Flash News

ശബരിമല സ്ത്രീ പ്രവേശം: സുപ്രീംകോടതി വിധി നവോത്ഥാനത്തിലേക്കുള്ള നാഴികക്കല്ലാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍

ശബരിമല സ്ത്രീ പ്രവേശം: സുപ്രീംകോടതി വിധി നവോത്ഥാനത്തിലേക്കുള്ള നാഴികക്കല്ലാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍
X



തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീ പ്രവേശം അനുവദിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നമ്മുടെ നവോത്ഥാനവഴികളിലൊരു നാഴികക്കല്ലാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. വിശ്വാസത്തിന്റെയും ആരാധനയുടേയും മണ്ഡലങ്ങളില്‍ നിലനില്‍ക്കുന്ന അനീതികള്‍ക്കും ലിംഗവിവേചനത്തിനുമെതിരായ മനുഷ്യസമൂഹത്തിന്റെ കുതിപ്പുകള്‍ക്ക് ഗതിവേഗം പകരുന്നതാണ് ഈ നിര്‍ണ്ണായക വിധി. അതിനെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്നതിന് പകരം, കാലുഷ്യങ്ങള്‍ക്കും വര്‍ഗീയ ധ്രുവീകരണത്തിനും അതുവഴി വോട്ടുസമാഹരണത്തിനും സാധ്യതയാക്കി മാറ്റുന്ന കുടിലതകളാണ് തെരുവില്‍ അരങ്ങേറുന്നത്. വിശ്വാസം എന്ന മായികതയില്‍ പെട്ട് വീട്ടമ്മമാരായ ഒട്ടനവധി സ്ത്രീകളും ഇതിന്റെ ഭാഗമാവുകയാണ്.

പലവിധ സാമൂഹ്യാധികാര സന്ദര്‍ഭങ്ങളില്‍ രൂപപ്പെട്ട മാനവികവിരുദ്ധതകളെ കാലാനുസൃതം തിരുത്തിയും നവീകരിച്ചുമാണ് മനുഷ്യസമൂഹം മുന്നേറിയത്. അടിമയുടമകാലത്ത് അടിമകള്‍ക്കും ജാത്യാധികാരകാലത്ത് അവര്‍ണനും ഭൂവുടമവ്യവസ്ഥക്കാലത്ത് കുടിയാനും പ്രാഥമിക മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടിരുന്നുവെന്നത് ചരിത്രമാണ്. ഇതിനെല്ലാം അതത് കാലത്ത് നിയമങ്ങളുടേയും ആചാരങ്ങളുടേയും പിന്‍ബലവുമുണ്ടായിരുന്നു. അടിച്ചമര്‍ത്തപ്പെട്ട മനുഷ്യര്‍ ഒറ്റയ്ക്കും സംഘം ചേര്‍ന്നും നടത്തിയ ചെറുത്തുനില്‍പ്പും പോരാട്ടങ്ങളുമാണ്ദുഷിച്ച അധികാരവ്യവസ്ഥകളുടെ കടയറുത്തത്. സ്ത്രീകളുടെ കാര്യം അവിടെ നില്ക്കട്ടെ, വിശ്വാസികളിലെ മഹാഭൂരിപക്ഷം വരുന്ന അവര്ണ്ണരായ ആണുങ്ങളെ തന്നെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദം വരെ ഈ കേരളത്തില്‍ പോലും അമ്പലത്തില്‍ കയറ്റാതെ തടഞ്ഞതും ആചാരവിശ്വാസങ്ങളുടെ പേരിലായിരുന്നെന്ന കാര്യം നമുക്ക് മറക്കാനാവുമോ?! കേളപ്പജിയും കൃഷ്ണപ്പിള്ളയും എ.കെ.ജീ യുമെല്ലാം നേതൃത്വം നല്‍കിയ ക്ഷേത്രപ്രവേശന സമരങ്ങളുടെ കരുത്തിലാണ് ബഹുഭൂരിപക്ഷം ക്ഷേത്രമുറ്റം ചവിട്ടിയതെന്ന് നാം ഓര്‍ക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ആണധികാര പൗരോഹിത്വം പെണ്ണിന് നിഷേധിച്ച മൗലിക മനുഷ്യാവകാശങ്ങള് ഈ ജനാധിപത്യകാലം അവള്ക്ക് തിരിച്ചുനല്കുക തന്നെ വേണം. ജനാധിപത്യകാലത്തിന്റെ ഗംഭീരമായ ആ തിരുത്തലാണ് സുപ്രീം കോടതി സുപ്രധാനവിധിയിലൂടെ നിര്വ്വഹിച്ചിരിക്കുന്നത്. നീതിയുടേയും ജനാധിപത്യത്തിന്റെയും വികാസവഴികള്ക്ക് വിഘാതം നില്ക്കുന്ന രാഷ്ട്രീയ കക്ഷികള് തീര്ച്ചയായും ചരിത്രത്തിന്റെ നിഷ്‌കരുണമായ വിചാരണ നേരിടേണ്ടി വരിക തന്നെ ചെയ്യും. വിശ്വാസികളിലെ അമ്പത്ശതമാനത്തെ അമ്പലത്തിന് പുറത്താക്കാന് ആചാരയുദ്ധം നയിക്കാനിറങ്ങിയ ബിജെപിയാണ് ഹൈന്ദവവിശ്വാസത്തിന്റെ മൊത്തക്കുത്തക അവകാശവാദികളെന്നത് അപഹാസ്യമാണ്. ജനാധിപത്യത്തിന്റെയും മാനവികതയുടേയും വികസിതമൂല്യസങ്കല്പ്പങ്ങള് ജനങ്ങളെ പരിചയപ്പെടുത്താനും പഠിപ്പിക്കാനും ബാധ്യതപ്പെട്ട ആധുനിക ജനാധിപത്യ പ്രസ്ഥാനങ്ങള് നീതിവിധിക്കെതിരെ യുദ്ധം നയിക്കാനിറങ്ങിയത് നമ്മുടെ ജനാധിപത്യത്തിന്റെ ദുര്വിധി തന്നെയാണ്.

സുപ്രീംകോടതി വിധിയെ മുന്നിര്‍ത്തി അപായകരമായ സാമുദായിക ധ്രുവീകരണവും രണ്ടാം വിമോചനസമരവും ഉന്നമിടുന്ന സവര്‍ണ, വലതുപക്ഷ, വര്‍ഗീയ അജണ്ടകള്‍ക്ക് മുന്നില്‍ നവോത്ഥാനകേരളത്തിന് കീഴടങ്ങാനാവില്ല.
നിര്‍ണായകമായ ഈ ചരിത്രസന്ധിയില്‍ വിട്ടുവീഴ്ച്ചയില്ലാത്ത നവോത്ഥാന നിലപാട് സ്വീകരിക്കാന് നമുക്കോരോരുത്തര്ക്കും ഉത്തരവാദിത്തമുണ്ട്. കേരളത്തെ തോല്പ്പിക്കാനുള്ള ആക്രോശങ്ങളാണ് ആചാരസംരക്ഷണസമരത്തിന്റെ മറവില് തെരുവില് മുഴങ്ങുന്നതെന്ന് തിരിച്ചറിഞ്ഞുകൊണ്ട് പ്രതിരോധത്തിന് മുഴുവന് ജനാധിപത്യവിശ്വാസികളും രംഗത്തിറങ്ങണമെന്ന് ഞങ്ങള് അഭ്യര്‍ഥിക്കുന്നു.

സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍

എം ജി എസ് നാരായണന്‍,
സച്ചിദാനന്ദന്‍,
ബി.രാജീവന്‍,
സാറാജോസഫ്,
എം .എന്‍.കാരശ്ശേരി.
സുനില്‍.പി. ഇളയിടം,
എന്‍ പ്രഭാകരന്‍,
എം എം സോമശേഖരന്‍,
കെ അജിത,
കല്‍പ്പറ്റ നാരായണന്‍,
എസ് ഹരീഷ്,
വെങ്കിടേഷ് രാമകൃഷ്ണന്‍,
ഇ.പി.രാജഗോപാലന്‍
ടി.ഡി.രാമകൃഷ്ണന്‍,
പി പവിത്രന്‍,
,പി ഗീത,
വി വിജയകുമാര്‍,
കുരീപ്പുഴ ശ്രീകുമാര്‍,
പ്രമോദ് രാമന്‍,
പി എഫ് മാത്യൂസ്
ഖദീജ മുംതാസ്,
വി ആര്‍ സുധീഷ്,
സുസ്‌മേഷ് ചന്ദ്രോത്ത്
ആസാദ്,
വീരാന്‍ കുട്ടി
കെ സി ഉമേഷ് ബാബു,
രാഘവന്‍ പയ്യനാട്,
എന്‍ പി ഹാഫീസ് മുഹമ്മദ്,
എ. കെ അബ്ദുള്‍ഹക്കീം
ബിജോയ് ചന്ദ്രന്‍,
പി ജെ ബേബി,
സനല്‍കുമാര്‍ ശശിധരന്‍,
മനോജ് കാന,
ഗിരിജ പതേക്കര,
സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്,
കെ എം ഭരതന്‍,
സി അശോകന്‍,
കെ എസ് ഹരിഹരന്‍,
അജയന്‍ പി ഏ ജി,
എന്‍ വി ബാലകൃഷ്ണന്‍,
കെ എന്‍ അജോയ് കുമാര്‍.
Next Story

RELATED STORIES

Share it