|    Oct 20 Sat, 2018 5:20 am
FLASH NEWS
Home   >  National   >  

ആധാറിനെ അനുകൂലിച്ച് സുപ്രിം കോടതി- Live Update

Published : 26th September 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: ആധാര്‍ കൃത്രിമങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നുവെന്നും ആധാറിന്റെ സുരക്ഷ തൃപ്തികരമാണെന്നും സുപ്രിം കോടതി.  അവശ്യസേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജികളില്‍ വിധി പറയവേ ജസ്റ്റിസ് എ കെ സിക്രിയാണ് ഈ പരാമര്‍ശം നടത്തിയത്. ആധാര്‍ പാര്‍ശ്വവല്‍കൃത സമൂഹങ്ങളെ ശാക്തീകരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ പദ്ധതികളെയും ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ അടക്കമുള്ള സേവനങ്ങളെയും ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള 29 ഹരജികളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.

ഈ വര്‍ഷം മെയ് 10നാണ് കേസിലെ വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കിയത്. ജനുവരി 17 മുതല്‍ 38 ദിവസങ്ങളിലായി വാദംകേട്ടശേഷമാണ് ഹരജികള്‍ വിധിപറയാന്‍ മാറ്റിയത്. ഭരണഘടനാ പ്രകാരമുള്ള സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നതാണ് ആധാര്‍ നിര്‍ബന്ധിതമാക്കിക്കൊണ്ടുള്ള തീരുമാനമെന്ന് ഹരജികളില്‍ പറയുന്നു. പ്രതിപക്ഷ എതിര്‍പ്പുകള്‍ ഒഴിവാക്കാന്‍ പാര്‍ലമെന്റില്‍ മണി ബില്ലായാണ് ആധാര്‍ നിയമം അവതരിപ്പിച്ചതെന്നും ഹരജികളില്‍ ചൂണ്ടിക്കാട്ടുന്നു. ആധാറിന്റെ സുരക്ഷ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് സുപ്രിംകോടതി കേസില്‍ ഇന്നു വിധിപറയുന്നത്. രാജ്യത്തെ ആധാര്‍ വിവരശേഖരം ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി ഈ മാസം 11ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എ കെ സിക്രി, എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിലെ അംഗങ്ങള്‍. സുപ്രിംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം വാദം നടന്ന രണ്ടാമത്തെ കേസാണ് ആധാറിന്റേത്.

Live Update:

ആധാര്‍ മണിബില്ലാക്കരുതായിരുന്നുവെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ്: രാജ്യസഭയില്‍ ചര്‍ച്ച ചെയ്യാതെയാണ് പാര്‍ലമെന്റ് ആധാര്‍ നിയമം പാസാക്കിയതെന്നതാണ് പ്രധാന എതിര്‍പ്പിനിടയാക്കിയത്. നിയമം മണി ബില്ലായി അവതരിപ്പിച്ചതായിരുന്നു ഇതിന് കാരണം. ഇക്കാര്യത്തില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് ജസ്റ്റിസ് സിക്രിയോട് വിയോജിച്ചു. ആധാര്‍ നിയമം മണി ബില്ലായി അവതരിപ്പിക്കരുതായിരുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു.

ആധാര്‍ ആക്ട് പ്രകാരം വ്യക്തികള്‍ക്കും കേസ് ഫയല്‍ ചെയ്യാം: ആധാര്‍ ആക്ട് പ്രകാരം വ്യക്തികള്‍ക്ക് കേസ് ഫയല്‍ ചെയ്യാന്‍ സാധിക്കില്ലെന്ന വകുപ്പ് സുപ്രിം കോടതി എടുത്ത് കളഞ്ഞു. നേരത്തേ യുഐഡിഎഐക്കും അതിന്റെ ഉദ്യോഗസ്ഥര്‍ക്കും മാത്രമേ കേസ് ഫയല്‍ ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളു. ഇനി മുതല്‍ വ്യക്തികള്‍ക്കും കേസ് ഫയല്‍ ചെയ്യാം.

ബാങ്ക് എക്കൗണ്ടിനും മൊബൈല്‍ ഫോണിനും ആധാര്‍ വേണ്ട: ബാങ്കുകളും ഫോണ്‍ കമ്പനികളും ആധാര്‍ ലിങ്ക് ചെയ്യാന്‍ നിര്‍ബന്ധിക്കരുത്‌. എന്നാല്‍ പാന്‍ കാര്‍ഡിന് ആധാര്‍ വേണം.

സാങ്കേതിക വിദ്യ സ്വാതന്ത്ര്യത്തിന്റെ ഭാവിയുമായി ഏറ്റുമുട്ടുന്നു. ഡിജിറ്റല്‍ രാജ്യം വ്യക്തികളുടെ ഐഡന്റിറ്റിയെ മുക്കിക്കളയരുത്- ജസ്റ്റിസ് ചന്ദ്രചൂഡ്‌

അനുബന്ധ വിവരങ്ങള്‍ നിലവിലെ രൂപത്തില്‍ സൂക്ഷിക്കരുത്: ഒരു വ്യക്തിയുടെ വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിടണമെങ്കില്‍ വ്യക്തിക്ക് തന്റെ നിലപാട് അറിയിക്കാനുള്ള അവസരം നല്‍കണം

സ്‌കൂള്‍ അഡ്മിഷന് ആധാര്‍ വേണ്ട: സ്‌കൂള്‍ അഡ്്മിഷന് ആധാര്‍ നിര്‍ബന്ധമാക്കരുത്‌. ആധാറിന്റെ പേരില്‍ കുട്ടികള്‍ക്കുള്ള ഒരു ആനുകൂല്യവും നിഷേധിക്കപ്പെടരുത്‌. സിബിഎസ്ഇ, നീറ്റ്, യുജിസി നെറ്റ് പരീക്ഷകള്‍ക്ക് ആധാര്‍ വേണ്ട

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാറിലെ വിവരങ്ങള്‍ ആവശ്യപ്പെടാനാവില്ല: സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് ആധാര്‍ വിവരങ്ങള്‍ തേടാമെന്ന ആധാര്‍ ആക്ടിലെ 54ാം വകുപ്പ് സുപ്രിം കോടതി റദ്ദാക്കിയതായി ജസ്റ്റിസ് സിക്രി

ആധാര്‍ ആക്ടിലെ സെക്്ഷന്‍ 33(2) ഒഴിവാക്കണം: ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ആധാര്‍ വിവരങ്ങള്‍ വെളിപ്പെടുത്താമെന്നുള്ള 33(2) വകുപ്പും 57ാം വകുപ്പും റദ്ദാക്കണം. വ്യക്തികളുടെ ഓതന്റിക്കേഷന്‍ വിവരങ്ങള്‍ ആറ് മാസത്തിലധികം സൂക്ഷിക്കരുത്. നിലവില്‍ ഇത് അഞ്ച് വര്‍ഷമാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss