|    Dec 12 Wed, 2018 6:13 pm
FLASH NEWS
Home   >  Districts  >  Kannur  >  

കണ്ണൂര്‍ കാഞ്ഞിരോട് ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് രണ്ടുമരണം

Published : 20th November 2018 | Posted By: basheer pamburuthi

കണ്ണൂര്‍: കാഞ്ഞിരോട് ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് ഓട്ടോ യാത്രികരായ രണ്ടുപേര്‍ മരിച്ചു. ഇരിട്ടിക്കടുത്ത് വള്ള്യാട് ചെറുവോട് തൃലജ നിവാസില്‍ കെ ബാലകൃഷ്ണ്‍(49), ഭാര്യാമാതാവും ചെറുവോട് എടക്കാടന്‍ രവീന്ദ്രന്റെ ഭാര്യയുമായ ലക്ഷ്മി(59) എന്നിവരാണ് മരണപ്പെട്ടത്. സഹയാത്രികരായ ബാലകൃഷ്ണന്റെ ഭാര്യ തൃലജ(34)യെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലും മകള്‍ അഭിന(12)യെ മംഗലാപുരം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നു വൈകീട്ട് 3 നാണു അപകടം. അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കാന്‍ സ്വന്തം ഓട്ടോയില്‍ കണ്ണൂരിലേക്കു പോവുകയായിരുന്നു ബാലകൃഷ്ണനും കുടുംബവും. ബാലകൃഷ്ണനാണു ഓട്ടോ ഓടിച്ചിരുന്നത്. ഇവര്‍ സഞ്ചരിച്ച ഓട്ടോയില്‍ കാഞ്ഞിരോട് കെഎസ്ഇബി സബ് സ്‌റ്റേഷനു സമീപം കണ്ണൂരില്‍ നിന്നു ഇരിട്ടി ഭാഗത്തേക്കു വരികയായിരുന്ന ഭഗവതി ബസ് ഇടിക്കുകയായിരുന്നു. ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ബസ്സിലുണ്ടായിരുന്ന യാത്രക്കാരും പോലിസും വാഹനം വെട്ടിപ്പൊളിച്ചാണ് ഓട്ടോയിലുള്ളവരെ ആശുപത്രിയിലെത്തിച്ചത്. ഗുരുതര പരിക്കേറ്റ ലക്ഷ്മി കണ്ണൂര്‍ എകെജി ആശുപത്രിയിലുമ ബാലകൃഷ്ണന്‍ പരിയാരം മെഡിക്കല്‍ കോളജ്
ആശുപത്രിയിലുമാണ് മരണപ്പെട്ടത്. കീഴൂര്‍കുന്നില്‍ സീനാ നിവാസില്‍ പരേതനായ കൂനന്‍ പൈതലിന്റെയും ലക്ഷ്മിയുടെയും മകനാണ് മരണപ്പെട്ട ബാലകൃഷ്ണന്‍. ചാവശ്ശേരി കള്ളുഷാപ്പ് തൊഴിലാളിയാണ്. സിപിഎം കീഴൂര്‍കുന്ന് ബ്രാഞ്ച് മുന്‍ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇരിട്ടി നഗരസഭ അഞ്ചാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ഇരിട്ടി സഹകരണ കാന്റീന്‍ ഭരണ സമിതിയംഗമായംഗമാണ്. ഇരിട്ടി പ്ലാന്റേഷന്‍ വെല്‍ഫേര്‍ സൊസൈറ്റി കലക്ഷന്‍ ഏജന്റാണ് പരിക്കേറ്റ ഭാര്യ തൃലജ. മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനു വച്ച ശേഷം സംസ്‌കരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss