|    Dec 17 Mon, 2018 6:52 am
FLASH NEWS
Home   >  Kerala   >  

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐ.റ്റി.യു.സി. ജില്ലാ സമ്മേളന റിപ്പോര്‍ട്ട്

Published : 11th November 2018 | Posted By: G.A.G

കായംകുളം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐ.റ്റി.യു.സി ആലപ്പുഴ ജില്ലാ സമ്മേളന റിപ്പോര്‍ട്ട്. കായംകുളത്തു നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
എല്‍.ഡി.എഫ് വരും എല്ലാം ശരിയാകുമെന്ന മുദ്രാവാക്യവുമായി അധികാരത്തിലേറിയ സര്‍ക്കാരില്‍ തൊഴിലാളികള്‍ക്ക് വലിയ പ്രതീക്ഷയായിരുന്നുവെന്നും എന്നാല്‍ സര്‍ക്കാരിന്റെ നടപടികള്‍ പ്രഖ്യാപനങ്ങളില്‍ മാത്രമായി ഒതുങ്ങുകയാണെന്ന്് റിപോര്‍ട്ട് കുറ്റപ്പെടുത്തി.
ആലപ്പുഴ വ്യവസായങ്ങളുടെ ശവപറമ്പായി മാറുകയാണ്. ആധുനിക പരമ്പരാഗത, അസംഘടിതവ്യവസായങ്ങള്‍ ഇന്ന് പ്രതിസന്ധിയിലാണ്. ജില്ലയിലെ വ്യവസായശാലകള്‍ പൂട്ടപ്പെടുകയോ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയോ ആണ്. ആധുനിക വ്യാവസായ ശാലകള്‍ അടച്ചു പൂട്ടുവാന്‍ വെമ്പല്‍ കൊള്ളുകയും അവിടങ്ങളിലെ എ.ഐ.റ്റി.യു.സിക്കാരെ തെരെഞ്ഞു പിടിച്ച് ദ്രോഹിക്കുകയും ചെയ്യുന്ന സി. ഐ .ടി .യു വിന്റെ ലക്ഷ്യം പകല്‍പ്പോലെ വ്യക്തമാണ്. മലബാര്‍ സിമന്റ്, മാക്ഡവല്‍, എക്‌സല്‍ ഗ്ലാസ് എന്നിവ അടച്ചു പൂട്ടി. മദ്യ വ്യവസായ രംഗം തഴച്ചു വളരുമ്പോഴാണ് വാരനാട്ടെ മാക്ഡവല്‍ അടച്ചു പൂട്ടിയത്. കോമളപുരം സ്പിന്നിംഗ് മില്‍ തൊഴിലാളികള്‍ക്ക് 371 രൂപ കൂലി നല്‍കുമ്പോള്‍ മറ്റുളളിടത്ത് 670 രൂപ കൂലിനല്‍കുന്നു. ടെക്സ്റ്റയില്‍ വകുപ്പും വ്യവസായ ധനവകുപ്പുകളും ഈ കാര്യത്തില്‍ അപഹാസ്യമായ ഒളിച്ചുകളിയാണ് നടത്തുന്നത്. ഓട്ടോകാസ്റ്റ് പരിതാപകരമായ അവസ്ഥയിലാണ്. ആരോഗ്യ മേഖല തഴച്ചു വളരുമ്പോഴും കെ.എസ്.ഡി.പി മരണശയ്യയിലാണ്. കെ.എസ്.ഡി.പി യില്‍ എ.ഐ.ടി.യു.സി തൊഴിലാളികളെ സി.ഐ.റ്റി.യു.ക്കാരും മാനേജുമെന്റും ഭീഷണിപ്പെടുത്തുകയും തൊഴില്‍ നിഷേധിക്കുകയും ചെയ്യുന്നു. കെ.എസ്.ആര്‍.ടി.സിയില്‍ മാനേജ്‌മെന്റ് തൊഴിലാളി വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്. കോര്‍പ്പറേഷന്റെ നഷ്ടം നികത്താന്‍ തൊഴിലാളികളെ പിരിച്ചുവിടുകയും അടിമവേല ചെയ്യിക്കുകയുമാണ്. ലാഭനഷ്ടകണക്കിന്റെ പേരില്‍ സ്വകാര്യ ലോബിക്കു സ്ഥാപനം കൈമാറാനുള്ള ശ്രമമാണ് നടക്കുന്നത്. വൈദ്യുതി മേഖലയില്‍ ഭരണപക്ഷ യൂണിയന്‍ കാഴ്ചക്കാര്‍ മാത്രമാണ്. സ്വകാര്യവല്‍ക്കരണവും കരാര്‍ സമ്പ്രദായവും വളരുകയാണ്. പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുവാന്‍ ക്രിയാത്മകമായ നടപടികള്‍ എല്‍.ഡി.എഫ്.സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ചെറുകിട കയര്‍ മേഖല തകരുന്നു.കുത്തകകളുടെ കടന്നുകയറ്റം കശുവണ്ടി മേഖലയെ തകര്‍ക്കുന്നു. കടലിന്റെ മക്കള്‍ക്കു കടലില്‍ രക്ഷയില്ല. കടല്‍, കായല്‍ കയ്യേറ്റങ്ങള്‍ തൊഴിലാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. ക്ഷേമനിധിയില്‍ വ്യാജ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നു. തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് യഥാസമയം വേതനം ലഭിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss