|    Oct 17 Wed, 2018 5:02 pm
FLASH NEWS
Home   >  Dont Miss   >  

മോദിയെയും അമിത്ഷായെയും കുറിച്ച് മാധ്യമങ്ങള്‍ എന്ത് പറയുന്നു; നിരീക്ഷിക്കുന്നത് 200 അംഗ സംഘം

Published : 10th August 2018 | Posted By: mtp rafeek

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായേയും കുറിച്ച് മാധ്യമങ്ങള്‍ ഏത് രീതിയിലാണ് റിപോര്‍ട്ട് ചെയ്യുന്നുവെന്ന് പരിശോധിക്കാനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് 200 അംഗ സംഘത്തെ. ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തിന് വലതുവശത്തായുള്ള സൂചനാ ഭവന്റെ പത്താനം നിലയിലാണ് ടെലിവിഷന്‍ ചാനലുകളെ 200 അംഗ സംഘം 24 മണിക്കൂറും നിരീക്ഷിച്ച് കൊണ്ടിരിക്കുന്നത്.

ഏതൊക്കെ ചാനലുകളാണ് മോദിയേയും അമിത് ഷായേയും കുറിച്ച് പരിപാടികള്‍ ചെയ്യുന്നത്, അത് ഏത് തരത്തിലുള്ളതാണ്, എത്രദൈര്‍ഘ്യമുള്ളവയാണ് എന്നതു സംബന്ധിച്ച് ദിനംപ്രതി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയെന്നതാണ് ഇവരുടെ പ്രധാന ചുമതല.

നിരീക്ഷകരില്‍ നിന്ന് ചിലതൊക്കെ ചോരുന്നുവെന്ന് മനസിലാക്കിയ മേലധികാരികള്‍ ഈയിടെ ഓഫിസില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ സെല്‍ഫോണുകള്‍ പുറത്തുവച്ച് മാത്രമേ ജീവനക്കാര്‍ക്ക് അകത്തേക്കു കടക്കാനാവൂ. മാസ്റ്റര്‍ സ്‌ട്രോക്ക് എന്ന പ്രൈം ടൈം പ്രോഗ്രാം നിരീക്ഷിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പ്രോഗാം എഡിറ്റര്‍ അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഈ നിയന്ത്രണം.

ആറുമാസത്തെ കരാര്‍ വ്യവസ്ഥയിലാണ് ഈ സംഘത്തിലേക്ക് ആളുകളെ എടുക്കുന്നത്. സ്ഥിരം ജോലിയും ശമ്പള വര്‍ധനയും ആവശ്യപ്പെട്ടതിന് തുടര്‍ന്ന് ഇതില്‍ നിന്ന്പതിനഞ്ചോളം പേരെ ഒഴിവാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

വാര്‍ത്താ ചാനലുകളെ ട്രാക്ക് ചെയ്യുകയെന്നതാണ് ഈ സംഘത്തിന്റെ പ്രധാന ലക്ഷ്യം. എന്തൊക്കെയാണ് കാണിക്കുന്നത്, ചര്‍ച്ച ചെയ്യുന്നത്, ആ ചര്‍ച്ചകളില്‍ ആരൊക്കെയാണ് പങ്കെടുക്കുന്നത്, അവര്‍ എന്തൊക്കെ പറയുന്നു, ആരുടെ വാക്കുകളാണ് അനുകൂലം, ആരുടേതാണ് അല്ലാത്തത് എന്നതെല്ലാം പരിശോധനാ വിധേയമാക്കും. വിഷയം സര്‍ക്കാര്‍ പോളിസിയെക്കുറിച്ചുള്ളതാണെങ്കില്‍ അക്കാര്യം പ്രത്യേകം പരാമര്‍ശിക്കും. ഓരോ സെക്കന്റും രേഖപ്പെടുത്തപ്പെടും.

പിന്നീട് ഏതൊക്കെ മാധ്യമപ്രവര്‍ത്തകരുടെ പരിപാടികളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടതെന്ന പട്ടികയുണ്ടാക്കും. സര്‍ക്കാരിനോടുള്ള ചായ്‌വ് എത്രത്തോളമുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ ചാനലുകളെ തരംതിരിച്ചിട്ടുണ്ട്. സര്‍ക്കാറിനെ അങ്ങേയറ്റം പുകഴ്ത്തുന്ന ചാനലുകളെ ‘റിലയബിള്‍’ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുക. മോദിയുടെ മുഖം കാണിക്കാന്‍ പിശുക്കു കാണിക്കുന്ന ചാനലുകളെ മധ്യമ വിഭാഗത്തിലാണ് പെടുത്തുക. ഈ ചാനലുകളുമായി നിരീക്ഷണ സംഘത്തിലൊരാള്‍ ബന്ധപ്പെടും. തമാശ രൂപേണ മോദിയുടെ മുഖം സ്‌ക്രീനില്‍ കൂടുതല്‍ തവണ കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും.

കഴിഞ്ഞയാഴ്ച യുപിയിലെ നോയിഡ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചനലിന് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. പഴയ ചില ബന്ധങ്ങള്‍ പറഞ്ഞുകൊണ്ടാണ് വിളിച്ചയാള്‍ പരിചയപ്പെടുത്തിയത്. പിന്നീട് സ്ഥാപനത്തിന്റെ എഡിറ്ററുമായി സംഭാഷണം തുടര്‍ന്നു.

തമാശ രൂപേണ പറഞ്ഞതിങ്ങനെ: ‘നിങ്ങളുടെ ചാനല്‍ അദ്ദേഹത്തെ സ്‌ക്രീനില്‍ അധികം കാണിക്കുന്നില്ല’

എഡിറ്റര്‍ ചോദിച്ചു: ‘ആരെയാണ് കാണിക്കാത്തത്’

മോണിറ്ററുടെ മറുപടി: ‘അയ്യോ, പ്രധാനമന്ത്രിയെ തന്നെ അല്ലാതെ ആരെ.’

എഡിറ്റര്‍: ‘നിങ്ങളെന്താണ് പറയുന്നത്? ഞങ്ങള്‍ സ്‌ക്രീനില്‍ അദ്ദേഹത്തെ നന്നായി കാണിക്കുന്നുണ്ടല്ലോ.’

മോണിറ്റര്‍: ‘അതുകൊണ്ട് നിങ്ങള്‍ക്ക് ഗുണമുണ്ടാകും. ഞങ്ങളാണ് ചാനലുകളെ മോണിറ്റര്‍ ചെയ്യുന്നത്. നിങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. നിങ്ങളുടെ ചാനല്‍ മധ്യനിരയില്‍ വരുന്നതാണ്.’

എഡിറ്റര്‍: ‘ ഞങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ തവണ കാണിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്’

മോണിറ്റര്‍: ‘നിങ്ങളെക്കൊണ്ട് കഴിയുന്നത് ചെയ്യൂ.’

എഡിറ്റര്‍: ‘ഇതൊരു നിര്‍ദേശമോ അതോ ഭീഷണിയോ?’

സൗഹൃദസംഭാഷണം ഏശിയില്ലെങ്കില്‍ പിന്നീട് രാജ്യസ്‌നേഹത്തില്‍ ചാലിച്ചുള്ള ഭീഷണി സ്വരം വരും. അതിങ്ങിനെയാവും: ‘ ഞാന്‍ പറയാം, നിങ്ങള്‍ക്ക് ഈ വിഷയത്തിന്റെ പ്രാധാന്യം മനസിലായില്ലെന്നു തോന്നുന്നു. നിങ്ങളാണ് എഡിറ്റര്‍. നിങ്ങളാണ് തീരുമാനിക്കേണ്ടത്. പക്ഷേ രാജ്യത്തെ സംബന്ധിച്ച് പ്രധാനം എന്താണെന്നെങ്കിലും തിരിച്ചറിയുക. നിങ്ങള്‍ രാജ്യ താല്‍പര്യത്തെ മാനിക്കുന്നില്ല. കാലം മാറിക്കൊണ്ടിരിക്കുകയാണെന്ന് നിങ്ങള്‍ തിരിച്ചറിയണം. പഴയ രീതിയിലുള്ള ചിന്തയുടെ കാലമൊക്കെ കഴിഞ്ഞു.’

പിന്നീട് ഇങ്ങനെ ഉപസംഹരിക്കും: ‘നിങ്ങള്‍ ബുദ്ധിയുള്ളയാളാണ്. നിങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാവും. ഞങ്ങളോട് നല്ല രീതിയില്‍ നിന്നില്ലെങ്കില്‍ നിങ്ങളുടെ ഒരു പരിപാടിയ്ക്കും ഞങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല.’

ഇതു കഴിഞ്ഞാല്‍ പിന്നെ ചാനല്‍ മുതലാളിമാരെ നേരിട്ട് ബന്ധപ്പെട്ടുള്ള ഇടപെടലാവും നടക്കുക. സര്‍ക്കാരിനെ പിണക്കാന്‍ ഇഷ്ടമില്ലാത്ത ഭൂരിഭാഗം മുതലാളിമാരും അതോടെ വഴങ്ങുകയും ചെയ്യും.

2008ല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കുന്ന കാലത്താണ് മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനുള്ള ഈ സംവിധാനം ആരംഭിച്ചത്. എന്നാല്‍, അന്ന്് ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് തയ്യാറാക്കിയ ഭാരത് നിര്‍മാണ്‍ യോജനയെക്കുറിച്ച് ചാനലുകള്‍ എങ്ങിനെ റിപോര്‍ട്ട് ചെയ്യുന്നു, ഭീകരവാദത്തെക്കുറിച്ചുള്ള ചാനലുകളുടെ റിപോര്‍ട്ടിങ് ഏത് രീതിയിലാണ് എന്നിവ നിരീക്ഷിക്കുന്നതിനാണ് പ്രധാനമായും ഈ സംവിധാനം ഉപയോഗിച്ചിരുന്നത്.

2009ല്‍ അംബിക സോണി ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രിയായിരുന്ന സമയത്ത് വൈകാരിക വിഷയങ്ങള്‍ മാധ്യമങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്യുന്നത് എന്നത് ഈ സംവിധാനം വഴി നിരീക്ഷിച്ചിരുന്നു. എന്നാല്‍, മന്‍മോഹന്‍ സിങോ അംബികാ സോണിയോ ഒരിക്കലും സ്വന്തം പ്രതിഛായ ഉയര്‍ത്തിക്കാട്ടുന്നതിന് ഇത് ദുരുപയോഗം ചെയ്തിരുന്നില്ല.

2014 മുതല്‍ നിരീക്ഷണ സംവിധാനത്തില്‍ കാതലായ മാറ്റം വന്നു. 15-20 അംഗങ്ങളുണ്ടായിരുന്ന ടീമിന്റെ വലുപ്പം 200ഓളമായി ഉയര്‍ന്നു. സൂചനാ ഭവനില്‍ അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ സ്ഥാപിച്ചു. മറ്റു എല്ലാ വിഷയങ്ങളും ഒഴിവാക്കി മോദിയുടെ പ്രതിഛായ എന്നതില്‍ മാത്രമായി കഴിഞ്ഞ നാലു വര്‍ഷം ഇവരുടെ പ്രവര്‍ത്തനം ഒതുങ്ങിയതായി ദി വയര്‍ റിപോര്‍ട്ട് ചെയ്യുന്നു. മോദിയുടെ വിദേശ യാത്ര വേണ്ട രീതിയില്‍ കവര്‍ ചെയ്യാത്തതിന് ദൂദര്‍ശന് തന്നെയാണ് ആദ്യമായി പണികിട്ടിയത്. സംഭവത്തോട് കൂടി ദുരദര്‍ശനില്‍ അടിമുടി അഴിച്ചു പണി നടന്നു.

കഴിഞ്ഞ ആറ് മാസത്തിനിടെയാണ് അമിത് ഷായുടെ പ്രതിഛായ കൂടി നിരീക്ഷണ സംഘം അജണ്ടയില്‍ ഉള്‍പ്പെടുത്തിത്. നിരീക്ഷണ സംഘത്തിന്റെ റിപോര്‍ട്ടിന് പുറമേ വാര്‍ത്താ വിതരണ മന്ത്രാലയവും ഇരുവരെയും മാധ്യമങ്ങള്‍ എങ്ങിനെ കവര്‍ ചെയ്യുന്നു എന്നതിനെക്കുറിച്ച് പ്രത്യേക റിപോര്‍ട്ട് നല്‍കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss