99% ഓഹരി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവച്ച് ഫേസ്ബുക്ക് മേധാവി

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്കില്‍ തന്റെയും ഭാര്യയുടെയും പേരിലുള്ള ഓഹരികളില്‍ 99 ശതമാനവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കുന്നതായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ്. മകളുടെ ജനനവാര്‍ത്ത പുറത്തുവിട്ടതിനു പിന്നാലെയാണ് സുക്കര്‍ബര്‍ഗിന്റെ പ്രഖ്യാപനം.
ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞയാഴ്ച ജനിച്ച മകള്‍ മാക്‌സിനായി കുറിച്ച കത്തിലാണ് സുക്കര്‍ബര്‍ഗ് ഇക്കാര്യം അറിയിച്ചത്. ഏകദേശം 4500 കോടി ഡോളര്‍ വരുന്നതാണ് സുക്കര്‍ബര്‍ഗിന്റെയും ഭാര്യ പ്രിസ്‌കില്ല ചാനുവിന്റെയും ഫേസ്ബുക്കിലെ ഓഹരിമൂല്യം. വരുന്ന തലമുറയ്ക്ക് ജീവിക്കാന്‍ ലോകത്തെ കൂടുതല്‍ മനോഹരമായ ഒരിടമാക്കി മാറ്റണമെന്നാണ് ആഗ്രഹമെന്ന് സുക്കര്‍ബര്‍ഗ് കത്തില്‍ പറയുന്നു. 'നീ ഞങ്ങള്‍ക്ക് നല്‍കുന്ന പ്രതീക്ഷ എത്രത്തോളമെന്നു വിവരിക്കാന്‍ വാക്കുകളില്ലെന്ന' ആമുഖത്തോടെയാണ് സുക്കര്‍ബര്‍ഗ് കത്ത് തുടങ്ങുന്നത്. ഇനീഷ്യേറ്റീവ് എന്ന സന്നദ്ധ സംഘടനയ്ക്കാണ് ഓഹരികള്‍ നല്‍കുന്നത്. കുട്ടികള്‍ക്ക് ലോകത്ത് തുല്യത ഉറപ്പുവരുത്തുക, അവരുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുക, ആരോഗ്യസുരക്ഷ എന്നിവ ഉറപ്പുവരുത്തുകയാണ് സംഘടനയുടെ ലക്ഷ്യം.
മകളുടെ ജനനത്തോടനുബന്ധിച്ച് ഫേസ്ബുക്കില്‍ നിന്നു മൂന്നുമാസത്തെ അവധിയെടുത്തിരിക്കുകയാണ് സുക്കര്‍ബര്‍ഗ്. അതേസമയം, ഓഹരികള്‍ മുഴുവന്‍ ഉടന്‍ കൈമറില്ലെന്നാണ് കരുതുന്നത്.
മകള്‍ മാക്‌സിനോടും ഭാര്യയോടുമൊപ്പമുള്ള ഫോട്ടോയും സുക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ ജനന വാര്‍ത്ത ചൊവ്വാഴ്ചയാണ് പുറത്തുവിട്ടത്.
Next Story

RELATED STORIES

Share it