|    Sep 19 Wed, 2018 12:58 pm
FLASH NEWS
Home   >  News now   >  

ഒരു കള്ളക്കഥ കൂടി പൊളിഞ്ഞു; ‘ദേശീയപതാക കീറിയ പക്കാ മുസല്‍മാന്‍’-വീഡിയോയുടെ സത്യാവസ്ഥ പുറത്തുവിട്ട് ആള്‍ട് ന്യൂസ്

Published : 24th August 2018 | Posted By: G.A.G

ന്യൂഡല്‍ഹി : സാമുദായിക സ്പര്‍ധ വളര്‍ത്തുന്നതിന് വേണ്ടി സംഘപരിവാരപ്രവര്‍ത്തകര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഒരു കള്ളക്കഥ കൂടി പൊളിഞ്ഞു. ഒരു കൗമാരക്കാരന്‍ ഇന്ത്യയുടെ ദേശീയപതാക കീറിയശേഷം പക്കാ മുസല്‍മാന്‍ എന്നു പറയുന്ന വീഡിയോ ദൃശ്യത്തിന്റെ സത്യാവസ്ഥ ആള്‍ട് ന്യൂസ് വെബ്‌സൈറ്റ് പുറത്തുവിട്ടു. അനു മിശ്ര ബിജെപി എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ ആയിരക്കണക്കിന് പേര്‍ ലൈക്ക് ചെയ്യുകയും നിരവധി പേര്‍ റീട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ദേശീയ പതാക കീറിയെറിഞ്ഞ് ഈ കുട്ടി പ്രഖ്യാപിക്കുന്നത് നോക്കൂ യഥാര്‍ഥ മുസ്ലീമാണെന്ന്; എവിടെ നിന്നാണ് ഇത്തരമൊരു സമീപനമുണ്ടാകുന്നത് എന്ന ചോദ്യത്തോടെയാണ് ദൃശ്യം പോസ്റ്റ് ചെയ്യപ്പെട്ടത്.
തൊട്ടുപിന്നാലെ ഈ വീഡിയോയുടെ മറ്റൊരു പതിപ്പു കൂടി പോസ്റ്റ് ചെയ്യപ്പെട്ടു. പോകര്‍ഹാഷ് എന്ന ഹാന്‍ഡിലില്‍ നിന്നുള്ള ഈ പോസ്റ്റും സത്യാവസ്ഥയറിയാതെ പലരും ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തു. കൂറേ ആളുകള്‍ ചേര്‍ന്ന് കുട്ടിയെ മര്‍ദിച്ച് മാപ്പു പറയിക്കുന്നത് രണ്ടാമത്തെ വീഡിയോയിലുണ്ട്. സുദര്‍ശന്‍ ന്യൂസ് സിഎംഡിയും എഡിറ്റര്‍ ഇന്‍ ചീഫുമായ സുരേഷ് ചവാങ്കെ പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോയിലുള്ളത് ആള്‍ക്കൂട്ടം കുട്ടിയെ മര്‍ദിച്ച ശേഷം പക്കാ ഹിന്ദു എന്ന് പറയിപ്പിക്കുന്നതാണ്. ലക്ഷക്കണക്കിന് ആളുകളാണ് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം മൂന്ന് വീഡിയോകളും കണ്ടത്. ദൈനിക് ഭാരത് എന്ന വെബ്‌സൈറ്റ് സംഭവത്തെക്കുറിച്ച്് ലേഖനവും പ്രസിദ്ധീകരിച്ചു.
എന്നാല്‍ ഗുജറാത്തിലെ സൂറത്തില്‍ നടന്നതാണ് സംഭവമെന്നും വീഡിയോയില്‍ കാണുന്ന രണ്ടു കുട്ടികളും ഹിന്ദുസമുദായത്തില്‍പ്പെട്ടവരാണെന്നും ആള്‍ട്ട് ന്യൂസ് വെളിപ്പെടുത്തി. ഗുജറാത്തിലെ അംറോളി പോലിസ് സ്‌റ്റേഷനിലെ എസ് ഐ ജി എ പട്ടേലിനെ ഉദ്ധരിച്ചാണ് ആള്‍ട്ട് ന്യൂസ് ഇക്കാര്യം പറയുന്നത്. തമാശക്ക് വേണ്ടിയാണ് കുട്ടികള്‍ ഇത്തരത്തില്‍ ഒരു രംഗം ചിത്രീകരിച്ചതെന്നും അവര്‍ അതിന് മാപ്പു പറഞ്ഞതായും പട്ടേല്‍ വ്യക്തമാക്കിയെന്ന് ആള്‍ട്ട് ന്യൂസ് റിപോര്‍ട്ടിലുണ്ട്. ഇത്തരത്തില്‍ വിഭാഗീയത പടര്‍ത്തുന്ന തമാശകളില്‍ കൗമാരക്കാര്‍ ഏര്‍പ്പെടുന്നത്് ഇന്ത്യന്‍ സമൂഹത്തിലെ വര്‍ഗീയ ധ്രുവീകരണത്തിന്റെ പ്രതിഫലനമാണെന്നും ആള്‍ട് ന്യൂസ് ചൂണ്ടിക്കാട്ടുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss