|    Nov 13 Tue, 2018 7:55 am
FLASH NEWS
Home   >  National   >  

ഭീമ കൊരേഗാവ് സംഘര്‍ഷം: രാജ്യവ്യാപക റെയ്ഡില്‍ നിരവധി സാമൂഹികപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

Published : 28th August 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: ഈ വര്‍ഷം ജനുവരിയില്‍ മഹാരാഷ്ട്രയിലെ ഭീമ കൊരേഗാവില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പുനെ പോലിസ് നടത്തിയ റെയ്ഡില്‍ നിരവധി സാമൂഹികപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഡല്‍ഹി, ഹരിയാന, മുംബൈ, റാഞ്ചി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ സാമൂഹിക പ്രവര്‍ത്തകരുടെയും ബുദ്ധിജീവികളുടെയും വീടുകളില്‍ പുനെ പോലിസ് നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. സാമൂഹിക പ്രവര്‍ത്തകനായ സുധാഭരദ്വാജിനെ ഫരീദാബാദില്‍ നിന്നും കവി വരവര റാവുവിനെ ഹൈദരാബാദില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. സാമൂഹിക പ്രവര്‍ത്തകരായ അരുണ്‍ ഫെറെര, വെനോണ്‍ ഗോണ്‍സാല്‍വസ് എന്നിവരും കസ്റ്റഡിയിലുണ്ട്.

ലാപ്‌ടോപ്പുകള്‍, പെന്‍ഡ്രൈവുകള്‍, മറ്റു രേഖകള്‍ എന്നിവ ഇവരുടെ വീടുകളില്‍ നിന്ന് പോലിസ് പിടിച്ചെടുത്തു. 1818ലെ ഭീമ കൊരേഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 31ന് നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് ജൂണില്‍ അറസ്റ്റ് ചെയ്ത അഞ്ചുപേരില്‍ നിന്ന് ലഭിച്ച കത്തില്‍ റാവുവിന്റെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നുവെന്നാണ് പോലിസ് പറയുന്നത്.

ജൂണില്‍ അറസ്റ്റ് ചെയ്യപ്പെട്ട അഞ്ചുപേര്‍ക്കും മാവോവാദി ബന്ധമുണ്ടെന്നും അവരുടെ പ്രകോപനപരമായ പ്രസംഗമാണ് ഭീമ കൊരേഗാവില്‍ സംഘര്‍ഷത്തിനിടയാക്കിയതെന്നും സംഭവത്തിന് ശേഷം പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു.

കഴിഞ്ഞ ജൂണില്‍ ദലിത് ആക്ടിവിസ്റ്റ് സുധീര്‍ ധാവ്്‌ലെയെ മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അതേ സമയം, സാമൂഹിക പ്രവര്‍ത്തരായ മഹേഷ് റാവുത്ത്, ഷോമ സെന്‍, അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്്‌ലിങ് എന്നിവരെ നാഗ്പൂരില്‍ നിന്നാണ് പിടികൂടിയത്. ഒരേ സമയം നടന്ന റെയ്ഡില്‍ സാമൂഹിക പ്രവര്‍ത്തകനായ റോണ വില്‍സണ്‍ ഡല്‍ഹിയിലെ മുനീര്‍ക്കയിലുള്ള ഫഌറ്റിലാണ് അറസ്റ്റിലായത്.

ഉന്നത ജാതിക്കാരായ മറാത്ത പേശ്വകള്‍ക്കെതിരേ വിജയം നേടിയ ഭീമ കൊരേഗാവ് യുദ്ധത്തിന്റെ വാര്‍ഷിക വേളയില്‍ മഹാരാഷ്ട്രയിലെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ദലിതുകള്‍ ഡിസംബര്‍ 31നും ജനുവരി 1നും പൂനെയില്‍ സംഘടിച്ചിരുന്നു. എന്നാല്‍, ഇതിനേ എതിര്‍ത്ത് കൊണ്ട് സംഘപരിവാര സംഘടനകള്‍ രംഗത്തെത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss