്‍ക്കേ നാല് വിക്കറ്റിന് ജയം സ്വന്തമാക്കുകയും ചെയ്തു. കോളിന്‍ മണ്‍റോയുടെയും (61) ബ്രെന്‍ഡന്‍ മെക്കുല്ലത്തിന്റെയും (56) തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് അവരെ വന്‍ സ്‌കോറിലെത്തിച്ചത്. ക്രിസ് ലിന്‍ 46ഉം ഡ്വെയ്ന്‍ ബ്രാവോ 29ഉം റണ്‍സ് നേടി.
നൈറ്റ്‌റൈഡേഴ്‌സിന്റെ ഇന്നിങ്‌സിലെ അവസാന ഓവറിലായിരുന്നു റസ്സലിന്റെ ഹാട്രിക് നേട്ടം. 20ാം ഓവറിലെ രണ്ടാമത്തെ പന്തില്‍ അപകടകാരിയായ മെക്കുല്ലത്തെ കീരണ്‍ പവലിന്റെ കൈകളിലെത്തിച്ചാണ് റസ്സല്‍ തുടങ്ങിയത്. തൊട്ടടുത്ത പന്തില്‍ സഹതാരമായ ബ്രാവോയെ റസ്സല്‍ ബൗള്‍ഡാക്കി. നാലാം പന്തില്‍ വിന്‍ഡീസ് ടീമിലെ മറ്റൊരു സഹതാരമായ ദിനേഷ് രാംദിനെ ഗോള്‍ഡന്‍ ഡെക്കാക്കി റസ്സല്‍ ഹാട്രിക് തികയ്ക്കുകയായിരുന്നു.
224 റണ്‍സെന്ന വന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന തല്ലാവാസിന്റെ തുടക്കം ദയനീയമായിരുന്നു. ടീം സ്‌കോര്‍ 41 റണ്‍സായപ്പോഴേക്കും അഞ്ച് മുന്‍നിര വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ഈ നിലയില്‍ നിന്നാണ് രക്ഷകനായി റസ്സല്‍ എത്തുന്നത്. എതിര്‍ ടീമിലെ ബൗളര്‍മാരെ തല്ലിപ്പറത്തിയ റസ്സല്‍ വെറും 49 പന്തില്‍ പുറത്താവാതെ 121 റണ്‍സാണ് അടിച്ചുകൂട്ടിയത്. 13 സിക്‌സറുകളും ആറ് ബൗണ്ടറിയും ഇതിലുള്‍പ്പെട്ടിരുന്നു.40 പന്തിലാണ് താരം സെഞ്ച്വറി കുറിച്ചത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരം കൂടിയാണ് റസല്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss