|    Nov 19 Mon, 2018 8:32 am
FLASH NEWS
Home   >  National   >  

രണ്ടുപേര്‍ ആത്മഹത്യ ചെയ്തു; ബംഗാളില്‍ ഭീതി പരത്തി മോമോ ഗെയിം

Published : 26th August 2018 | Posted By: mtp rafeek

കൊല്‍ക്കത്ത: കൊലയാളി ഗെയിം എന്ന് കുപ്രസിദ്ധി നേടിയ മോമോ ചാലഞ്ച് പശ്ചിമ ബംഗാളില്‍ ഭീതി പരത്തുന്നു. മോമോ ചാലഞ്ചില്‍ നിന്ന് ഇന്‍വിറ്റേഷന്‍ ലഭിച്ച രണ്ടു പേര്‍ ഉത്തര ബംഗാളില്‍ ആത്മഹത്യ ചെയ്തതായ റിപോര്‍ട്ടുകള്‍ പുറത്തുവന്നതോടെ അധികൃതര്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി.

ജില്ലകളിലെ പോലിസ് സ്‌റ്റേഷനുകള്‍ക്ക് ഭരണകൂടം ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. കുട്ടികളിലെ സ്വഭാവ വ്യതിയാനങ്ങള്‍ ശ്രദ്ധിക്കണമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഇത് ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. ബ്ലൂ വെയിലിന് ശേഷം ഇപ്പോള്‍ മോമോ ചാലഞ്ച് എന്ന കൊലയാളി ഗെയിം രംഗം കീഴടക്കുകയാണ്. ഈ ഗെയിമിന്റെ ലിങ്കുകള്‍ പ്രധാനമായും വാട്ട്‌സാപ്പ് വഴിയാണ് പ്രചരിക്കുന്നതെന്നും ജില്ലാ ഭരണാധികാരികള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മദര്‍ ബേര്‍ഡ് ബൈ ലിങ്ക് ഫാക്ടറി എന്ന പേരില്‍ അറിയപ്പെടുന്ന വികൃത മുഖത്തോട് കൂടിയ ഒരു പെണ്‍കുട്ടിയുടെ ചിത്രം സഹിതമാണ് മോമോ ചാലഞ്ച് വാട്ട്‌സാപ്പ് വഴി എത്തുന്നത്.

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങിലുള്ള മനീഷ് സര്‍കി(18) ആഗസ്ത് 20നാണ് ആത്മഹത്യ ചെയ്തത്. തൊട്ടടുത്ത ദിവസം 26 വയസുള്ള അതിഥി ഗോയലും ആത്മഹത്യ ചെയ്തു. ഓണ്‍ലൈന്‍ കില്ലര്‍ ഗെയിമാണ് ഇരുവരെയും ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലിസ് സംശയിക്കുന്നു.

അജ്ഞാത നമ്പറുകളില്‍ നിന്ന് ഗെയിം കളിക്കാനുള്ള ലിങ്കുകള്‍ ലഭിച്ചതായി നിരവധി പേര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിഷാദത്തിന് അടിമപ്പെട്ടവരെയോ ചെറിയ തോതില്‍ ആത്മഹത്യാ പ്രവണതയുള്ളവരെയോ ആണ് ഗെയിം ലക്ഷ്യമിടുന്നതെന്ന് പ്രാഥമിക അന്വേഷങ്ങള്‍ തെളിയിക്കുന്നു. ജയ്പായ്ഗുരി, കുര്‍സിയോങ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പരാതികളും ലഭിച്ചിട്ടുള്ളത്.

ഗെയിം നടത്തുന്ന അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ കളിക്കുന്നവരുടെ സോഷ്യല്‍ മീഡിയ നമ്പറുകള്‍ ഹാക്ക് ചെയ്ത് ബ്ലാക്ക് മെയില്‍ ചെയ്യുകയാണ് ചെയ്യുന്നതെന്ന് സൈബര്‍ വിദഗ്ധനായ സന്ദീപ് സെന്‍ഗുപ്ത പറഞ്ഞു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലെ സ്റ്റാറ്റസുകള്‍ വീക്ഷിച്ച് ആത്മഹത്യാ പ്രവണത കാണിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് ഇന്‍വിറ്റേഷന്‍ അയക്കുന്നതാണ് ഇവരുടെ രീതി.

അജ്ഞാത നമ്പറുകളില്‍ നിന്ന് ഗെയിം കളിക്കാനുള്ള ഇന്‍വിറ്റേഷന്‍ സ്വീകരിക്കരുതെന്നും അജ്ഞാതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ഇമെയില്‍ അക്കൗണ്ടുകളുടെയും മറ്റ് സോഷ്യല്‍ മീഡിയ സൈറ്റുകളുടെയും പാസ്‌വേര്‍ഡുകള്‍ ഇടയ്ക്കിടെ മാറ്റുന്നത് ഹാക്കിങില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കും.

കില്ലര്‍ ഗെയിം കളിക്കാനുള്ള ഇന്‍വിറ്റേഷന്‍ ലഭിച്ചാല്‍ ഉടന്‍ പോലിസിനെ അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss