Flash News

സ്വച്ഛ് ഭാരതത്തിനായി പ്രചാരണം : പ്രതിനിധികള്‍ക്ക് ടോയ്‌ലറ്റ് പ്രാകൃതരീതിയില്‍



തിരുവനന്തപുരം: എബിവിപി അഖിലേന്ത്യ മഹാറാലിയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ ഇതരസംസ്ഥാന പ്രതിനിധികള്‍ക്ക് സംഘാടകര്‍ ഒരുക്കിയത് പ്രാകൃത രീതിയിലുള്ള ഓപണ്‍ ടോയ്‌ലറ്റെന്ന് ആക്ഷേപം. കരമനയാറിനോട് ചേര്‍ന്നു വെള്ളനാട്ടെ ജനവാസ മേഖലയിലാണ് ഓപണ്‍ മൊബൈല്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്.

തിരുവനന്തപുരം നഗരത്തിലേക്കു ജലം വിതരണം ചെയ്യുന്ന അരുവിക്കര പമ്പിങ് സ്റ്റേഷനു സമീപത്താണിത്. ഓപണ്‍ ടോയ്‌ലറ്റ് സംവിധാനമൊരുക്കിയത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും ആശങ്കയുണ്ട്.  സ്വച്ഛ് ഭാരതത്തിനായി ബിജെപിയും കേന്ദ്രസര്‍ക്കാരും പ്രചാരണം ശക്തമാക്കുമ്പോഴാണ് വിദ്യാര്‍ഥി ഘടകത്തിന്റെ നടപടി. പ്രതിനിധികള്‍ക്ക്  നഗരത്തില്‍   താമസത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി സംവിധാനമുള്ളപ്പോഴാണ് ഓപണ്‍ ടോയ്‌ലറ്റ് സ്ഥാപിച്ചത്. അതിനിടെ, ടിവി ഷോയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ഭിന്നലിംഗക്കാരെ എബിവിപി പ്രവര്‍ത്തകര്‍ അപമാനിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. വാഹനത്തില്‍ വന്ന ഇവര്‍ക്കുനേരെ യാതൊരു പ്രകോപനവുമില്ലാതെ മോശമായ ഭാഷയില്‍ അധിഷേപിച്ചെന്നാണ് ആരോപണം. ഇന്നലെ എംഎല്‍എ ഹോസ്റ്റലിനു സമീപമായിരുന്നു സംഭവം. റാലിയില്‍ പങ്കെടുക്കാനെത്തിയ ഇതരസംസ്ഥാന പ്രതിനിധികള്‍ ടിക്കറ്റെടുക്കാതെ ട്രെയിനില്‍ യാത്ര ചെയ്തതു വലിയ വിവാദമായിരുന്നു. ഇതിനു പിറകെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരെ സ്വാഗതം ചെയ്തു തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ അനൗണ്‍സ്‌മെന്റ് ചെയ്ത റെയില്‍വേയുടെ നടപടിയും വിവാദമായി. ട്രെയിന്‍ അറിയിപ്പുകള്‍ക്കൊപ്പമാണ് വിവിധ ഭാഷകളില്‍ പ്രവര്‍ത്തകരെ സ്വാഗതം ചെയ്തത്. ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് അനൗണ്‍സ്‌മെന്റ് ചെയ്തതെന്നാണ് ജീവനക്കാരുടെ ഭാഷ്യം.
Next Story

RELATED STORIES

Share it