|    Dec 19 Wed, 2018 1:28 pm
FLASH NEWS
Home   >  Kerala   >  

പ്രോഗ്രാം എക്‌സിക്യുട്ടീവിനെ മര്‍ദിച്ച സംഭവം: ആകാശവാണിയില്‍ രണ്ടുപേര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 14th November 2018 | Posted By: basheer pamburuthi

തൃശൂര്‍: തൃശൂര്‍ ആകാശവാണിയിലെ പ്രോഗ്രാം എക്‌സിക്യുട്ടീവ് നാരായണന്‍ നമ്പൂതിരിയെ മര്‍ദിച്ച സംഭവത്തില്‍ തൃശൂര്‍ നിലയത്തിലെ അനൗണ്‍സര്‍ വൈ എസ് പൗര്‍ണമി, ദേവീകുളം നിലയത്തിലെ പ്രോഗ്രാം എക്‌സിക്യുട്ടീവ് വി ഉദയകുമാര്‍ എന്നിവരെ ആകാശവാണി ഡയറക്ടര്‍ ജനറല്‍ സസ്‌പെന്റ് ചെയ്തു. നാരായണന്‍ നമ്പൂതിരിയെ ക്വാര്‍ട്ടേഴ്‌സില്‍ കയറി മര്‍ദിച്ചതിനാണ് ഉദയകുമാറിനെ സസ്‌പെന്റ് ചെയ്തത്. മേലുദ്യോഗസ്ഥനെതിരേ സഭ്യമല്ലാത്ത ഭാഷ പ്രയോഗിച്ചതിനും നാരായണന്‍ നമ്പൂതിരിയെ മര്‍ദ്ദിക്കാന്‍ പ്രേരണ ചെലുത്തിയതിനുമാണ് പൗര്‍ണമിക്കെതിരേ നടപടി. ഇരുവരോടും ആകാശവാണി ഡയറക്ടര്‍ ജനറലുടെ അനുമതിയില്ലാതെ സ്ഥലം വിട്ടുപോവരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ആഗസ്ത് 27നാണു നാരായണന്‍ നമ്പൂതിരിക്ക് മര്‍ദനമേറ്റത്. തൃശൂര്‍ നിലയത്തിലെ അധികാരികള്‍ അനൗണ്‍സറായ പൗര്‍ണമിയുടെ മുറി മാറ്റിയതാണ് മര്‍ദനത്തിനു പ്രേരകമായത്. കോയമ്പത്തൂര്‍ ആകാശവാണിയിലെ പ്രോഗ്രാം മേധാവി കെ ചിത്രലേഖ നേരത്തേ തൃശൂര്‍ നിലയത്തിലെത്തി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അവര്‍ സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആകാശവാണി ഡയറക്ടര്‍ ജനറല്‍ എഫ് ഷെഹരിയാര്‍ സ്വയം ഒപ്പിട്ട് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്. നാരായണന്‍ നമ്പൂതിരിയെ മര്‍ദിച്ച കേസില്‍ വിയ്യൂര്‍ പോലിസ് ഉദയകുമാറിനെ നേരത്തേ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. താന്‍ ആകാശവാണി ക്വാര്‍ട്ടേഴ്‌സില്‍ പട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ചെന്നപ്പോള്‍ നാരായണന്‍ നമ്പൂതിരി തന്നെ മര്‍ദിച്ചെന്ന് ഉദയകുമാര്‍ പോലിസ് ഐജിക്കു പരാതി നല്‍കിയിരുന്നു. തന്നെ മര്‍ദ്ദിച്ച സംഭവത്തിന് പൗര്‍ണമി സാക്ഷിയാണെന്നും ഉദയകുമാര്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഈ പരാതി പോലിസ് റഫര്‍ ചെയ്ത് ഒഴിവാക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss