kasaragod local

99 ബൂത്തുകളിലെ വോട്ടെടുപ്പ്; ഓണ്‍ലൈനായി നിരീക്ഷിക്കും

കാസര്‍കോട്: നിയമസഭാ പൊതു തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 99 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തും.
അക്ഷയ, എന്‍ഐസി, ജില്ലാ ഐടി സെല്‍, ബിഎസ്എന്‍എല്‍, കെല്‍ട്രോണ്‍, സംസ്ഥാന ഐടി മിഷന്‍ തുടങ്ങിയ ഏജന്‍സികളുടെ സഹായത്തോടെയാണ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. വോട്ടെടുപ്പ് ദിവസം പോളിങിന് തൊട്ടു മുമ്പ് മുതല്‍ അവസാന വോട്ടും പോള്‍ ചെയ്ത് പ്രസൈഡിങ് ഓഫിസര്‍ വോട്ടിങ് യന്ത്രത്തില്‍ സീല്‍ ചെയ്യുന്നത് വരെയുള്ള നടപടികള്‍ ഓണ്‍ലൈനായി നിരീക്ഷിക്കും.
വോട്ടെടുപ്പിന്റെ തൊട്ടുമുമ്പുള്ള രണ്ടുദിവസം വെബ്കാസ്റ്റിങിനായി തിരഞ്ഞെടുത്ത ബൂത്തുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനത്തിന്റെ കാര്യക്ഷമത പരിശോധിക്കും.
കലക്ടറേറ്റിലാണ് വെബ്കാസ്റ്റ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. സാങ്കേതിക സഹായത്തിനായി ഏഴു ടീമുകളെ നിയോഗിച്ചിട്ടുണ്ട്.
ഏതെങ്കിലും വിധത്തില്‍ തടസം നേരിട്ടാല്‍ ഈ ടീം ഉടന്‍ പ്രശ്‌ന പരിഹാരത്തിനായി അതത് കേന്ദ്രങ്ങളില്‍ എത്തും. വെബ്കാസ്റ്റിങിനായി നിയോഗിക്കുന്ന അക്ഷയ ഉദ്യോഗസ്ഥര്‍ക്ക് ഡിപിസി ഹാളില്‍ പരിശീലനം നല്‍കി.
പരിശീലന പരിപാടി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിങ് ഓഫിസര്‍ പി ഷാജി അധ്യക്ഷത വഹിച്ചു. കെല്‍ട്രോണ്‍ സോഫ്റ്റ് വെയര്‍ പരിശീലകരായ പ്രവീണ്‍ പ്രകാശ്, വിപിന്‍ ജി നായര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ വി എസ് അനില്‍, അക്ഷയ ബ്ലോക്ക് കോഓഡിനേറ്റര്‍ കെ പുഷ്പലത ക്ലാസ്സെടുത്തു.
അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ ശ്രീരാജ് പി നായര്‍, അസിസ്റ്റന്റ് പ്രൊജക്ട് കോഓഡിനേറ്റര്‍ ബി സന്തോഷ് കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it