|    Nov 16 Fri, 2018 12:55 pm
FLASH NEWS
Home   >  National   >  

തിരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് നിയന്ത്രണം വേണമെന്ന് ബിജെപി ഒഴിച്ചുള്ള മുഴുവന്‍ പാര്‍ട്ടികളും

Published : 28th August 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: രാഷ്ട്രീയ കക്ഷികള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെലവഴിക്കുന്ന തുകയ്ക്ക് പരിധി വയ്ക്കണമെന്ന് ബിജെപി ഒഴിച്ചുള്ള മുഴുവന്‍ പാര്‍ട്ടികളും ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമേ, തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ തുല്യനീതി ലഭ്യമാവുകയുള്ളുവെന്ന് പാര്‍ട്ടികള്‍ അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച്ച നടത്തിയ സര്‍വകക്ഷി യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത് ഈ വിഷയമാണെന്നാണ് സൂചന.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ തിരഞ്ഞെടുപ്പ് ചെലവുകള്‍ പുറത്തുവിടണമെന്നും എന്നാല്‍, അതിന് പരിധി വയ്ക്കാന്‍ പാടില്ലെന്നും ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് അഭിപ്രായപ്പെട്ടു. അദ്ദേഹത്തോടൊപ്പം കേന്ദ്ര മന്ത്രി ജെ പി നദ്ദയും ഭരണകക്ഷിയെ പ്രതിനീധികരിച്ച് യോഗത്തില്‍ പങ്കെടുത്തു.

കോണ്‍ഗ്രസിനെ പ്രതിനീധികരിച്ച് മുകുള്‍ വാസ്്‌നിക്, മുഹമ്മദ് ഖാന്‍ എന്നിവര്‍ സര്‍വക്ഷി യോഗത്തില്‍ സംബന്ധിച്ചു. ചെലവ് പരിധിവയ്ക്കുക എന്ന ആശയത്തെ തങ്ങള്‍ പിന്തുണയ്ക്കുന്നതായി വാസ്‌നിക് പറഞ്ഞു. എന്നാല്‍, ഇത് എങ്ങിനെ സാധ്യമാകുമെന്നതിന് വ്യക്തമായ രൂപമുണ്ടാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണത്തിന് അനുസരിച്ച് പാര്‍ട്ടികള്‍ക്ക് പരമാവധി ചെലവാക്കാവുന്ന തുക നിശ്ചയിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ബിജെപി ഒഴിച്ച് എല്ലാ പാര്‍ട്ടികളും ചെലവ് പരിധി വയ്ക്കണമെന്ന കാര്യത്തില്‍ യോജിച്ചുവെന്ന് ജനതാദള്‍ സെക്യുലര്‍ നേതാവ് ഡാനിഷ് അലി പറഞ്ഞു. ഈ വിഷയത്തില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് ചെലവിന് പരിധി വയ്ക്കണമെന്ന് നിരവധി പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതായി ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഒ പി റാവത്ത് പറഞ്ഞു. നിയമപരമായി ചെയ്യാനാവുന്നതാണെങ്കില്‍ കമ്മീഷന്‍ ഈ വിഷയത്തില്‍ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss