|    Dec 14 Fri, 2018 8:09 pm
FLASH NEWS
Home   >  News now   >  

ഓങ്‌സാന്‍ സൂച്ചിക്ക് നല്‍കിയ ഉന്നത പുരസ്‌കാരം ആംനസ്റ്റി പിന്‍വലിച്ചു

Published : 13th November 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: മ്യാന്‍മര്‍ നേതാവ് ഓങ്‌സാന്‍ സൂച്ചിക്ക് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍ര്‍നാഷനല്‍ നല്‍കിയ പരമോന്നത ബഹുതി പിന്‍വലിച്ചു. ഒരിക്കല്‍ അവര്‍ നിലകൊണ്ടിരുന്ന മൂല്യങ്ങളെ ലജ്ജാകരമായ രീതിയില്‍ ബലികഴിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ്‌ അംബാസഡര്‍ ഓഫ് കോണ്‍ഷ്യന്‍സ് അവാര്‍ഡ് ആംനസ്റ്റി പിന്‍വലിച്ചത്. ബുദ്ധത ഭൂരിപക്ഷമുള്ള രാജ്യമായ മ്യാന്‍മറില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും റോഹിന്‍ഗ്യന്‍ മുസ്്‌ലികളുടെ വംശഹത്യ തടയുന്നതിലും സൂച്ചി പരാജയപ്പെട്ടു എന്ന് ആംനസ്റ്റി നടത്തിയ പ്രഖ്യാപനത്തില്‍ പറയുന്നു.

ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി സമാധാനപരമായി നടത്തിയ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമെന്ന നിലയിലാണ് 2009ല്‍ സൂച്ചിക്ക് അവാര്‍ഡ് നല്‍കിയത്. താങ്കള്‍ ഇപ്പോള്‍, പ്രതീക്ഷ, ധീരത, മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള മരിക്കാത്ത പ്രതിരോധം എന്നിവയെ പ്രതിനിധീകരിക്കുന്നില്ല എന്നത് അങ്ങേയറ്റം ഖേദകരമാണെന്ന് അവാര്‍ഡ് പിന്‍വലിച്ച് കൊണ്ട് ആംനസ്റ്റി സൂച്ചിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി.

മ്യാന്‍മര്‍ സൈനിക ജൂണ്ടക്കെതിരേ നടത്തിയ സമര പോരാട്ടത്തിലൂടെ ധീരയായ സ്വാതന്ത്ര്യപ്പോരാളിയായി വിലയിരുത്തപ്പെട്ടയാളായിരുന്നൂ സൂച്ചി. ഇതേ തുടര്‍ന്ന് 15 വര്‍ഷത്തോളം അവരെ സൈന്യം വീട്ടുതടങ്കലിലാക്കിയിരുന്നു. സൂച്ചിയുടെ വീട്ടുതടങ്കല്‍ അവസാനിച്ച് കൃത്യം എട്ട് വര്‍ഷം പൂര്‍ത്തിയാവുമ്പോഴാണ് അവാര്‍ഡ് പിന്‍വലിക്കപ്പെട്ടത്. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരവും സൂച്ചിയെ തേടിയെത്തിയിരുന്നു.

റോഹിന്‍ഗ്യര്‍ക്ക് വേണ്ടി സംസാരിക്കുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് അംബാസഡര്‍ ഓഫ് കോണ്‍ഷ്യന്‍സ്(മനസ്സാക്ഷിയുടെ അംബാസഡര്‍) എന്ന അംഗീകാരം പിന്‍വലിക്കാനുള്ള കാരണങ്ങളിലൊന്നെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ജനറല്‍ സെക്രട്ടറി കുമി നായ്ഡൂ എഴുതിയ കത്തില്‍ പറയുന്നു.

2016 ഏപ്രിലിലാണ് മ്യാന്‍മര്‍ സിവിലിയന്‍ സര്‍ക്കാരിന്റെ നേതാവായി സൂച്ചി മാറിയത്. സര്‍ക്കാരിന് സൈന്യത്തിന്റെ മേല്‍ നിയന്ത്രണമില്ലെങ്കിലും സൂച്ചിയും അവരുടെ ഓഫിസും മനുഷ്യാവകാശ ലംഘന ആരോപണങ്ങള്‍ നിഷേധിക്കുകയോ നിസാരവല്‍ക്കരിക്കുകയോ ചെയ്ത് സുരക്ഷാ സേനയെ ന്യായീകരിക്കുകയും സംരക്ഷിക്കുകയുമായിരുന്നു. അതിക്രമങ്ങള്‍ അന്വേഷിക്കുന്നതില്‍ നിന്ന് സൂച്ചിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അന്താരാഷ്ട്ര സംഘടനകളെ തടയുകയും ചെയ്തു. നിരവധി മനുഷ്യാവകാശ ലംഘനങ്ങളില്‍ അവരുടെ ഭരണ കൂടം സജീവമായി പങ്കെടുത്തതായും ആംനസ്റ്റി ചൂണ്ടിക്കാട്ടി.

റാഖൈനില്‍ റോഹിന്‍ഗ്യര്‍ക്കെതിരേ സൈന്യവും തീവ്ര ബുദ്ധമതക്കാരും നടത്തിയ ക്രൂരമായ അതിക്രമങ്ങള്‍ക്കെതിരേ പ്രതികരിക്കുന്നതില്‍ സൂച്ചിയും അവരുടെ സര്‍ക്കാരും പരാജയപ്പെട്ടതായി ആംനസ്റ്റി പല തവണ ചൂണ്ടിക്കാട്ടിയിരുന്നു. ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും സ്ത്രീകളും പെണ്‍കുട്ടികളും ബലാല്‍സംഗത്തിനിരയാവുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് ഏഴ് ലക്ഷത്തോളം റോഹിന്‍ഗ്യര്‍ വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്തിരുന്നു.

ഇതിനു പുറമേ കച്ചിന്‍, ഷാന്‍ സ്റ്റേറ്റുകളില്‍ വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടന്ന സൈനിക അതിക്രമങ്ങള്‍ തടയുന്നതിലും സൂച്ചി ഭരണകൂടം പരാജയപ്പെട്ടതായി ആംനസ്റ്റി ചൂണ്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss